വാഷിംഗ്ടൺ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിന്‍റെ ആഘോഷത്തോടൊപ്പം ഗിന്നസ് ലോക നേട്ടവും സ്വന്തമാക്കി ഇന്ത്യൻ വംശജർ. അമേരിക്കൻ മണ്ണിൽ നടന്ന പൊതു ഘോഷയാത്രയിൽ ദേശീയപതാകയുമായി പങ്കെടുത്തവരുടെ എണ്ണത്തിലാണ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്. 1500 പേരാണ് പരിപാടിയ്ക്കായി രജിസ്റ്റർ ചെയ്ത് പങ്കെടുത്തത്.
ദേശീയപതാകയ്ക്കൊപ്പം മറ്റ് നിരവധി വർണ്ണങ്ങളിലുള്ള പതാകകളും വീശിയാണ് കൊച്ചു കുട്ടികൾ മുതൽ പ്രമുഖ വ്യക്തികൾ വരെ പരിപാടിയിൽ അണിനിരന്നത്. ഇന്ത്യൻ സംഗീത ഉപകരണങ്ങളും പരിപാടിയ്ക്ക് കൊഴുപ്പേകാൻ ഉപയോഗിച്ചിരുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസിന്‍റെ ആഭിമുഖ്യത്തിലാണ് ഒത്തുകൂടൽ ആഗസ്റ്റ് 15ന് സംഘടിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെമ്പാടുമുള്ള ഇന്ത്യൻ ജനങ്ങളെ ഒന്നിപ്പിക്കുന്ന തരത്തിലാണ് സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷത്തെ അമൃത് മഹോത്സവ മാക്കിമാറ്റാൻ ആഹ്വാനം ചെയ്തത്. ആ ദീർഘവീക്ഷണത്തെ അഭിനന്ദിക്കുന്നു. അമേരിക്കൻ മണ്ണിൽ ജീവിക്കുമ്പോഴും സ്വന്തം മാതൃഭൂമിയെ നെഞ്ചിലേറ്റാൻ ഈ ആഘോഷംകൊണ്ട് സാധിച്ചുവെന്ന് അസോസിയേഷൻ പ്രസിഡന്റ് കെന്നി ദേശായി പറഞ്ഞു.
Discussion about this post