വാഷിങ്ടണ്‍: ബിബിസിയുടെ ഇന്ത്യാവിരുദ്ധ ഡോക്യുമെന്ററിക്കെതിരെ അമേരിക്ക. ബിബിസി ഡോക്യുമെന്ററിയല്ല, മഹത്തായ ജനാധിപത്യ മൂല്യങ്ങളാണ് വാഷിങ്ടണിനെ ന്യൂദല്‍ഹിയുമായി ചേര്‍ത്തുനിര്‍ത്തുന്നതെന്ന് യുഎസ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ടെലിവിഷന്‍ പരമ്പരകളല്ല, പാരമ്പര്യമാണ് ഇന്ത്യയുപടെ കരുത്ത്. ഇന്ത്യയും അമേരിക്കയും ആഴത്തിലുള്ള ആത്മബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണെന്ന് വാഷിങ്ടണ്‍ ഡിസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒരു പാക് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ പരാമര്‍ശിക്കുന്ന (ബിബിസി) ഡോക്യുമെന്ററി (2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച്) എനിക്ക് പരിചിതമല്ല. എനിക്ക് പരിചയമുള്ളത് അമേരിക്കയെ ഇന്ത്യയുമായി കൂട്ടിയിണക്കുന്ന മൂല്യങ്ങളാണ്. അമേരിക്കയും ഇന്ത്യയും അഭിവൃദ്ധി പ്രാപിക്കുന്ന, ഊര്‍ജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെ ബലപ്പെടുത്തുന്നതില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാത്രമല്ല, ജനങ്ങള്‍ തമ്മിലുള്ള അസാധാരണമായ ആത്മബന്ധത്തിനും വലിയ പങ്കുണ്ട്, നെഡ് പ്രൈസ് പറഞ്ഞു.
ഗുജറാത്ത് കലാപത്തെ മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാജ്യത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് ബിബിസി സംപ്രേഷണം ചെയ്തത്. ഇതിനെതിരെ ഇന്ത്യ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. രാജ്യത്തെ അപമാനിക്കാന്‍ കരുതിക്കൂട്ടി സൃഷ്ടിച്ചതാണിതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയിരുന്നു. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബിബിസി ഡോക്യുമെന്ററിക്കെതിരെ രംഗത്തുവന്നിരുന്നു.
Discussion about this post