ദോഹ: ലോക കിരീടമെന്ന വരള്‍ച്ച അവസാനിപ്പിച്ച് ലോകത്തിന്‍റെ നെറുകയിലെത്താന്‍ രാജകുമാരന്‍… കഴിഞ്ഞവട്ടം കൈവിട്ടത് കൈപ്പിടിയിലൊതുക്കാനൊരു മാന്ത്രികന്‍… ലോകകപ്പ് ഫുട്‌ബോളിന്‍റെ ആദ്യ സെമിഫൈനലിന് ഇന്ന് അരങ്ങൊരുങ്ങുമ്പോള്‍ ലോകഫുട്‌ബോളിന്‍റെ നടുമുറ്റത്തേക്ക് കയറിയിരിക്കാന്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയും ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യയും മുഖാമുഖമെത്തും. ഇന്ത്യന്‍ സമയം രാത്രി 12.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
അര്‍ജന്റീന നെതര്‍ലന്‍ഡ്സിനെയും ക്രൊയേഷ്യ ബ്രസീലിനെയും ഷൂട്ടൗട്ടുകളില്‍ കീഴടക്കിയാണ് അവസാന നാലിലേക്ക് കുതിച്ചെത്തിയത്. 4-3-3 ശൈലിയിലാകും കോച്ച് അര്‍ജന്റീന ടീമിനെ മൈതാനത്ത് വിന്യസിക്കുക. മുന്നേറ്റത്തില്‍ മെസ്സിക്കൊപ്പം ജൂലിയന്‍ അല്‍വാരസ് ഇറങ്ങും. ഗോള്‍വലയ്ക്ക് മുന്നില്‍ എമിലിയാനോ മാര്‍ട്ടിനസ് ഉറപ്പ്. പ്രതിരോധത്തില്‍ മൊളിന, റൊമേരോ, ഒട്ടമെന്‍ഡി, ടാഗ്ലിയാഫികോ, മധ്യനിരിയില്‍ സൂപ്പര്‍ പ്ലേമേക്കര്‍ എയ്ഞ്ചല്‍ ഡി മരിയക്കൊപ്പം റോഡ്രിഗോ ഡി പോള്‍, മാക് അലിസ്റ്റര്‍ എന്നിവരുമെത്തും.
അഞ്ച് കളികളില്‍ നിന്ന് നാല് ഗോളടിച്ച് മികച്ച ഫോമിലുള്ള മെസ്സിയെ പിടിച്ചുകെട്ടുക എന്നതാണ് ക്രൊയേഷ്യന്‍ പ്രതിരോധത്തിന്‍റെ പ്രധാന വെല്ലുവിളി. ജൂലിയന്‍ അല്‍വാരസ് രണ്ട് ഗോളും അടിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് കളികളില്‍ നിന്ന് ഒമ്പത് ഗോടിച്ചു അഞ്ചെണ്ണം വഴങ്ങി. എതിരാളികളുടെ പ്രസ്സിങ്ങ് ഗെയിമില്‍ പ്രതിരോധം ആടിയുലയുന്നതാണ് അര്‍ജന്റീനയെ കുഴക്കുന്നത്. നെതര്‍ലന്‍ഡ്സിനെതിരായ ക്വാര്‍ട്ടറിലും അത് പ്രകടമായിരുന്നു.
അതേസമയം ക്രൊയേഷ്യയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ക്വാര്‍ട്ടറില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ പരാജയയപ്പെടുത്തി എത്തിയ അവര്‍ സ്വപ്നം കാണുന്നത് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍. കളിയുടെ അവസാന നിമിഷം വരെ വീറോടെ പൊരുതാനുള്ള കഴിവാണ് അവരെ വ്യത്യസ്തമാക്കുന്നത്. ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ അത് കണ്ടു. തുടര്‍ച്ചയായ രണ്ട് പെനാല്‍റ്റി ഷൂട്ടൗട്ടുകള്‍ ജയിച്ച് വരുന്ന ക്രോട്ടുകളുടെ ഏറ്റവും വലിയ കരുത്ത് ലൂക്കാ മോഡ്രിച്ച് എന്ന പ്ലേമേക്കറും ഡൊമിനിക് ലിവാകോവിച്ച് എന്ന ഗോള്‍കീപ്പറുമാണ്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളാണ് ലിവാകോവിച്ച്. കഴിഞ്ഞ രണ്ട് ഷൂട്ടൗട്ടിലും മിന്നുന്ന പ്രകടനം നടത്തിയ ലിവാകോവിച്ചാണ് ക്രോട്ടുകളെ സെമിയിലേക്ക് നയിച്ചത്.
ഇന്നും കളി ഷൂട്ടൗട്ടിലേക്ക് നീണ്ടാല്‍ അര്‍ജന്റീനയേക്കാള്‍ സാധ്യത ക്രൊയേഷ്യക്കു തന്നെയാകും. കഴിഞ്ഞ അഞ്ച് കളികളില്‍ നിന്ന് ആറ് ഗോളടിച്ച അവര്‍ വഴങ്ങിയത് മൂന്നെണ്ണം. കെട്ടുറപ്പുള്ള പ്രതിരോധം അവരുടെ കരുത്തുകുട്ടും. രണ്ട് ഗോളടിച്ച ക്രമാരിച്ചിനായിരിക്കും ഗോളടിക്കാനുള്ള ചുമതല. പെരിസിച്ചും പസാലിച്ചും മികച്ച താരങ്ങളുമാണ്.
Discussion about this post