ഢാക്ക(ബംഗ്ലാദേശ്): ഹിന്ദുവിശ്വാസങ്ങളെയും ഇസ്‌കോണിനെയും അപകീര്‍ത്തിപ്പെടുത്തി ജമാഅത്തെ ഇസ്ലാമി നേതാവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ചിറ്റഗോങ്ങില്‍ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍. അതേസമയം സംഘര്‍ഷത്തിന്റെ മറവില്‍ ബംഗ്ലാദേശ് സൈന്യം ഹിന്ദുന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വിഖ്യാത എഴുത്തുകാരി തസ്ലീമ നസ്‌റീന്‍ തന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവച്ചത്.
ജമാഅത്തെ ഇസ്ലാമി നേതാവ് ഒസ്മാന്‍ അലിയാണ് പ്രകോപനപരമായ പോസ്റ്റിട്ടത്. എന്നാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കാത്ത ബംഗ്ലാദേശ് സുരക്ഷാ സേന പ്രതിഷേധിച്ച ഹിന്ദുസമൂഹത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരും സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ബംഗ്ലാദേശിലെ ഹിന്ദു ഭൂരിപക്ഷമേഖലയായ ഹസാരി ഗലിയില്‍ കടന്നുകയറിയ ബംഗ്ലാദേശ് പോലീസ് വീടുകളിലും അതിക്രമങ്ങള്‍ നടത്തി.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. പ്രദേശത്തെ സിസിടിവികള്‍ വ്യാപകമായി പോലീസ് തകര്‍ത്തിട്ടുണ്ട്. അതേസമയം ഏറ്റുമുട്ടലിനിടയില്‍ പ്രതിഷേധക്കാര്‍ പോലീസിനെതി ആസിഡ് ആക്രമണം നടത്തിയെന്നും ഒമ്പത് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റുവെന്നും പോലീസ് പറഞ്ഞു. ഹിന്ദുസംഘടനാപ്രവര്‍ത്തകരായ 49 പേരെ അറസ്റ്റ് ചെയ്തു. അതിനിടെ ഹിന്ദുക്കളെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ ഹസാരിഗലി പോലീസ് തടവറയാക്കിയിരിക്കുകയാണെന്ന് ഹിന്ദുനേതാക്കള്‍ ആരോപിച്ചു.
Discussion about this post