ടെഹ്‌റാന്‍: ഭരണഘടനയില്‍ ഹിതപരിശോധന ആവശ്യപ്പെട്ട് ഇറാനില്‍ ജനകീയ മുന്നേറ്റം. മഹ്‌സ അമിനിയുടെ കൊലപാതകത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമയി തുടരുന്നതിനിടെയാണ് പൗരപ്രമുഖരും സാംസ്‌കാരിക പ്രവര്‍ത്തകരുമടക്കമുള്ളവര്‍ ഭരണഘടനയില്‍ ഹിതപരിശോധന എന്ന ആവശ്യമുയര്‍ത്തുന്നത്. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തെ അമര്‍ച്ച ചെയ്യാനുള്ള ഉപാധി എന്ന നിലയിലാണ് ഹിതപരിശോധനാ വാദം ഉയരുന്നതെങ്കിലും ഇബ്രാഹിം റെയ്‌സിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ആവശ്യം തള്ളി.
പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുകയാണ് ഏക വഴിയെന്നും എന്നിട്ടും അടങ്ങാത്തവരെ വധശിക്ഷയ്ക്ക് വിധിക്കുകയാണ് വേണ്ടതെന്നുമാണ് ഇറാന്‍ ഭരണകൂടത്തോട് ചേര്‍ന്നു നില്‍ക്കുന്നവരുടെ വാദം.അറുപത് മാധ്യമ പ്രവര്‍ത്തരടക്കം 26000 പേരാണ് ഇപ്പോള്‍ ജയിലിലുള്ളത്. സമൂഹത്തില്‍ എല്ലാ മേഖലയിലും പെട്ടവര്‍ പ്രതിഷേധത്തിലാണ്. കായികതാരങ്ങളും കലാപ്രതിഭകളുമൊക്കെ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവരുന്നു. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് ഹിതപരിശോധന എന്ന ആവശ്യം ശക്തമാകുന്നത്.
അതിനിടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ വിചാരണയടക്കമുള്ള നടപടികള്‍ക്ക് നീക്കം ശക്തമാക്കി കോടതിയും രംഗത്തെത്തി. കുറ്റകൃത്യങ്ങള്‍ ചെയ്യുകയോ ചെയ്യുന്ന ആരോടും ഇറാന്‍ കോടതികള്‍ ക്ഷമിക്കുമെന്ന് കരുതരുതെന്ന് ചീഫ് ജസ്റ്റിസിന്‍റെ വക്താവ് മസൂദ് സെതയേഷി പ്രഖ്യാപിച്ചു. ആയിരം പേരെ കൂട്ടവിചാരണ നടത്തുമെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. ഹിജാബ് ധരിക്കാത്തതും ഹിജാബിനെതിരെ പ്രവര്‍ത്തിക്കുന്നതും രാജ്യവിരുദ്ധമായ കുറ്റകൃത്യമാണെന്നാണ് ജുഡീഷ്യറിയുടെ വ്യാഖ്യാനം. ഇത്തരത്തില്‍ 1024 പേര്‍ക്കെതിരെ കുറ്റപത്രം നല്കി.
സര്‍ക്കാര്‍ കണക്കില്‍ത്തന്നെ ശനിയാഴ്ച വരെ 420 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 64 പേര്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളാണ്. പ്രക്ഷോഭകരുടെ ആക്രമണത്തില്‍ പോലീസുകാരടക്കം 46 സൈനികരും കൊല്ലപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഔദ്യോഗിക റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
ഹിജാബ് വിരുദ്ധ പോരാളികളെ പിടികൂടാന്‍ സോഷ്യല്‍മീഡിയ ട്രാക്ക് ചെയ്ത് ഇറാന്‍ ഭരണകൂടം. ഹിജാബിനും ഇസ്ലാമിക ഭരണത്തിനുമെതിരായ പ്രചരണം തടയുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകളെ കൂട്ടത്തോടെ ജയിലിലടയ്ക്കാനാണ് നീക്കം. ആപ്പുകള്‍, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പേജുകള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നവരെയും ഭരണകൂടത്തിനെതിരായ ആശയങ്ങള്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നവരെയും ആണ് ലക്ഷ്യമിടുന്നതെന്ന് ടെക്‌സാസ് ആസ്ഥാനമായുള്ള മിയാന്‍ ഗ്രൂപ്പിലെ മനുഷ്യാവകാശ ഓഫീസര്‍ അസിന്‍ മൊഹജെറിന്‍ പറഞ്ഞു.
Discussion about this post