ലോകമെമ്പാടുമുള്ള ഹൈന്ദവ ഐക്യ പ്രസ്ഥാനത്തിന്റെ ഭാഗമായ് Kerala Hindus of North America ഓൺലൈൻ മുഖേന സംഘടിപ്പിച്ച അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം, അൻപതിലധികം ഹിന്ദു സംഘടനകളുടെ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.
സനാതനധർമ്മത്തിന്റെ സർവ്വലൗകിക സന്ദേശം ഉയർത്തിപ്പിടിച്ച സമ്മേളനത്തിൽ പ്രജ്ഞ പ്രവാഹിന്റെ അഖില ഭാരത സംയോജകൻ ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. Swami Vivekananda 1893-ൽ World’s Parliament of Religions-ൽ നടത്തിയ ചരിത്രപ്രസിദ്ധമായ “സഹോദരീ സഹോദരന്മാരെ” എന്ന അഭിവാദ്യത്തെ അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഹിന്ദു മതം ലോകമതങ്ങളുടെ മാതാവാണെന്നും “വസുധൈവ കുടുംബകം” എന്ന ഭാരതീയ ദർശനം മനുഷ്യരാശിയെ ഒരു കുടുംബമായി കാണുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യസമരകാലത്ത് യുവജനങ്ങളെ ജാഗ്രതയോടെ വളർത്തിയെടുത്ത Swami Vivekanandaയുടെ സംഭാവനകളെ അദ്ദേഹം വിശദീകരിച്ചു. വിവേകാനന്ദ ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട Sri Aurobindoയുടെ ഉത്തരപ്പാറ പ്രസംഗവും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാരതത്തിന്റെ ഉണർവ് ലോകത്തിനായാണെന്നും, ദേശീയത്വം സനാതനധർമ്മത്തിന്റെ തത്വസംഹിതയാണെന്നും അരവിന്ദൻ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
സനാതനധർമ്മം എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്ന സർവ്വലൗകിക സങ്കൽപ്പമാണെന്നും, അതിന്റെ ക്ഷയം ലോകക്രമത്തെയും ബാധിക്കുമെന്നും അരവിന്ദൻ മുന്നറിയിപ്പ് നൽകിയതായി നന്ദകുമാർ ചൂണ്ടിക്കാട്ടി. വിവേകാനന്ദന്റെയും അരവിന്ദന്റെയും ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട യുവജനപ്രസ്ഥാനങ്ങളുടെ ഫലമാണ് ഇന്നത്തെ ഭാരതത്തിന്റെ ഉണർവ്വെന്നും ലോകനേതൃത്വത്തിലേക്കുള്ള യാത്രയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈദേശിക ആധിപത്യകാലത്ത് നഷ്ടപ്പെട്ട പൈതൃകങ്ങളെ വീണ്ടെടുക്കുന്ന ദേശീയ മുന്നേറ്റങ്ങളിൽ, Subhas Chandra Bose, Vinayak Damodar Savarkar എന്നിവരെപ്പോലെ പ്രവാസ ഇന്ത്യക്കാരും മാതൃഭൂമിയോടൊപ്പം നിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. “ഏകം സത് വിപ്രാ ബഹുധാ വദന്തി” എന്ന സന്ദേശം ലോകമതങ്ങൾ അംഗീകരിക്കുമ്പോൾ മതകലഹങ്ങൾ അവസാനിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.
സമ്മേളനത്തിൽ അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘടനാ പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു. KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ സ്വാഗതം അറിയിച്ചു. വിഭാഗീയതകളെയും ജാതിവിവേചനങ്ങളെയും അതിജീവിക്കുന്ന ഹൈന്ദവ ഐക്യത്തിനായി KHNA പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂയോർക്കിലെ മലയാളി ഹിന്ദു മണ്ഡലം (മഹിമ), ഷിക്കാഗോയിലെ ഗീതാമണ്ഡലം, കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്‌സി (KHNJ), മിഷിഗൺ, സൗത്ത് ഫ്ലോറിഡ, കാനഡ തുടങ്ങിയ മേഖലകളിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ അറിയിച്ചു.
ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ ,മുൻ പ്രസിഡന്റ് സുരേന്ദ്രൻ നായർ ,സെക്രട്ടറി സിനു നായർ ,അനുശ്രീ ജയേഷ് എന്നിവര്‍ സംസാരിച്ചു
അനഘ വാര്യർ, നന്ദകുമാർ ചക്കിങ്കൽ, സുരേഷ് (മിന്നസോട്ട), സുധ കർത്ത, ശ്രീജിത്ത് ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.



















Discussion about this post