പിയൂഷ് ജി
ചരിത്ര നേട്ടവുമായി ഭാരതം തിളങ്ങിയ ദിവസമാണ് കടന്നു പോയത്. ഏഷ്യൻ ഗെയിംസിൽ ആദ്യമായി നമ്മുടെ രാജ്യം നൂറു മെഡലുകൾ വാരിക്കൂട്ടിയിരിക്കുന്നു.
2014ൽ 11 സ്വർണ്ണവുമായി 57 മെഡലുകളായിരുന്നത് 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ16 സ്വർണ്ണമടക്കം 70 മെഡലുകളായി കുതിച്ചുയർന്നു. ‘അബ്കി ബാർ 100 പാർ’ എന്ന സ്ലോഗനുമായി കച്ച മുറുക്കിയിറങ്ങിയ ടീം ഇന്ത്യ രാജ്യത്തിന് നൽകിയ വാക്ക് പാലിച്ചു കൊണ്ട് ഇത്തവണ 25 സ്വർണ്ണമടക്കം നൂറു മെഡലുകൾ വാരിക്കൂട്ടുകയായിരിന്നു. അതിൽ തന്നെ 29 മെഡലുകളും പ്രസ്റ്റീജ് ഇനമായ അത്‌ലറ്റിക്‌സിൽ നിന്നാണെന്നത് ഭാരതത്തിന്റെ മാറുന്ന ആഭിമുഖ്യങ്ങളെ സൂചിപ്പിക്കുന്നുണ്ട്.
എതിരാളികളെ നിഷ്പ്രഭരാക്കിക്കൊണ്ട് ടീം ഇന്ത്യ ആറാടിയത് ഹോക്കിയിലായിരുന്നു. ആറ് മത്സരങ്ങളിൽ നിന്ന് നമ്മൾ അടിച്ചുകൂട്ടിയത് 66 ഗോളുകളായിരുന്നു. അതിൽ പാകിസ്താനെ തകർത്തു തരിപ്പണമാക്കിയ10-2 ന്റെ വിജയവുമുണ്ട്.
ചരിത്രം പരിശോധിച്ചാൽ സാമ്പത്തികമായി പുരോഗമിച്ചു നിൽക്കുന്ന രാജ്യങ്ങളാണ് കായിക രംഗത്തും ശോഭിച്ചു കണ്ടിട്ടുള്ളത്. ഇപ്പോൾ നമ്മൾ കൈവരിച്ച ഈ മുന്നേറ്റവും സാമ്പത്തികമായി കരുത്താർജ്ജിച്ചതിന്റെ ബെപ്രോഡക്റ്റാണ്. നൂറ്റമ്പത് കോടി ജനങ്ങളും ഏഴു ശതമാനത്തിലേറെ സാമ്പത്തിക വളർച്ചയുമുള്ള വൻ ശക്തിയാണ് ഇന്ത്യയെന്ന് റഷ്യൻ പ്രസിഡന്റ് പുട്ടിൻ അഭിപ്രായപ്പെട്ടതും ഇന്നലെത്തന്നെയായിരുന്നു.
അഴിമതി മുക്തമായ കായിക മന്ത്രാലയവും അതിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥവൃന്ദവുമാണ് ഈ നേട്ടത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ളത്. ഇവർ പുറത്തെടുത്ത തികഞ്ഞ പ്രൊഫഷണലിസവും രാഷ്ട്രീയ നേതൃത്വം പകർന്നേകിയ ആത്മവിശ്വാസവും നീരജ് ചോപ്രമാരെ പോലുള്ള അത്ഭുതങ്ങളെ വാർത്തെടുത്തു കൊണ്ടിരിക്കുകയാണ്. തൊടുത്തുവിട്ട ജാവലിൻ ലക്ഷ്യം കാണും മുന്നേ ആഘോഷം ആരംഭിച്ച ആ ആത്മവിശ്വാസമാണ് ഓരോ കായിക താരത്തിന്റെ മുഖത്തും ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നത്.
രാഷ്ട്രം നേടുന്ന വിജയം അതിലെ പൗരന്മാരുടേത് കൂടെയാണ്. കുട്ടിക്കാലം മുതൽ ഇന്ത്യയുടെ പരാജയങ്ങളിൽ നൊന്തിട്ടുള്ളവർക്ക് ഇനി വൈകാരിക സൗഖ്യത്തിന്റെ നാളുകളാണ്.
Discussion about this post