ന്യൂയോര്‍ക്ക്: പാക് ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉപനേതാവ് അബ്ദുള്‍ റഹ്‌മാന്‍ മക്കിയെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചു, ഇതോടെ ഇയാളുടെ ആസ്തികള്‍ മരവിപ്പിക്കുന്നതിനും യാത്രകള്‍ നിരോധിക്കുന്നതിനും തടയുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചു.
ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെയും അമേരിക്കയുടെയും ആവശ്യത്തെ എതിര്‍ത്തുകൊണ്ടുള്ള നിലപാടില്‍ ചൈന പിന്മാറിയതോടെയാണ് തീരുമാനം. ലഷ്‌കര്‍ മേധാവി ഹാഫിസ് മുഹമ്മദ് സയീദിന്‍റെ സഹോദരീ ഭര്‍ത്താവാണ് കൊടുംഭീകരനായ ഈ അറുപത്തെട്ടുകാരന്‍.
ഇന്ത്യയില്‍, പ്രത്യേകിച്ച് ജമ്മു കാശ്മീരില്‍ അക്രമത്തിലേക്ക് യുവാക്കളെ ഭീകരസംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും ഏര്‍പ്പെട്ടിട്ടുണ്ട് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്രസഭയുടെ അല്‍ഖ്വയ്ദ ഉപരോധ സമിതി മക്കിയെ ആഗോളഭീകരന്മാരുടെ പട്ടികയില്‍ പെടുത്തിയത്.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബഹവല്‍പൂരില്‍ ജനിച്ച മക്കി, ലഷ്‌കറിന്‍റെ ഡെപ്യൂട്ടി ചീഫും രാഷ്ട്രീയ കാര്യ വിഭാഗത്തിന്‍റെ തലവനുമാണ്. അമേരിക്കയുടെ കരിമ്പട്ടികയില്‍പെട്ട മക്കി നിര്‍ബന്ധിത മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നയാളാണ്. 2019 മെയ് 15 ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ മക്കിയെ അറസ്റ്റ് ചെയ്ത് ലാഹോറില്‍ വീട്ടുതടങ്കലിലാക്കിയിരുന്നുു. 2020-ല്‍, തീവ്രവാദഫണ്ടിങ് കേസില്‍ ഇയാളെ തടവിന് വിധിച്ചു.
2000 ഡിസംബര്‍ 22 ന് ആറ് ലഷ്‌കര്‍ ഭീകരര്‍ ചെങ്കോട്ടയില്‍ നടത്തിയ ആക്രമണത്തിന് പിന്നില്‍ മക്കിയായിരുന്നുവെന്ന് ഉപരോധസമിതി ചൂണ്ടിക്കാട്ടി. 2008 ജനുവരി ഒന്നിന് രാംപൂരിലെ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച് ഏഴ് സൈനികരടക്കം എട്ടുപേരെ വധിച്ച സംഭവത്തിനു പിന്നിലും ലഷ്‌കറാണ്.
Discussion about this post