ബെംഗളൂരു: സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ത്യ ചൊവ്വാഴ്ച കുവൈത്തിനെ നേരിടും. ഒമ്പതാം കിരീടം ലക്ഷ്യമിട്ടാണ് സുനില്‍ ഛേത്രിയും സംഘവും കളത്തിലിറങ്ങുക. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30-നാണ് മത്സരം. നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ 1-1ന് സമനിലയിലായിരുന്നു. സാഫ് കപ്പില്‍ ഇന്ത്യയ്ക്ക് ഇത് 13-ാം ഫൈനലാണ്.
ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനല്‍ പോരാട്ടത്തില്‍ ലെബനനെ കീഴടക്കിയാണ് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. ടൂര്‍ണമെന്റില്‍ ഇന്ത്യ നേടിയ ഏഴ് ഗോളുകളില്‍ അഞ്ചും ഛേത്രിയുടെ വകയായിരുന്നു. ഈ 38-കാരനില്‍ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. ഉദാന്ത സിങ്, മഹേഷ് സിങ്, സഹല്‍ എന്നിവരിലും ടീം പ്രതീക്ഷയര്‍പ്പിക്കുന്നു.
അതേസമയം സെമിയില്‍ സസ്‌പെന്‍ഷനിലായിരുന്ന സന്ദേശ് ജിംഗന്‍ തിരിച്ചെത്തുന്നത് പ്രതിരോധത്തിന്റെ കരുത്ത് വര്‍ധിപ്പിക്കും. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ മാത്രമാണ് ഇന്ത്യ വഴങ്ങിയത്. അതും അന്‍വര്‍ അലിയുടെ സെല്‍ഫ് ഗോളായിരുന്നു. സസ്‌പെന്‍ഷനിലുള്ള പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ഡഗ്ഔട്ടില്‍ ഉണ്ടാകില്ല.
ജൂണില്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യ കിരീടം നേടിയിരുന്നു. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ നൂറാം സ്ഥാനത്തും കുവൈത്ത് 141-ാം സ്ഥാനത്തുമാണ്.
Discussion about this post