ഒട്ടാവ: കാനഡയിൽ പഞ്ചാബിൽ നിന്നുള്ള ഖാലിസ്ഥാൻ ഭീകര നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മോഗ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ സുഖ്‌ദോൾ സിംഗ് എന്നറിയപ്പെടുന്ന സുഖ ദുനേക് ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
ദാവീന്ദർ ബാംഭിയയുടെ ഗുണ്ടാ സംഘത്തിലെ അംഗമാണ് ഇയാൾ.
കാനഡയിലെ രഹസ്യാന്വേഷണ ഏജൻസികൾ ആണ് സുഖ കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ക്രിമിനൽ കേസുകൾ വർദ്ധിച്ചതോടെ 2017 ലായിരുന്നു സുഖ ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് കടന്നത്. വ്യാജ രേഖകൾ ഉപയോഗിച്ചായിരുന്നു ഇയാൾ ഇന്ത്യവിട്ടത്. കാനഡയിൽ തന്നെ സുഖയ്‌ക്കെതിരെ ഏഴോളം കേസുകളാണ് നിലവിൽ ഉള്ളത്. ഇതിനിടെയാണ് ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടിരിക്കുന്നത്.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറും കാനഡയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. എന്നാൽ ഈ കൊലപാതകത്തിൽ ഇന്ത്യൻ അധികൃതർക്ക് പങ്കുണ്ടെന്ന തരത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരാമർശം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് മറ്റൊരു ഗുണ്ടാ നേതാവ് കൂടി സമാന സാഹചര്യത്തിൽ കൊല്ലപ്പെടുന്നത്.
Discussion about this post