അബുദാബി: ഏറെ നാളുകളായി വിശ്വാസികള്‍ കാത്തിരുന്ന ആ ശുഭമുഹൂര്‍ത്തം ദീപനാളങ്ങളാല്‍ പ്രോജ്വലിപ്പിച്ച് പ്രധാന സേവകന്. അറബ് രാജ്യത്തെ ആദ്യ ഹിന്ദുക്ഷേത്രമായ ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത മന്ദിര്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
യുഎഇ ഭരണാധികാരികളടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിലാണ് ക്ഷേത്രം പ്രധാനമന്ത്രി വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചത്. ഇതിനുശേഷം ക്ഷേത്രം നിര്‍മ്മിച്ച തൊഴിലാളികളെ സന്ദര്‍ശിച്ച് സംസാരിച്ച പ്രധാനമന്ത്രി പിന്നീട് ക്ഷേത്രത്തിലെ ശിലയില്‍ വസുധൈവ കുടുംബകമെന്ന് കൊത്തി വച്ചു.
ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ സ്വീകരിച്ചു. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പാരമ്പര്യ വസ്ത്രങ്ങളണിഞ്ഞ് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാനെത്തിയിരുന്നു. യുഎഇ ഭരണാധികാരികളടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
പുലര്‍ച്ചെയായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ഏഴ് ആരാധന മൂര്‍ത്തികളെ വിശിഷ്ട ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. പുരോഹിതരുടെ സാന്നിധ്യത്തില്‍ മോദിയും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. 27 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്. ഇന്ത്യന്‍ സംസ്കാരത്തിന്റെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യുഎഇ)യും പൈതൃകം വിളിച്ചോതുന്ന സവിശേഷമായ ശില്പചാതുര്യത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി.
2015 ലാണ് അബുദബിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കിയത്. ദുബായ്അബുദാബി ഹൈവേയില്‍ അബു മുറൈഖയില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നല്കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്. 2018ലാണ് ക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിട്ടത്. ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകര്‍ഷണം.
മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനത്താണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് . രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍നിന്ന് 2000 ശില്പികള് കൈകൊണ്ട് കൊത്തിയെടുത്ത ശിലകളില്‍ അറബിക് മേഖല, ചൈനീസ്, ആസ്ടെക്, മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളില്‍ നിന്നുള്ള 14 കഥകളും ശിലാഫലകത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് ഹൈന്ദവ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകള്‍ കൊത്തിയ കല്ലുകളാണ് ഉപയോഗിച്ചത്. ആത്മീയവും സാംസ്കാരികവുമായ ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദി, സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠന മേഖലകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള കായിക കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍, ജലാശയങ്ങള്‍, ഭക്ഷണശാലകള്‍, ഗ്രന്ഥശാല എന്നിവയും ക്ഷേത്രത്തോട് അനുബന്ധിച്ചുണ്ട്. മഹാഭാരതം, രാമായണം തുടങ്ങിയ പുരാണങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം ബുർജ് ഖലീഫ, അബൂദബിയിലെ ശൈഖ് സായിദ് മോസ്ക് ഉൾപ്പെടെയുള്ള യുഎഇയിലെ പ്രമുഖ നിർമിതികളുടെ രൂപങ്ങളും വെണ്ണക്കല്ലിൽ കൊത്തിയിട്ടുണ്ട്.
Discussion about this post