ബുഡാപെസ്റ്റ്: ഹംഗറിയില്‍ നടക്കുന്ന 45ാം ചെസ് ഒളിമ്പ്യാഡില്‍ ഡബിള്‍ സ്വര്‍ണ്ണത്തോടെ ചരിത്ര വിജയം നേടി ഇന്ത്യ. പുരുഷവിഭാഗം സ്വര്‍ണ്ണം ഉറപ്പിച്ചതിന് പിന്നാലെ അവസാന റൗണ്ടില്‍ അസര്‍ബൈജാനെ തറപറ്റിച്ച് ഇന്ത്യന്‍ വനിതാ ടീമും സ്വര്‍ണ്ണം നേടുകയായിരുന്നു. കഴിഞ്ഞ 100 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ പുരുഷ-വനിത വിഭാഗങ്ങളില്‍ സ്വര്‍ണ്ണം നേടുന്നതെന്ന് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.
പത്താം റൗണ്ടില്‍ ചൈനയെ 2.5-1.5 പോയിന്‍റിന് തകര്‍ത്ത ഇന്ത്യന്‍ വനിതാ ടീം ഫൈനല്‍ റൗണ്ടില്‍ അസര്‍ബൈജാനെ 3.5-0.5 പോയിന്‍റുകള്‍ക്ക് തകര്‍ത്തതോടെ 19 പോയിന്‍റുകളോടെ സ്വര്‍ണ്ണം നേടുകയായിരുന്നു. ഹരിക ദ്രോണാവല്ലി, ദിവ്യ ദേശ് മുഖ്, വന്തിക എന്നിവര്‍ വിജയം നേടിയപ്പോള്‍ ആര്‍.വൈശാലി സമനില പാലിക്കുകയായിരുന്നു. ചെസ് ഒളിമ്പ്യാഡ് ചരിത്രത്തില്‍ ആദ്യമായാണ് വനിതാവിഭാഗത്തില്‍ ഇന്ത്യ സ്വര്‍ണ്ണം നേടുന്നത്.
ദിവ്യ ദേശ്മുഖിന് വ്യക്തിഗത സ്വര്‍ണ്ണം
മൂന്നാം ബോര്‍ഡില്‍ കളിച്ച ദിവ്യ ദേശ്മുഖ് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ചതിനാല്‍ വ്യക്തിഗത സ്വര്‍ണ്ണത്തിനും അര്‍ഹയായി.
നേരത്തെ സ്വര്‍ണ്ണം ഉറപ്പിച്ച പുരുഷവിഭാഗം അവസാനറൗണ്ട് വിജയത്തോടെ കൂടുതല്‍ തിളങ്ങി
ഒരു റൗണ്ട് കൂടി ബാക്കിനില്‍ക്കെ, പത്താം റൗണ്ടില്‍ ശക്തരായ യുഎസിനെ തകര്‍ത്ത് നേടിയ വിജയത്തിലൂടെ ഇന്ത്യ പുരുഷവിഭാഗത്തില്‍ നേരത്തെ സ്വര്‍ണ്ണം ഉറപ്പിച്ചിരുന്നു. എന്നാല്‍ അവസാന റൗണ്ടില്‍ സ്ലൊവേനിയയെക്കൂടി തകര്‍ത്തോടെ 21 പോയിന്‍റുകളോടെ പുരുഷ വിഭാഗം ആധികാരിക ജയം നേടി.
അവസാന റൗണ്ടില്‍ ഇന്ത്യയുടെ എതിരാളി സ്ലൊവാനിയയ്‌ക്കെതിരെ ഇന്ത്യയുടെ പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍ വിജയം നേടി. ഇതോടെ ഇന്ത്യയുടെ പുരുഷവിഭാഗത്തിന്റെ സ്വര്‍ണ്ണത്തിന് മാറ്റ് കൂടി.
ചെസ് ഒളിമ്പ്യാഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ പുരുഷവിഭാഗത്തില്‍ സ്വര്‍ണ്ണമണിയുന്നത്. നേരത്തെ പുരുഷവിഭാഗത്തില്‍ ഇന്ത്യ രണ്ട് തവണ വെങ്കലമെഡല്‍ നേടിയിട്ടുണ്ട്.
ഗുകേഷിന് ഒന്നാം ബോര്‍ഡില്‍ വ്യക്തിഗത സ്വര്‍ണ്ണം
ഒന്നാം ബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയതിന് ഗുകേഷ് വ്യക്തിഗത സ്വര്‍ണ്ണമെഡലിന് അര്‍ഹനായി. 11 കളികളില്‍ ഒരൊറ്റ കളിയും ഗുകേഷ് തോറ്റില്ല. ഉസ്ബെകിസ്ഥാന്റെ അപകടകാരിയ നോഡിര്‍ബെക് അബ്ദുസത്തൊറോവുമായി മാത്രമാണ് ഗുകേഷ് സമനില വഴങ്ങിയത്. ബാക്കിയുള്ള 10 കളികളും ജയിച്ചു. ഇതോടെ ഒന്നാം ബോര്‍ഡില്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയതിന് ഗുകേഷിന് വ്യക്തിഗത സ്വര്‍ണ്ണവും ലഭിച്ചു. മാത്രമല്ല, നോര്‍വ്വെയുടെ അജയ്യനായ മാഗ്നസ് കാള്‍സന് ഗുകേഷിന്റെ അത്ര പോയിന്‍റ് നേടാന്‍ കഴിഞ്ഞില്ല. ഈ വമ്പന്‍ വിജയങ്ങളോടെ ഗുകേഷിന്റെ ഇഎല്‍ഒ റേറ്റിംഗ് 2794 ആയി ഉയര്‍ന്നു. ലോക റാങ്കിങ്ങില്‍ ഗുകേഷ് അഞ്ചാം സ്ഥാനത്തെത്തി.
അര്‍ജുന്‍ എരിഗെയ്സിക്ക് 2800 റേറ്റിംഗില്‍ എത്താനായില്ല, നേടിയത് 2797 പോയിന്‍റ് മാത്രം
ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി 11ാം മത്സരത്തില്‍ സ്ലൊവാനിയയുടെ കളിക്കാരനെ തോല്‍പിച്ചെങ്കിലും റേറ്റിംഗ് 2800ല്‍ തൊടാനായില്ല. മൂന്ന് പോയിന്‍റ് കുറഞ്ഞ് 2797 പോയിന്‍റില്‍ നിന്നു. പക്ഷെ മൂന്നാം ബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയതിനാല്‍ വ്യക്തിഗത സ്വര്‍ണ്ണവും അര്‍ജുന്‍ എരിഗെയ്സി നേടി. എന്തായാലും ലോക റാങ്കിങ്ങില്‍ അര്‍ജുന്‍ എരിഗെയ്സി മൂന്നാം സ്ഥാനത്തെത്തി. അമേരിക്കയുടെ ഫാബിയാനോ കരുവാനയെയാണ് അര്‍ജുന്‍ എരിഗെയ്സി നാലാം സ്ഥാനത്തേക്ക് പിന്തള്ളിയത്.
Discussion about this post