വാഷിങ്ടണ്‍: മതേതരത്വം ഭാരത ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണെന്ന് മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. യുഎസുള്‍പ്പെടെ പല രാജ്യങ്ങളെയും അപേക്ഷിച്ച് ന്യൂനപക്ഷങ്ങള്‍ ഭാരതത്തില്‍ കൂടുതല്‍ സുരക്ഷിതരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രേറ്റര്‍ വാഷിങ്ടണ്‍ ഡിസി ഏരിയയില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ഏഷ്യന്‍ ഇന്ത്യന്‍ അസോസിയേഷന്‍സ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
ഭാരതത്തിനെതിരെ സംഘടിതവും ആസൂത്രിതവുമായ പ്രചരണങ്ങളാണ് നടക്കുന്നത്. ചില പാശ്ചാത്യമാധ്യമങ്ങളും അത് ഏറ്റുപിടിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ സുരക്ഷയെപ്പറ്റിയാണ് ചര്‍ച്ച. ലോകത്തെ വിവിധ രാജ്യങ്ങളിലെ സാഹചര്യം അറിയുന്നവരാണ് ഈ മാധ്യമങ്ങള്‍. എന്നിട്ടും അവര്‍ ഭാരതത്തിനെതിരെ തിരിയുന്നതിന്റെ പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ട്. ഭാരതത്തിലേത് പോലെ എവിടെയാണ് ന്യൂനപക്ഷസമൂഹങ്ങള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത്, അദ്ദേഹം ചോദിച്ചു.
ഭാരതം എന്നും എല്ലാ വിഭാഗം ആളുകളെയും ആദരിച്ചിട്ടേ ഉള്ളൂ. വിഭജനം ദൗര്‍ഭാഗ്യകരമായിരുന്നു. എങ്കിലും ഭാരതം വിട്ടുപോകണമെന്ന് അന്ന് ആഗ്രഹിച്ചവരെല്ലാം പാകിസ്ഥാനിലേക്ക് പോയി. ചിലര്‍ തെറ്റ് മനസ്സിലാക്കി തിരിച്ചു വന്നു. ഭാരതത്തില്‍ അന്നുമുതല്‍ തുടര്‍ന്നവര്‍ ഈ നാട്ടില്‍ ജീവിക്കണമെന്ന് കൊതിച്ചവരാണ്. അവരുടെ മതം ഭാരതമാണ്. അവരുടെ വിശ്വാസവും ഭാരതമാണ്. മതേതരത്വം ഭാരതത്തെ മറ്റാരും പഠിപ്പിക്കേണ്ടതില്ല, വെങ്കയ്യ നായിഡു പറഞ്ഞു.
Discussion about this post