ബീജിങ്: ജി 7 രാജ്യങ്ങളുടെ ഹിരോഷിമ സംയുക്ത പ്രസ്താവനയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ചൈന. തായ്വാനെതിരെ സൗത്ത് ഈസ്റ്റ് ചൈനീസ് കടലില്‍ ചൈന നടത്തുന്ന സമ്മര്‍ദനീക്കങ്ങള്‍ക്കെതിരായ പ്രസ്താവനയാണ് നയതന്ത്ര പ്രതിഷേധത്തിന് കാരണം. ഹിരോഷിമ പ്രസ്താവന ചൈനയുടെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
അമേരിക്ക, ഫ്രാന്‍സ്, യുകെ, ഇറ്റലി, ജര്‍മ്മനി, കാനഡ, ജപ്പാന്‍ എന്നീ സമ്പന്ന ജനാധിപത്യരാജ്യങ്ങളുടെ ഉച്ചകോടിയാണ്
ചൈന നടത്തുന്ന ആക്രമണാത്മക സമീപനങ്ങളില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചത്.
ജി 7 ഉച്ചകോടിയുടെ സംയുക്തപ്രസ്താവനയില്‍ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെന്ന നിലയില്‍ ചൈനയുമായി ക്രിയാത്മകവും സുസ്ഥിരവുമായ ബന്ധം കെട്ടിപ്പടുക്കാനുള്ള താത്പര്യവും പ്രസ്താവനയില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അതിന്‍റെ ദുഷിച്ച സമ്പ്രദായങ്ങളെയും ബലപ്രയോഗത്തെയും ചെറുക്കേണ്ടത് ആവശ്യമാണ്. ടിബറ്റ്, ഹോങ്കോംഗ്, സിന്‍ജിയാങ് എന്നിവയുള്‍പ്പെടെ ചൈന ഉയര്‍ത്തുന്ന മനുഷ്യാവകാശപ്രശ്‌നങ്ങളിലും ജി 7 നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. ബീജിങ്ങിലെ നിര്‍ബന്ധിത ലേബര്‍ക്യാമ്പുകളില്‍ ആയിരക്കണക്കിന് ഉയ്ഗൂര്‍ മുസ്ലീങ്ങളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പ്രസ്താവന ആരോപിച്ചു.
ഉക്രൈനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ, യുഎന്‍ ചാര്‍ട്ടറിന്‍റെ തത്വങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കിയുള്ള സമഗ്രവും നീതിപൂര്‍വകവും സ്ഥിരവുമായ സമാധാനത്തെ പിന്തുണയ്ക്കാന്‍ ചൈനയോട് അഭ്യര്‍ത്ഥിക്കുന്നു. സ്വാധീനവും സാമ്പത്തിക വലുപ്പവും കണക്കിലെടുത്ത് ചൈനയുമായുള്ള സഹകരണം ആവശ്യമാണ്, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം, കടബാധ്യതകള്‍, ദുര്‍ബല രാജ്യങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍, ആഗോള ആരോഗ്യ ആശങ്കകള്‍, സാമ്പത്തിക സ്ഥിരത തുടങ്ങിയ വെല്ലുവിളികളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം, ജി 7 സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ജി 7 പ്രസ്താവന ചൈനയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ഇതിനെ ശക്തമായി അപലപിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഉച്ചകോടിയുടെ ആതിഥേയരായ ജപ്പാനോടും ബന്ധപ്പെട്ട മറ്റ് രാജ്യങ്ങളോടും പ്രതിഷേധം അറിയിക്കുന്നുവെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Discussion about this post