“സന്തിത്തെറുപെറുക്കും സാസ്ത്തിറം കർപ്പോം, ചന്തിര മണ്ഡലത്തിയിലിനൈ കണ്ട് തെളിവോം” …
“തെരുവ് അടിച്ച് വാരി വൃത്തിയാക്കുന്ന ശാസ്ത്രം പഠിക്കാം, ചന്ദ്രോപരിതലം കണ്ട് നിറവ് നേടാം” … സ്വാതന്ത്രത്തിനും മുൻപ് ഇനി വരുന്ന ഭാവി കാലത്ത് ഭാരതം എങ്ങനെ മുന്നോട്ട് നീങണം എന്നത് ഒരു മഹാകവി കുറിച്ചിട്ടത് ദേ മുകളിൽ പറഞ്ഞ വരികളിലൂടെയാണ്. ചന്ദ്രോപരിതലം കാണുക, അല്ലെങ്കിൽ കണ്ടെത്തുക ആരാണ്? ശാസ്ത്രജ്ഞർ, വലിയ പഠിപ്പറിവുള്ള, ഉന്നതരായ വ്യക്തികൾ അല്ലെ?.. അവർക്ക് തുല്യരായാണ് കവി ഇവിടെ തെരുവിലെ അടിച്ചുവാരുന്ന തൊഴിലാളികളെ നിർത്തുന്നത്. ഇവിടെയും കവി ചന്ദ്രോപരിതലത്തിൽ പഠനം നടത്തുന്നതിനെ അല്ല ശാസ്ത്രം എന്നു പറഞ്ഞത്, മറിച്ച് തെരുവ് അടിച്ചു വാരി വൃത്തിയാക്കുന്നതിനെയാണ് കവി ശാസ്ത്രം എന്നു വിശേഷിപ്പിച്ചത് ..
പഠിക്കാൻ അനുവാദമില്ലാത്ത, പഠിക്കാൻ പണമില്ലാത്ത ഒരു താഴ്ന്ന വിഭാഗം ആണല്ലോ പണ്ട് ഏറ്റവും താഴെയുള്ള ജോലികൾ ചെയ്യുന്നത്, അവരെയും ചന്ദ്രോപരിതലത്തെ കുറിച്ച് പഠനം നടത്തുന്ന ഗവേഷകരെയും ഈ രാഷ്ട്രം ഒന്നായി കാണണം, ഒരേ പരിഗണന നൽകണം എന്നാൽ മാത്രമേ രാഷ്ട്രത്തിന് നിലനിൽപ്പുള്ളൂ, എന്നാൽ മാത്രമേ രാഷ്ട്രത്തിൻ്റ വളർച്ചയ്ക്ക് ഒരു ദിശ ഉണ്ടാകു, ഇത് സ്വാതന്ത്ര്യത്തിനും പല വർഷങ്ങൾക്കു മുൻപ് പറഞ്ഞു വെച്ച കവിയുടെ സ്മൃതി ദിനമാണ് ഇന്ന്.
1882 ഡിസംബർ 11 ന് തൂത്തുക്കുടിയിലെ എട്ടയ്യാപുരത്ത് ചിന്നസ്വാമി സുബ്രഹ്മണ്യ അയ്യർക്കും ലക്ഷ്മി അമ്മാളിനും സുബ്ബയ്യ എന്ന സുബ്രഹ്മണ്യ ഭാരതി ജനിച്ചു. കവി എഴുത്തുകാരൻ, പത്രപ്രവർത്തകൻ, സാമൂഹ്യ പരിഷ്കർത്താവ്, സ്വാതന്ത്രസമര സേനാനി തുടങ്ങി നിരവധി മേഖലകളിൽ തിളങ്ങി നിന്നയാളാണ് ഭാരതിയാർ. തൂത്തുക്കുടിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കാശി സന്ദർശിച്ച് തുടർ പഠനം നടത്തി. “ഭാരതിക്ക് കണ്ണമ്മ” എന്ന ഒരു ഒരു പ്രയോഗം തമിഴിൽ ഉണ്ട്, തൻ്റെ വിവിധ കവിതകൾക്ക്, വിവിധ എഴുത്തുകൾക്ക് പ്രചോദനമായത് തൻ്റെ പത്നി ചെല്ലമ്മ എന്ന കണ്ണമ്മയാണ് എന്ന് ഭാരതിയാർ തന്നെ പലവുരു പറഞ്ഞിട്ടുണ്ട് ..
