ന്യൂയോർക്ക്: അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക്. മോദിയുടെ ആരാധകനാണ് താനെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മസ്‌ക് പറഞ്ഞു.
വിശിഷ്ടമായ കൂടിക്കാഴ്ചയാണ് നടന്നതെന്ന് കൂടിക്കാഴ്ചയ്ക്കു പിന്നാലെ മസ്‌ക് പറഞ്ഞു. നരേന്ദ്ര മോദിയെ തനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം മുൻപ് തന്റെ ഫാക്ടറി സന്ദർശിച്ചിരുന്നു. അത്തരത്തിൽ നേരത്തെ അറിയുന്ന വ്യക്തിയാണ്. അടുത്തവർഷം വീണ്ടും ഇന്ത്യ സന്ദർശിക്കുന്ന കാര്യം തന്റെ പരിഗണനയിലുണ്ട്. ടെസ്‌ല ഇന്ത്യയിൽ എത്തുന്ന കാര്യത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ട്, മസ്‌ക് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഭാവിയക്കുറിച്ച് ഭാവിയെ കുറിച്ച് ഓർക്കുമ്പോൾ താൻ ആവേശഭരിതനാകുന്നുവെന്നും മസ്‌ക് പറഞ്ഞു. വേറെ ഏത്
വലിയ രാജ്യങ്ങളെക്കാളും സാധ്യതകൾ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്ത് നിക്ഷേപങ്ങളെത്തിക്കാൻ പ്രധാനമന്ത്രി മോദി വലിയ പരിശ്രമമാണ് നടത്തുന്നത്. കമ്പനികളെ പിന്തുണയ്ക്കണം എന്ന മനോഭാവമാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് അതെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മസ്‌ക് അഭിപ്രായപ്പെട്ടു.
കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ, ട്വിറ്റർ മുൻ സി.ഇ.ഒ. ജാക്ക് ഡോർസി കേന്ദ്ര സർക്കാരിനെതിരെ ഉന്നയിച്ച ആരോപണത്തിനും മസ്‌ക് മറുപടി നൽകി. അതത് രാജ്യങ്ങളിലെ നിയമങ്ങൾ പാലിക്കുകയല്ലാതെ തങ്ങൾക്ക് വേറെ മാർഗമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അതിനപ്പുറം എന്തെങ്കിലും ചെയ്യാൻ സാധ്യമല്ല. ഓരോ രാജ്യങ്ങളിലും വ്യത്യസ്ത നിയമങ്ങളും നിയന്ത്രണങ്ങളുണ്ട്. നിയമങ്ങൾ പാലിച്ചുകൊണ്ട് സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് വേദിയൊരുക്കാൻ പരമാവധി ശ്രമിക്കുമെന്നും ട്വിറ്റർ ഉടമ കൂടിയായ മസ്‌ക് പറഞ്ഞു.
Discussion about this post