ന്യൂയോർക്ക്: ഉത്തരകൊറിയ അടുത്തിടെ നടത്തിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തെ അപലപിച്ച് ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിലാണ് പരാമർശം. മിസൈലുകൾ സമാധാനത്തിനും സുരക്ഷയ്‌ക്കും കോട്ടം വരുത്തുന്നുവെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി അംബാസഡർ രുചിര കംബോജ് പറഞ്ഞു. ഇത്തരം വിക്ഷേപണങ്ങൾ സുരക്ഷാ കൗൺസിലുമായി ബന്ധപ്പെട്ട പ്രമേയങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ആണവ, മിസൈൽ സാങ്കേതികവിദ്യകളുടെ വ്യാപനം ആശങ്കാജനകമാണെന്നും അവ രാജ്യത്തിന്റെ സമാധാനത്തിലും സുരക്ഷയിലും പ്രതികൂല സ്വാധീനം ചെലുത്തുന്നതായും ഇന്ത്യൻ പ്രതിനിധി പറഞ്ഞു. ഇന്ത്യ ഉൾപ്പെടെയുള്ള മേഖലയിൽ ഭീഷണി സൃഷ്ടിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷയ്‌ക്ക് ഭീഷണിയാകും വിധത്തിൽ നിരവധി മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. ഹ്വാസോങ്-17- നെ വലുപ്പം കൊണ്ട് മിസൈലെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഒന്നിലധികം പോർമുനകളെ വഹിക്കാൻ കഴിയും. ഏകദേശം 15,000 കിലോമീറ്റർ ദൂര പരിധിയുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ തന്ത്രപരമായ മിസൈലായിരുന്നു ഇത്.
കഴിഞ്ഞ ദിവസമാണ് മേഖലയിൽ സാന്നിധ്യം ശക്തമാക്കാനുള്ള യുഎസ് നീക്കത്തിന് കടുത്ത പ്രത്യാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകം ഉത്തര കൊറിയ മിസൈൽ വിക്ഷേപണം നടത്തിയത്. ജപ്പാനും കൊറിയൻ ഉപദ്വീപിനുമിടയിലുള്ള സമുദ്രത്തിലാണ് മിസൈൽ പതിച്ചത്. ശത്രുക്കൾ ഭീഷണി ഉയർത്തുന്നത് തുടർന്നാൽ ആണവായുധങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുമെന്നും ശക്തമായി പ്രതിരോധിക്കുമെന്നാണ് കിം ജോങ് ഉൻ പറഞ്ഞത്.
Discussion about this post