വീരം, രൗദ്രം, കോപം, ഭയം, പ്രണയം, വിരഹം, ഭക്തി, നർമ്മം, ദേശീയത എല്ലാത്തിനും ഭാരതിയാർക്ക് തൻ്റേതായ രീതികളുണ്ടായിരുന്നു. ഉദാഹരണത്തിന് വിശപ്പ് എന്ന ഭാഗം എടുക്കാം ഒരാൾ പട്ടിണി മൂലം വിശന്നിരിക്കുന്നു എങ്കിൽ നമ്മൾ എന്ത് ചെയ്യണം എന്നാണ് ? ഇത്രയും മനുഷ്യർ പാർക്കുന്ന ഈ ഭൂമിയിൽ ഒരാൾക്ക് കഴിക്കാൻ ഭക്ഷണം ഇല്ലെങ്കിൽ ഈ ഭൂമിക്ക് മുഴുവനായങ്ങ് ഇട്ടേക്കണം എന്ന് ആക്രോശിച്ച വ്യക്തിയാണ് ഭാരതിയാർ, “തനി ഒരു മനിതനുക്കുണവില്ലിയേൽ ഇജ്ജജഗത്തിനെ അഴിപ്പോം” .. ഇത് ഒരു ഉദാഹരണം മാത്രമാണ് .. പണ്ടൊരുനാൾ ഒരു തമിഴ് എഴുത്തുകാരൻ ശ്രീ അരവിന്ദ് ഘോഷിനെ കാണാൻ പോകുന്നു. ഭാരതിയാറും അരവിന്ദ് ഘോഷിനെ കാണാൻ പോകാറുണ്ട്. ഒരിക്കൽ അരവിന്ദ് ഘോഷിനെ കണ്ടു സംസാരിക്കവേ ഭാരതിയാറെക്കുറിച്ച് ആ എഴുത്തുകാരൻ “വളരെ ദേശസ്നേഹിയായ ആയ ഒരു കവിയാണ് ഇദ്ദേഹം” എന്ന് അരവിന്ദഘോഷ് നോട് പറഞ്ഞു. ദേശ സ്നേഹത്തിലും മറ്റും മറ്റാരെക്കാളും ഉയർന്നവർ തങ്ങളാണ് എന്ന ബോധം വെച്ചുപുലർത്തിയിരുന്ന അരവിന്ദ് ഘോഷിൻ്റെ ഒരു ബംഗാളിയായ അനുയായി ഉടനെ ആ എഴുത്തുകാരനോട് ചോദിച്ചു “ദേശഭക്തനായി ഇരിക്കാൻ ബ്രിട്ടീഷുകാരിൽ നിന്നും നിന്നും അനുമതി മേടിച്ചോ?” എന്ന് .. ചോദ്യത്തിലെ പരിഹാസം മനസ്സിലായ ആ വ്യക്തി പെട്ടെന്ന് ഒന്നും മിണ്ടാതെ നിന്നു, എന്നാൽ തൊട്ടു പിന്നിൽ നിന്ന് ഒരു ശബ്ദം ഉയർന്നു വന്നു “അടിമയിൽ എന്ന തമിഴ് അടിമൈ, വംഗാള അടിമൈ?” എന്ന് .. ഭാരതിയാരുടെ വാക്കുകളായിരുന്നു അത്. ഭാരതം മുഴുവൻ ബ്രിട്ടീഷിൻ്റെ കീഴിലായിരിക്കുമ്പോൾ എന്തിനാണീ പരസ്പര പരിഹാസവും,താരതമ്യവും, താൻ പെരുമയും എന്ന് കുറിക്ക് കൊള്ളും വിധം കൊടുത്തതാണ് ഭാരതിയാർ. ഇത്തരത്തിൽ ഉള്ള ഒരു ക്ഷുഭിത യൗവനം ആയിരുന്നു മഹാകവി ഭാരതിയാർ ..
അയ്യർ ജാതിയിൽ ജനിച്ച് ജാതി അസമത്വത്തിനെതിരെ നിരന്തരം ശബ്ദിച്ച വ്യക്തിയാണ് ഭാരതിയാർ.
“சாதிகள் இல்லையடி பாப்பா!”
