ദോഹ: ലോകകപ്പ് ഉദ്ഘാടന സമ്മേളനത്തിലേക്ക് തീവ്ര ഇസ്ലാമിക മതമൗലികവാദിയായ സക്കീര്‍നായിക്കിനെ ക്ഷണിച്ചുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഖത്തറിന്‍റെ ഔദ്യോഗിക വിശദീകരണം. സക്കീര്‍ നായിക്കിനെ ക്ഷണിക്കുന്നത് ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുമെന്നും നവംബര്‍ 20ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ വിട്ടുനില്ക്കുമെന്നും ഇന്ത്യ ഖത്തറിനോട് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെത്തന്നെ വിഷയത്തില്‍ ഖത്തര്‍ ഔദ്യോഗിക വിശദീകരണം നല്കിയിരുന്നു. തുടര്‍ന്നാണ് ധന്‍കര്‍ പരിപാടിയില്‍ പങ്കെടുത്തത്. ലോകകപ്പ് വേദിയില്‍ സ്വകാര്യ സന്ദര്‍ശനത്തിനുള്ള സക്കീര്‍നായിക്കിന്‍റെ അപേക്ഷയിലും ഖത്തര്‍ അധികൃതര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. എന്നിട്ടും ഇയാളെ ഖത്തര്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നും ഇത് ഖത്തറിനെതിരായ ആസൂത്രിതനീക്കമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം ഉലയ്ക്കുന്നതിനു വേണ്ടി ചില ശക്തികള്‍ നടത്തുന്ന പ്രചരണമാണിതെന്നാണ് നയതന്ത്രചാനലുകള്‍ വഴി ഖത്തര്‍ ഭരണകൂടം നല്കുന്ന വിശദീകരണം.
കള്ളപ്പണ, മതഭീകര, മതപരിവര്‍ത്തനകേസുകളില്‍ പ്രതിയായ ഇയാളെ 2016 മുതല്‍ ഇന്ത്യയില്‍ തെരയുകയാണ്. വിദ്വേഷപ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ സക്കീര്‍നായിക്ക് മലേഷ്യയില്‍ ഒളിവിലാണ്. ഇയാള്‍ ഖത്തറില്‍ ലോകകപ്പ് വേദികളില്‍ മതപ്രഭാഷണം നടത്തുന്നു എന്നതായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. 2022 മാര്‍ച്ചില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാള്‍ സ്ഥാപിച്ച ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) യുഎപിഎ പ്രകാരം നിയമവിരുദ്ധമായ സംഘടനയായി പ്രഖ്യാപിക്കുകയും അഞ്ച് വര്‍ഷത്തേക്ക് നിരോധിക്കുകയും ചെയ്തു. 2020ലെ ദല്‍ഹി കലാപത്തില്‍ പങ്കുള്ള സക്കീര്‍ നായിക്കിനെ ഇന്ത്യക്ക് കൈമാറണമെന്ന് മലേഷ്യയ്ക്ക് ഇന്ത്യ കത്ത് നല്‍കിയിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ യുകെയിലും കാനഡയിലും ഇയാള്‍ക്ക് വിലക്കുണ്ട്.
Discussion about this post