ന്യൂഡൽഹി: ജി20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഇന്ത്യ. ആഗോള തലത്തിലെ സുപ്രധാന സമിതിയുടെ 2023ലെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യൻ ജനതയ്‌ക്കുള്ള അംഗീകാരമാണെന്നും ഇതിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പ്രസംഗത്തിൽ പറഞ്ഞു. വരുന്ന ഡിസംബർ 1 മുതലാണ് ഇന്ത്യ അദ്ധ്യക്ഷ പദവിയിലെ ഔദ്യോഗികമായി ആരംഭിക്കുന്നത്. ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യ അദ്ധ്യക്ഷ പദവി ഏറ്റെടുത്തത്.
ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ സ്ഥാനം കർമ്മപദ്ധതികളുടെ തുടക്കമാണെന്നും വിവിധ സംസ്ഥാനങ്ങളിലായി നിരവധി യോഗങ്ങളിലൂടെ ആഗോള കൂട്ടായ്മയുടെ മികച്ച മാതൃക സൃഷ്ടിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.
ജി20യിലൂടെ ലോകത്തിലെ എല്ലാ രാജ്യങ്ങളേയും സമൂഹങ്ങളേയും ഉൾക്കൊള്ളാനും എല്ലാ വ്യത്യസ്തതകളേയും സ്വീകരിച്ചുകൊണ്ടുള്ള കർമ്മപദ്ധതി നടപ്പാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. സമ്പൂർണ്ണ രാജ്യങ്ങളേയും ഉൾപ്പെടുത്തി വിവരശേഖരണം നടത്തുകയാണ് ആദ്യ ഘട്ടം.
എല്ലാ രാജ്യങ്ങളും വിവിധ മേഖലകളിലെ അടിയന്തിര ആവശ്യങ്ങൾ പരസ്പരം അറിയണം. അതിനനുസരിച്ച് ഉടൻ സഹായമെത്തിക്കാനും സാധിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു. ഡിജിറ്റൽ മേഖലയിൽ ഇന്ത്യയിലെ 130 കോടി ജനങ്ങളേയും ഒന്നിപ്പിക്കുന്നതിൽ ഉണ്ടായ വിജയം നരേന്ദ്രമോദി എടുത്തു പറഞ്ഞു.വിവരസാങ്കേതികയ്‌ക്ക് ഇന്ത്യ മുൻതൂക്കം നൽകുമെന്നും കർമ്മപദ്ധതിയുടെ ആദ്യഘട്ടം വിവരിച്ചു കൊണ്ട് പ്രധാനമന്ത്രി വിശദീകരിച്ചു.
Discussion about this post