വാഷിങ്ടണ്‍: ഭീകരതയ്‌ക്കെതിരായ പോരാട്ടം വിജയം കാണുന്നതുവരെ തുടരുമെന്നത് അമേരിക്കയുടെയും ഇന്ത്യയുടെയും നയമാണെന്ന് യുഎസ് വക്താവ് മാത്യു മില്ലര്‍. ഭീകരത സംബന്ധിച്ച ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവന അടിസ്ഥാനമില്ലാത്തതും ഏകപക്ഷീയവുമാണെന്ന പാകിസ്ഥാന്റെ പ്രതികരണത്തിന് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ആഗോള ഭീകരതയ്‌ക്കെതിരെ പൊരുതുമെന്നാണ് സംയുക്ത പ്രസ്താവന. അത് വെറും വാക്കല്ല. ഭീകരതയുടെ ഇരകളെ സുരക്ഷിതരാക്കും. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ജനതയുടെ കാര്യത്തിലും തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനും ഈ പോരാട്ടത്തില്‍ ഒത്തുചേരണം. മേഖലയിലുടനീളം ഭീകരസംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിയെ ഇല്ലാതാക്കണം. വര്‍ഷങ്ങളായി പാക് ജനത ഭീകരാക്രമണങ്ങളില്‍ ഏറെ കഷ്ടപ്പെടുന്നുണ്ടെന്ന് മില്ലര്‍ ചൂണ്ടിക്കാട്ടി.
ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ജെയ്ഷെ മുഹമ്മദ് (ജെഇഎം) ഉള്‍പ്പെടെയുള്ള എല്ലാ ഭീകരസംഘടനകളെയും നിര്‍വീര്യമാക്കുന്നതില്‍ പാകിസ്ഥാന് വലിയ പങ്കുണ്ട്. ഈ വിഷയം പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി പതിവായി ഞങ്ങള്‍ ഉന്നയിക്കാറുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Discussion about this post