ബീജിങ്: ചൈനീസ് സാമ്പത്തികരംഗം വന്‍ തകര്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നതെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ചൈനയുടെ റിപ്പോര്‍ട്ട്. രണ്ടാം പാദ വളര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പക്ഷേ ആ വളര്‍ച്ച സങ്കീര്‍ണമായ അന്താരാഷ്ട്ര സാഹചര്യങ്ങളില്‍ അനുഗുണമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള അടിസ്ഥാനകാര്യങ്ങളില്‍ മുന്നോട്ടുപോകാന്‍ ചൈനയ്ക്ക് സാധിച്ചിട്ടില്ലെന്ന് എന്‍ബിഎസ് സ്ഥിതിവിവരക്കണക്കില്‍ പറയുന്നു.
യുവാക്കളുടെ തൊഴിലില്ലായ്മ 20.8 ശതമാനത്തിലെത്തി, 2018 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തകരുന്ന സമ്പദ്വ്യവസ്ഥയില്‍ നിന്ന് കരകയറാന്‍ യുവാക്കള്‍ക്ക് മതിയായ ജോലി നല്‍കണമെന്ന് സാമ്പത്തിക വിദഗ്ധര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
അതിരൂക്ഷമായി തുടരുന്ന തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിലാണ് ചൈനയുടെ സാമ്പത്തിക അവസ്ഥ പുറംലോകത്ത് ചര്‍ച്ചയാകുന്നത്. അമേരിക്കയ്ക്ക് പിന്നില്‍ ലോകത്തിലെ രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായി കണക്കാക്കപ്പെടുന്ന ചൈനയിലെ അക്കാദമിക രംഗം തൊഴില്‍ നേടാന്‍ പറ്റിയതല്ലെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആദം ടൂസ് അടുത്തിടെ പ്രസ്താവിച്ചിരുന്നു. അതിനിടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ചൈന അതിന്റെ ഇടത്തരം വാര്‍ഷിക വായ്പാ നിരക്ക് 2.75 ശതമാനത്തില്‍ നിന്ന് 2.65 ശതമാനമായി ഉയര്‍ത്തി.
Discussion about this post