“ജാതികൾ ഇല്ലയടി പാപ്പാ” എന്ന ഒറ്റവരി ഇന്നും വേദമന്ത്രം പോലെയാണ് മുഴങുന്നത്. “കാക്കൈ കുരുവി എങ്കൾ ജാതി, നീർ കടലും മലൈയും എങ്കൾ കൂട്ടം” എന്ന് പറഞ്ഞതും , “வெள்ளை நிறத்தொரு பூனை, எங்கள் வீட்டில் வளருது கண்டீர்… ” (വെള്ളൈ നിറത്തൊരു പൂണൈ എങ്കൾ വീട്ടിൽ വളറുത് കണ്ടീർ”) .. വീട്ടിലെ വെളുത്ത പൂച്ച പ്രസവിച്ചതും നാല് കുട്ടികളും നാല് നിറമാണെന്നും എങ്കിലും അതെല്ലാം ഒന്നാണെന്നും പറഞ്ഞ് ജാതി അസമത്വത്തിനെതിരെ അന്ന് അക്കാലത്ത് ഇങനൊരു കവിത കുറിച്ച് വിപ്ലവം സൃഷ്ടിച്ച ഇദ്ദേഹത്തെ ഇതിഹാസം എന്നല്ലാതെന്ത് വിളിക്കണം ..
8 ഭാഷകൾ എഴുതാനും വായിക്കാനും കഴിഞ്ഞിരുന്ന ഭാരതി അതിനെക്കുറിച്ച് പറഞ്ഞത് “യാം അറിന്ത മൊഴികളിലേ തമിഴ് മൊഴി പോൽ ഇനിതാവതെങ്കും കാണവില്ലെ” തമിഴ് മൊഴിയെ അത്രമേൽ ഭ്രാന്തമായി സ്നേഹിച്ച മറ്റൊരാളെ മഷിയിട്ട് നോക്കിയാലും കാണാനാകില്ല. അന്നൊരു നാൾ ഒരു യൂണിവേർസിറ്റിയിലെ പ്രഫസർ “തമിഴിൽ ചില കാര്യങ്ങൾ സൂചിപ്പിക്കാൻ വാക്കുകൾ ഇല്ല, അതൊരു കുറവാണ്” എന്ന് പരാമർശിച്ച് കത്തെഴുതി .. രോഷം കൊണ്ട ഭാരതി ഒരു മറു കുറിപ്പിൽ സൂചിപ്പിച്ചു “കോണകം മാത്രം ഉടുത്ത് ജീവിക്കുന്നൊരു സമൂഹത്തിൻ്റ ഇടയിലേക്ക് പെട്ടെന്നൊരു നാൾ പട്ട് അംഗ വസ്ത്രം കൊണ്ട് ചെന്നാൽ അത് എന്താണെന്ന് പറയാൻ അവിടാർക്കും അറിയില്ല .. അത് ആ ഭാഷയുടെ കുറവല്ല” .. എന്ന്, ഒരു സമുഹത്തിൽ ഇല്ലാത്ത ഒരു വിഷയത്തിന് അവിടെ ഒരു പ്രത്യേക വാക്കുണ്ടാകില്ല, നിങ്ങളതിനെ ഇവിടെക്ക് കൊണ്ട് വരു ശേഷം ആ സമുഹത്തിലെ ഭാഷ അതിന് പേര് നൽകിക്കോളും എന്നാണദ്ദേഹം പറഞ്ഞത്. അതു പോലെ ലോകത്ത് പുതിയ സാഹചര്യങ്ങളും, സംഭവ വികാസങളും, കണ്ടു പിടിത്തങളും നടക്കവേ ഭാഷയിൽ അതിൻ്റെ കൂടെ പുതിയ വാക്കുകൾ ചേർക്കപ്പെടണം എന്നതിലും ഭാരതിയാർ അതീവ ശ്രദ്ധാലുവായിരുന്നു .. “പൊതു ഉടമൈ” [Public property] , “അവയവി” [Member] തുടങ്ങി വിവിധ പദങ്ങൾ തമിഴിലേക്ക് ചേർത്തത് അദ്ദേഹമാണ്.
കോപം എന്നത് തെറ്റായ ഒന്നാണ്, അത് നിയന്ത്രിക്കണം, കോപം നമ്മെ നശിപ്പിക്കും എന്നെല്ലാം എല്ലാവരും യുവാക്കളോട് പറയവെ “ரௌத்திரம் பழகு” [രൗദ്രം ശീലിക്കു] എന്ന് തുറന്ന് പറഞ്ഞ് കോപത്തെ നീ ശരിയായി ഉപയോഗിക്ക് എന്ന് വേറൊരു രീതിക്ക് പറഞ്ഞു തന്ന ആളാണ് ഭാരതിയാർ.
