ലോകം ഉറ്റുനോക്കിയ ഒളിമ്പിക്‌സ് മാമാങ്കത്തിനായി പാരിസിന്റെ കവാടങ്ങൾ തുറന്നു. 16 കായിക രാപ്പകലുകൾക്കാണ് ഇനി ഫ്രാൻസിന്റെ പറുദീസ നഗരം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഒളിമ്പിക്‌സിന്റെ 33-ാം പതിപ്പിന് ഇന്നലെ പാരിസിൽ തുടക്കമായപ്പോൾ ടെഡി റൈനറും, മേരി ജോസ് പെരക്കും ചേർന്ന് ഒളിമ്പിക്‌സ് ദീപം തെളിയിച്ച് കായിക മാമാങ്കത്തിന് തുടക്കം കുറിച്ചു.
ടെഡി റൈനർ ഫ്രഞ്ച് ജൂഡോ താരമാണ്. ഒളിമ്പിക്‌സ് ജൂഡോയിൽ തുടർച്ചയായി മൂന്ന് തവണ സ്വർണം നേടിയിട്ടുണ്ട്. ഫ്രഞ്ച് അത്‌ലറ്റായ മേരി ജോസ് പെരക്ക് ഫ്രാൻസിനായി മൂന്ന് തവണ സ്വർണമണിഞ്ഞിട്ടുണ്ട്. സെറീന വില്യംസ്, റാഫേൽ നദാൽ, കാൾ ലൂയിസ്, നദിയ കൊമനേച്ചി, സിദാൻ തുടങ്ങിയ ഇതിഹാസ താരങ്ങളിലൂടെ കൈമാറിയെത്തിയ ദീപശിഖ ടെഡി റൈനറിന്റേയും മേരി ജോസെ പെരെക്കിന്റേയും കൈകളിൽ. ഇരുവരും ചേർന്നാണ് ഒളിമ്പിക് ദീപത്തിലേക്കായി തീ പകർന്നത്.
ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായാണ് രണ്ട് പേർ ചേർന്ന് ദീപം തെളിയിക്കുന്നത്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സമത്വമെന്ന ആശയമാണ് പാരിസ് ഒളിമ്പിക്‌സ് ഉയർത്തിക്കാണിക്കുന്നത്. നാല് മണിക്കൂർ നീണ്ട അവിസ്മരണീയമായ ഉദ്ഘാടന ചടങ്ങുകൾക്കാണ് പാരിസ് നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. ചരിത്രത്തിലാദ്യമായാണ് ഒളിമ്പിക്‌സ് വേദിക്ക് പുറത്ത് ഉദ്ഘാടനം നടത്തുന്നത്.
ഉദ്ഘാടന ചടങ്ങിനായി പതാകയുമായെത്തിയ ‘ ഹോഴ്‌സ് വുമനും’, മഴയെ അവഗണിച്ചും പാരിസിലേക്കെത്തിയ കായികപ്രേമികളെ ആവേശം കൊള്ളിച്ചു. സമാധാനവും ഐക്യദാർഢ്യവുമാണ് കുതിരപ്പട ആഹ്വാനം ചെയ്യുന്നത്. വേദിക്ക് പുറത്തും ഇതേ ആശയം അലയടിച്ചു. കായിക പ്രേമികൾക്കിടയിൽ മുഴങ്ങിയത് ‘ ഏക ലോകം’ എന്ന ആശയമായിരുന്നു. 16 കായിക രാപ്പകലുകൾക്കായി പാരിസ് നഗരം ഉണരുമ്പോൾ ഓരോ കായിക പ്രേമികളിലും ഒളിമ്പ്‌സ് ആവേശം അലതല്ലുകയാണ്..
Discussion about this post