വാഷിങ്ടണ്‍: മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തിന്‍റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി ഓറിയോണ്‍ പേടകം ഭൂമിയില്‍ മടങ്ങിയെത്തി. ഞായറാഴ്ച രാത്രിയിലാണ് പേടകം പസഫിക് സമുദ്രത്തില്‍ പതിച്ചത്. നാവികസേനയുടെ സഹായത്തോടെ പേടകം തിരിച്ചെടുക്കും.
ഭൗമാന്തരീക്ഷത്തില്‍ മണിക്കൂറില്‍ 40,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച ഓറിയോണ്‍ പേടകത്തെ പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് കടലിലിറക്കിയത്. മൂന്ന് വലിയ പാരച്യൂട്ടുകള്‍ ഇതിനായി ഉപയോഗിച്ചു. 25.5 ദിവസം ചന്ദ്രനെ വലം വച്ചാണ് ഓറിയോണ്‍ തിരിച്ചെത്തിയിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വളരെയധികം വിലപ്പെട്ട വിവരങ്ങളാണ് ഓറിയോണ്‍ നാസയ്ക്ക് അയച്ചു കൊടുത്തത്. ചന്ദ്രന്റെ 132 കിലോമീറ്റര്‍ ദൂരത്തുവരെ ചെന്നാണ് ഓറിയോണ്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്.
ആര്‍ട്ടെമിസ് ഒന്ന് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ അടുത്ത ഘട്ടത്തിലേക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങാനുള്ള തീരുമാനത്തിലാണ് നാസ. ആയിരത്തിലധികം പേരുടെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഈ വിജയമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.
നവംബര്‍ 16ന് നാസയുടെ കെന്നഡി സ്‌പെയ്‌സ് സെന്ററിലെ 39 ബി വിക്ഷേപണത്തറയില്‍ നിന്നാണ് ആര്‍ട്ടെമിസ് ഒന്ന് വിക്ഷേപിച്ചത്. ഇന്നുവരെ ലോകത്ത് നിര്‍മിച്ചതില്‍ ഏറ്റവും ശക്തമായ സ്‌പെയ്‌സ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) റോക്കറ്റാണ് ഓറിയോണിനെയും വഹിച്ചുകൊണ്ട് പറന്നുയര്‍ന്നത്. അപ്പോളോയ്ക്ക് അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യനിലേക്ക് ചന്ദ്രനെ എത്തിക്കാനുള്ള നാസയുടെ പദ്ധതിയാണ് ആര്‍ട്ടെമിസ്.
Discussion about this post