ടെഹ്‌റാന്: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് രണ്ടായിരം പേരെ പൊതുവിചാരണയ്ക്ക് വിധേയമാക്കുമെന്ന് പ്രഖ്യാപിച്ച ഇറാനിലെ റെവല്യൂഷണറി കോടതി ഇന്നലെ ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചു. കൂട്ടുപ്രതികളെന്ന് ഭരണകൂടം കണ്ടെത്തിയ അഞ്ച് പേര്‍ക്ക് തടവ് വിധിച്ചതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി. കുറ്റം ചുമത്തപ്പെട്ട രണ്ടായിരം പേരില്‍ 1100 പേരും ടെഹ്‌റാനില്‍ നിന്നുള്ളവരാണ്. തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗനിലെ ജുഡീഷ്യല്‍ ചീഫ് മൊജ്തബ ഗഹ്രെമാനി 164 പേര്‍ക്കെതിരെ കുറ്റം ചുമത്തി.
ഇറാനിലെ ഇസ്ലാമികഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് അറസ്റ്റിലായവരുടെ വിചാരണയിലെ ആദ്യത്തെ വധശിക്ഷയാണ് ഇന്നലത്തേത്. മറ്റ് പലകുറ്റങ്ങളും ആരോപിച്ച് ജയിലിലടച്ച 16 പേരെ നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
സര്‍ക്കാര്‍ കെട്ടിടത്തിന് തീയിട്ടതിന്‍റെ പേരിലാണ് വധശിക്ഷ യെന്ന് ഇറാന്‍ റവല്യൂഷണറി കോടതിയുടെ വാര്‍ത്താ വെബ്സൈറ്റായ മിസാന്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ് തടവ്. കോടതിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്കാമെന്ന് വ്യക്തമാക്കിയ മിസാന്‍ വിചാരണ നേരിട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 1979-ലെ ഇസ്ലാമിക വിപ്ലവത്തെത്തുടര്‍ന്ന് സ്ഥാപിക്കപ്പെട്ട ഇറാന്‍ റവല്യൂഷണറി കോടതി മതമേധാവികളെയും ഭരണാധികാരികളെയും എതിര്‍ക്കുന്നവര്‍ക്ക് പ്രാകൃതശിക്ഷകള്‍ നല്‍കുന്നതിന് പേരുകേട്ടതാണ്.
മഹ്‌സ അമിനിയുടെ കസ്റ്റഡിമരണത്തെത്തുടര്‍ന്ന് ഇറാനിലുടനീളം പൊട്ടിപ്പുറപ്പെട്ട സ്ത്രീവിമോചന വിപ്ലവത്തെ ‘അള്ളാഹുവിനെതിരായ യുദ്ധം’ എന്നാണ് കോടതി വിശേഷിപ്പിച്ചിരിക്കുന്നത്. ടെഹ്‌റാന് പുറമേ ഇതര ഇറാനിയന്‍ പ്രവിശ്യകളിലും സമരത്തിനിറങ്ങിയതിന്‍റെ പേരില്‍ നൂറുകണക്കിനാളുകള്‍ക്കെതിരെയാണ് കോടതി കുറ്റം ചുമത്തിയിട്ടുള്ളത്. അതേസമയം ഇറാനിലുടനീളം പ്രക്ഷോഭം ശക്തമായിത്തുടരുകയാണ്.
ഹിജാബിനെതിരെ ആരംഭിച്ച പ്രക്ഷോഭം വീടുകളിലേക്കും വ്യാപിച്ചിട്ടുണ്ട്. മതനിയമം അടിച്ചേല്പിക്കുന്ന മൗലവിമാരുടെ തലപ്പാവ് തട്ടിയെറിഞ്ഞും നാട് വിട്ടുപോകാന്‍ താക്കീത് നല്കിയും ജനമൊന്നടങ്കം പ്രക്ഷോഭത്തോടൊപ്പം ചേരുന്നത് ഭരണകൂടത്തിനും പുരോഹിതന്മാര്‍ക്കും കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
Discussion about this post