ഹാങ്ചൊ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണക്കൊയ്‌ത്ത് തുടരുന്നു. വനിതാ ടീം അമ്പെയ്‌ത്ത് മത്സരത്തിൽ സ്വർണം കൊയ്തതോടെ ഇന്ത്യയുടെ സ്വർണ മെഡലുകളുടെ എണ്ണം 19 ആയി. ജ്യോതി സുരേഖ, അദിതി ഗോപിചന്ദ് സ്വാമി, പർണീത് കൗർ എന്നിവർ അടങ്ങുന്ന സംഘമാണ് അമ്പെയ്‌ത്തിൽ ഭാരതത്തിനായി സ്വർണം എയ്തിട്ടത്. അമ്പെയ്‌ത്തിൽ ഇതു രണ്ടാമത്തെ സ്വർണമാണ് ഇന്ത്യ സ്വന്തമാക്കുന്നത്.
കടുത്ത മത്സരത്തിൽ 230-229 സ്കോറിലാണ് ചൈനീസ് തായ്പെയ് ടീമിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ടിലും മൂന്നാം റൗണ്ടിലും പിന്നിൽ പോയ ശേഷമാണ് ഭാരതം തിരിച്ചുവന്നത്. സൗത്ത് കൊറിയയ്‌ക്കാണ് വെങ്കലം. 31 വെള്ളിയും 32 വെങ്കലവും അടക്കം 82 മെഡലുകളാണ് ഇതു വരെ ഭാരതം കൈക്കലാക്കിയിരിക്കുന്നത്. 100 മെഡലുകളാണ് ഇത്തവണ ഭാരതം ലക്ഷ്യമിടുന്നത്.
അമ്പെയ്‌ത്തിൽ മാത്രം അഞ്ചു മെഡലുകൾ സ്വന്തമാക്കുമെന്ന് ഉറപ്പായികഴിഞ്ഞു. രണ്ടു മെഡലുകൾ ഉറപ്പാക്കിക്കൊണ്ട് അഭിഷേക് വർമയും ഓജസും വ്യക്തിഗത മത്സരത്തിന്റെ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. വനിതകളുടെ വ്യക്തിഗത മത്സരത്തിന്റെ ഫൈനലിൽ പ്രവേശിച്ചതോടെ ജ്യോതി സുരേഖയും ഒരു മെഡൽ ഉറപ്പാക്കിയിട്ടുണ്ട്.
അതേസമയം ബാഡ്മിൻ്റൺ വനിതാ സിംഗിൾസ് ക്വാർട്ടറിൽ പി. വി സിന്ധു ചൈനയുടെ ബിൻ ജിയാവോയോട് തോറ്റ് പു റത്തായി. മാരത്തൺ ഫൈനലിൽ ഭാരതത്തിന്റെ മാൻ സിങ്ങിന് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.
Discussion about this post