തൃശ്ശൂര്‍: നിര്‍മമതയോടെ ജീവിതത്തെ സമീപിക്കുകയും പൂര്‍ണാര്‍ത്ഥത്തില്‍ ജീവിക്കുകയും ചെയ്ത മഹാനായിരുന്നു ആര്‍.ഹരിയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പ്രേരണാദായകമായിരുന്നു ആ ജീവിതം. സംഘത്തിന് മാത്രമല്ല സമൂഹത്തിനാകമാനം വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് അദ്ദേഹം പറഞ്ഞു. തിരുവില്വാമല പാമ്പാടിയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആ ജീവിതം ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനവും മാതൃകയുമാണ്. അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് എന്ന ചുമതലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ രാജ്യത്ത് എല്ലാ കോണിലും എത്തി, ലക്ഷക്കണക്കിന് പ്രവര്‍ത്തകരുമായി ഇടപഴകി. അവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ ജീവിതവും മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രേരണയായിരുന്നു. വിദൂര പ്രദേശങ്ങളിലുള്ള പ്രവര്‍ത്തകരുമായി പോലും ഊഷ്മളമായ ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു. ജീവിതത്തിന്റെ അവസാന നാളുകള്‍ വരെ എഴുത്തിലും വായനയിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആര്‍. ഹരി അവസാന നിമിഷം വരെയും മാനസികമായി പൂര്‍ണ ആരോഗ്യവാന്‍ ആയിരുന്നുവെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
സ്വയംസേവകന്‍ എന്ന നിലയിലും പ്രചാരകന്‍ എന്ന നിലയിലും അദ്ദേഹം മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും മാതൃകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തിയും ജീവിതവും വലിയപാഠങ്ങളാണ്. വിഷമകരമായ സാഹചര്യങ്ങളെപ്പോലും എങ്ങനെയാണ് സമചിത്തതയോടെ മറികടക്കേണ്ടത് എന്നത് അദ്ദേഹം പഠിപ്പിച്ചു, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.അവസാന ശ്വാസം വരെയും ആദര്‍ശത്തിനു വേണ്ടി ജീവിച്ച ആര്‍. ഹരിയുടെ ജീവിതം തന്നെപ്പോലെ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് പ്രേരണയും മാര്‍ഗ്ഗദര്‍ശനവുമാണെന്നും കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
ഭാരത സംസ്‌കാരത്തില്‍ അങ്ങേയറ്റം അഭിമാനംകൊണ്ട വ്യക്തിത്വമായിരുന്നു ആര്‍.ഹരിയുടെതെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് അനുസ്മരിച്ചു. ത്യാഗം,അര്‍പ്പണം എന്നിവയുടെ മാതൃകയായിരുന്നു അദ്ദേഹം.
രാഷ്ട്രം ഒന്നാമതും മറ്റെല്ലാം പിന്നീടും എന്നതായിരുന്നു ആര്‍.ഹരിയുടെ ചിന്തയെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. രാഷ്ട്രം മുഴുവന്‍ ആര്‍.ഹരിയുടെ കുടുംബമാണെന്ന് കേരള ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മഹാനായ പണ്ഡിതനെയും ദാര്‍ശനികനെയുമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത്. സ്വന്തം മോക്ഷം പോലും ആഗ്രഹിക്കാതെ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. പുനര്‍ജന്മം ഉണ്ടെങ്കില്‍ ഇതേ കാര്യത്തിനായി അദ്ദേഹം വീണ്ടും ജനിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു.
Discussion about this post