ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്ര സഭ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫ് നടത്തിയ പ്രസംഗത്തിന് അക്കമിട്ട് നിരത്തിയാണ് ജയശങ്കര്‍ മറുപടി നല്കിയത്.
പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ഭാരതത്തിന്റെ പ്രദേശം വിട്ടുനല്‍കുന്നതും ഭീകരവാദത്തോടുള്ള പാകിസ്ഥാന്റെ ദീര്‍ഘകാല ബന്ധം ഉപേക്ഷിക്കുന്നതും മാത്രമാണ് പരിഹരിക്കപ്പെടേണ്ട പ്രശ്‌നമെന്ന് ജയശങ്കര്‍ വ്യക്തമാക്കി. ജമ്മു കശ്മീരിലെ സ്ഥിതിവിശേഷത്തെ പാലസ്തീനുമായി താരതമ്യപ്പെടുത്തിയ പാക് പ്രധാനമന്ത്രിക്ക് ചുട്ടമറുപടിയാണ് പാക് അധിനിവേശ കശ്മീര്‍ ഭാരതത്തിന് വിട്ട് നല്കണമെന്ന് ആവശ്യം യുഎന്നില്‍ അവതരിപ്പിച്ചത്. ഇതോടെ കശ്മീരിലെ പാകിസ്ഥാന്റെ അധിനിവേശം ലോകരാജ്യങ്ങളില്‍ ചര്‍ച്ചയാക്കുവാന്‍ ഭാരതത്തിനായി.
പല രാജ്യങ്ങളും അവരുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങള്‍ കാരണം പിന്തള്ളപ്പെടുന്നു, എന്നാല്‍ ചിലര്‍ വിനാശകരമായ പ്രത്യാഘാതങ്ങളോടെ ബോധപൂര്‍വമായ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് പാകിസ്ഥാന്‍ ഉദാഹരണമാണ്. അവരുടെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങള്‍ അവര്‍ തന്നെ അനുഭവിക്കേണ്ടി വരും. 1947-ല്‍ രൂപീകൃതമായ സമയം മുതല്‍ ഏറ്റവും മോശമായ സാമ്പത്തിക സ്ഥിതിയാണ് പാകിസ്ഥാനുള്ളത്.
വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും നാശം മാത്രം ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനങ്ങളാണ് സമ്പദ് വ്യവസ്ഥ പിന്നോട്ട് പോകാന്‍ കാരണമായത്. അവരുടെ ദുഷ്പ്രവൃത്തികള്‍ അയല്‍പക്ക രാജ്യങ്ങളെയും ബാധിക്കുന്നു. പാകിസ്ഥാന്റെ ജിഡിപി ഭീകരവാദത്തിന്റെ രൂപത്തിലുള്ള കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ അളക്കാന്‍ കഴിയൂവെന്നും ജയശങ്കര്‍ പറഞ്ഞു.
Discussion about this post