പോര്‍ട് മോറെസ്ബി: യഥാര്‍ത്ഥ സുഹൃത്ത് ഇന്ത്യയാണെന്ന് ലോകം തിരിച്ചറിഞ്ഞ നാളുകളാണ് കൊവിഡ് കാലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തമെന്ന് കരുതിയവര്‍ ദുരിതകാലത്ത് ഒപ്പമുണ്ടായിരുന്നില്ലെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. ആവശ്യമുള്ളപ്പോള്‍ കണ്ടറിഞ്ഞ് സഹായവുമായെത്തുന്നതാണ് യഥാര്‍ത്ഥ സുഹൃത്ത്, പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. പാപുവ ന്യൂഗിനിയയുടെ തലസ്ഥാനമായ പോര്‍ട് മോറെസ്ബിയില്‍ പസഫിക് ദ്വീപ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളെയാണ് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങള്‍, പട്ടിണി, ദാരിദ്ര്യം, ആരോഗ്യം തുടങ്ങിയ വെല്ലുവിളികള്‍ നേരത്തെയുണ്ട്. ഇന്ധനം, വളം, മരുന്ന് തുടങ്ങിയ പുതിയ പ്രശ്‌നങ്ങളും ഉയര്‍ന്നുവരുന്നു. അവയുടെ വിതരണത്തിലും നിയന്ത്രണങ്ങളുണ്ട്. ഇതെല്ലാം ഒത്തുചേര്‍ന്ന് പരിഹരിക്കേണ്ടതാണ്.
ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ ആശങ്കകളും പ്രതീക്ഷകളും അഭിലാഷങ്ങളും ജി 20 യിലൂടെ ലോകത്തെ അറിയിക്കേണ്ടത് ഇന്ത്യയുട ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ദിവസമായി ജി 7 ഉച്ചകോടിയിലടക്കം ഞാന്‍ ശ്രമിച്ചത് അതിനുവേണ്ടിയാണ്. കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ ഉദാത്തമായ ലക്ഷ്യങ്ങള്‍ ഇന്ത്യ മുന്നോട്ട് വച്ചിട്ടുണ്ട്. ഇത്തരത്തില്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാനാവുന്നതില്‍ സന്തോഷമുണ്ട്.
എല്ലാ രാജ്യങ്ങളെയും കഴിവിന് അനുസരിച്ച് ഇന്ത്യ സഹായിക്കുന്നു. ഇന്ത്യക്ക് പസഫിക് രാജ്യങ്ങള്‍ ഒരു ചെറുദ്വീപുകളല്ല, വിശാല സമുദ്ര രാജ്യമാണ്. ഈ മഹാ സമുദ്രമാണ് നമ്മളെ ബന്ധിപ്പിക്കുന്നത്. യുഎന്‍ സെക്രട്ടറി ജനറലുമായുള്ള സംഭാഷണത്തില്‍ ഇന്ത്യ ഒരു ജീവിതദൗത്യം മുന്നോട്ടുവച്ചു.പരിസ്ഥിതിക്കനുസൃതമായ ജീവിതശൈലിയാണ്. സൗരോര്‍ജവും ഹരിതോര്‍ജവുമടക്കമുള്ള മാര്‍ഗങ്ങളെ ഉപയോഗിക്കുന്നതില്‍ പല രാജ്യങ്ങളും ഇന്ന് തത്പരരാണെന്ന് അദ്ദേഹം പറഞ്ഞു.
14 പസഫിക് ദ്വീപ് രാജ്യങ്ങളുടെ (പിഐസി) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി പാപുവ ന്യൂ ഗിനിയയിലെ പ്രധാനമന്ത്രി ജെയിംസ് മരാപെയുമായും ഗവര്‍ണര്‍ ജനറല്‍ സര്‍ ബോബ് ദാദയുമായും ചര്‍ച്ച നടത്തിയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. എല്ലാ ദ്വീപ് രാജ്യങ്ങളുടെ പ്രതിനിധികളും പ്രധാനമന്ത്രി മോദിയെ കണ്ട് ചര്‍ച്ച നടത്തി.
Discussion about this post