ഢാക്ക: മതം, നിറം, വംശം, ലിംഗഭേദം എന്നിവ പരിഗണിക്കാതെ ഓരോ പൗരനെയും സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യഉപദേശകന്‍ മുഹമ്മദ് യൂനസ് പറഞ്ഞു. ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന ഭാരത വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് യൂനസ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഹിന്ദുക്കള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന വ്യാപക അക്രമങ്ങളെക്കുറിച്ച് ഭാരതത്തിന്റെ ആശങ്ക മിസ്രി അറിയിച്ചിരുന്നു.
ബംഗ്ലാദേശും ഭാരതവും തമ്മിലുള്ള ബന്ധം വളരെ ദൃഢവും അടുത്തതുമാണെന്നും യൂനസ് പറഞ്ഞു. അതേസമയം ഭാരതത്തില്‍ അഭയം പ്രാപിച്ച ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകളില്‍ മുഹമ്മദ് യൂനുസ് ആശങ്ക പ്രകടിപ്പിച്ചു. കൂടിക്കാഴ്ച 40 മിനിട്ട് നീണ്ടുനിന്നു. ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് എം.ഡി. തൗഹിദ് ഹുസൈനുമായും മിസ്രി കൂടിക്കാഴ്ച നടത്തി. യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഉന്നതതല നയതന്ത്ര ഇടപെടലാണ് വിദേശകാര്യ സെക്രട്ടറിയുടെ കൂടിക്കാഴ്ച.
കഴിഞ്ഞ മാസം ബംഗ്ലാദേശ് പൗരന്മാര്‍ക്കുള്ള വിസകളുടെ എണ്ണം ഭാരതം ഇരട്ടിയാക്കിയെന്നും വരും ദിവസങ്ങളില്‍ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്നും മിസ്രി പറഞ്ഞു. അധികാരമേറ്റ ശേഷം യൂനസിനെ അഭിവാദ്യം ചെയ്ത ആദ്യ വിദേശ നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മിസ്രി പറഞ്ഞു.
Discussion about this post