ദോഹ: പെനല്‍റ്റി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയോട് തോറ്റ് ബ്രസീല്‍ ലോകകപ്പില്‍നിന്ന് പുറത്തായി. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ ഗോളടിച്ച് ലീഡെടുത്ത ബ്രസീലിനെതിരെ, രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് ക്രൊയേഷ്യ. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ പകരക്കാരന്‍ താരം ബ്രൂണോ പെട്‌കോവിച്ചാണ് ക്രൊയേഷ്യയ്ക്കായി ഗോള്‍ മടക്കിയത്.
തുടര്‍ന്നാണ് പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കളി നീങ്ങിയത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്‌ലാസിച്ച്, ലോവ്‌റോ മയര്‍, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓര്‍സിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവര്‍ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാര്‍ക്വീഞ്ഞോസിന്‍റെ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചു. 5-3 വിജയവുമായ ക്രൊയേഷ്യ സെമിയിലേക്കും കടന്നു.
നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലും പ്രതിരോധിച്ച ക്രൊയേഷ്യയെ ഞെട്ടിച്ച് നെയ്മാറിലൂടെയാണ് ബ്രസീല്‍ ലീഡ് നേടിയത്. എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയുടെ ഇന്‍ജറി ടൈമിലാണ് നെയ്മാര്‍ ബ്രസീലിന് ലീഡ് സമ്മാനിച്ചത്. നിശ്ചിത സമയത്തിന്‍റെ അവസാന മിനിറ്റുകളിലും എക്‌സ്ട്രാ ടൈമിന്‍റെ ആദ്യപകുതിയിലും ക്രൊയേഷ്യന്‍ ബോക്‌സിനു മുന്നില്‍ ബ്രസീല്‍ ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ തുടര്‍ച്ചയായായിരുന്നു ഗോള്‍.
ഗോള്‍ ലീഡ് നേടിയിട്ടും ആക്രമിക്കാന്‍ മുന്നോട്ടു കയറിയ ബ്രസീലിനുള്ള ശിക്ഷയായിരുന്നു പെട്‌കോവിച്ചിന്‍റെ സമനില ഗോള്‍. ബ്രസീല്‍ താരങ്ങളുടെ നീക്കത്തിന്‍റെ മുനയൊടിച്ച് ബ്രസീല്‍ ബോക്‌സിലേക്ക് മിസ്‌ലാവ് ഓര്‍സിച്ചിന്റെ കുതിപ്പ്. മുന്നോട്ടുകയറി നില്‍ക്കുകയായിരുന്ന ബ്രസീല്‍ താരങ്ങള്‍ പ്രതിരോധിക്കാനായി ബോക്‌സിലേക്ക് പാഞ്ഞെടുത്തുമ്പോഴേയ്ക്കും ഇടതുവിങ്ങില്‍നിന്ന് ഓര്‍സിച്ച് പന്തു നേരെ ബോക്‌സിനുള്ളില്‍ പെട്‌കോവിച്ചിന് മറിച്ചു. പെട്‌കോവിച്ചിന്റെ ഇടംകാല്‍ ഷോട്ട് നേരെ വലയിലേക്ക്. സ്‌കോര്‍ 1-1.
പെനല്‍റ്റി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി അരര്‍ജന്റീയും സെമയില്‍ ടന്നു. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. അര്‍ജന്റീനയ്ക്കായി ക്യാപ്റ്റന്‍ ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പരേദസ്, ഗോണ്‍സാലോ മോണ്ടിയെല്‍, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവര്‍ ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു. അര്‍ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസിന്റെ കിക്ക് പുറത്തുപോയി.
നെതര്‍ലന്‍ഡ്‌സിനായി ക്യാപ്റ്റന്‍ വിര്‍ജിന്‍ വാന്‍ ദെയ്ക്, സ്റ്റീവന്‍ ബെര്‍ഗ്യൂസ് എന്നിവരെടുത്ത കിക്കുകള്‍ തടഞ്ഞിട്ട ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ ഹീറോ. നെതര്‍ലന്‍ഡ്‌സിനായി കൂപ്‌മെയ്‌നേഴ്‌സ്, വൗട്ട് വെഗ്‌ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവര്‍ എടുത്ത കിക്ക് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. സെമിഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും.
നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനില പാലിച്ചു. ഇന്‍ജറി ടൈമിന്റെ അവസാന മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്നാണ് നെതര്‍ലന്‍ഡ്‌സ് സമനില ഗോള്‍ നേടിയത്. നെതര്‍ലന്‍ഡ്‌സിനായി പകരക്കാരന്‍ താരം വൗട്ട് വെഗ്‌ഹോസ്റ്റ് ഇരട്ടഗോള്‍ നേടി.അര്‍ജന്റീനയ്ക്കായി നഹുവേല്‍ മൊളീന ലയണല്‍ മെസ്സിഎന്നിവരാണ് ഗോളടിച്ചത്
Discussion about this post