കണ്ണനെ തൻ്റെ വീട്ടുവേലക്കാരനായി കണ്ട് എഴുതിയ കവിത, കണ്ണൻ്റ പ്രണയത്തെക്കുറിച്ചെഴുതിയവ തുടങ്ങി ധാരാളം ഉണ്ട് ഭക്തി കവിതകൾ. കടുത്ത ‘ശക്തി’ ആരാധകനായിരുന്നു ഭാരതിയാർ. അതിനാൽ തന്നെ “ശക്തിദാസൻ” എന്നൊരു പേരും അദ്ദേഹത്തിനുണ്ടായിരുന്നു. ശക്തിയെ എത്രത്തോളം ആരാധിക്കും എന്നാൽ ഒരു സുഹൃത്തിനോട് എന്ന വണ്ണം സംസാരിക്കും, പിണങും, ദേഷ്യപ്പെടും, അധികാര ഭാവത്തിൽ ശാസിക്കും എല്ലാം ചെയ്യും. താനും പത്നിയും ഒന്നിച്ചിരുന്ന് സ്വകാര്യ നിമിഷങ്ങൾ പങ്കിടവെ തങ്ങൾക്ക് കാവലായി വന്ന് അപ്പുറത്ത് നിൽക്കണം നീ എന്നാണ് ഒരു കവിതയിൽ അദ്ദേഹം ശക്തിയോടാവശ്യപ്പെടുന്നത് .. “പരാശക്തീ… ഉപ്പുക്കും പുളിക്കും എന്നൈ നീ തൊടർന്ത് വരുന്ത ചെയ്താൽ നാൻ നാത്തികനാകി വിടുവേൻ” [ഉപ്പിനും പുളിക്കും (ഭക്ഷണ കാര്യത്തിന്) എന്നെ നീ നിരന്തരം കഷ്ടപ്പെടുത്തിയാൽ ഞാൻ പിന്നെ നിശീശ്വരവാദിയായിക്കളയും] എന്ന് പറഞ്ഞ് പരാശക്തിയെ അധികാരപൂർവ്വം വിരട്ടി ശാസിക്കുന്നുമുണ്ട് അദ്ദേഹം .. ഈ കവിതയിൽ ശക്തിയെ മാത്രമല്ല അദ്ദേഹം സൂചിപ്പിച്ചത്, തൻ്റെ പട്ടിണിയെക്കൂടിയാണ് .. ധനികനായി ജീവിച്ച ശേഷം വളരെ പട്ടിണിയും ദുരിതവും നേരിട്ടയാളാണ് ഭാരതിയാർ. ബ്രിട്ടീഷുകാരോട് വിധേയനായി നിന്നിരുന്നെങ്കിൽ നല്ല ജോലിയിൽ കഴിഞ്ഞ് സുഖമായി ഇരിക്കാമായിരുന്നു അദ്ദേഹത്തിന്. എന്നാൻ ബ്രിട്ടീഷുകാരനെയും റാൻ മൂളികളായ ജമീന്ദാർമാരെയും തൻ്റെ പേനയും , മഷിയും കൊണ്ട് ചാട്ടവാറിനടിക്കുകയായിരുന്നു ഭാരതിയാറിൻ്റെ പ്രധാന വിനോദം .. പിന്നെങ്ങനെ പട്ടിണി മാറാനാണ് ..
ഈ ദാരിദ്ര്യത്തിലും ചെല്ലമ്മ തൊട്ടപ്പുറത്ത് നിന്ന് ഒക്കെ അരി വാങ്ങിച്ച് കൊണ്ട് വന്ന് വെക്കുമത്രെ, എന്നാൽ ആ അരി എടുത്ത് അവിടത്തെ കാക്കക്കും കുരുവികൾക്കും വിതറി “കാക്കൈ കുരുവി എങ്കൾ ജാതി, നീർ കടലും മലൈയും എങ്കൾ കൂട്ടം…” എന്ന് കവിത പറഞ്ഞു നിൽക്കുന്ന ഭാരതിയാറെ ഒട്ട് പരിഭവത്തോടെ തന്നെ ചെല്ലമ്മ പലയിടത്തായി പറഞ്ഞിട്ടുണ്ട് ..
ദേശീയത എന്ന വിഷയമാണ് ഭാരതിയാറിൻ്റെ ജീവശ്വാസം എന്ന് തന്നെ പറയാം .. 1915-16 കാലത്ത് തന്നെ അദ്ദേഹം നാം തീർച്ചയായും സ്വതന്ത്രരാകും, ഐശ്വര്യ പൂർണ്ണമായ ഭാവി ഭാരതത്തിനുണ്ട് എന്ന് പ്രത്യാശിച്ച് പാട്ടെഴുതിയിട്ടുണ്ട്. “തായിൻ മണിക്കൊടി പാറീർ ..
അതൈ താഴ്ന്തു പണിന്ത് പുകഴ്ന്തിട വാറീർ” .. [മാതൃരാഷ്ട്രത്തിൻ്റ കൊടി കാണു, താഴ്ന്ന് വണങ്ങി നിന്ന് അതിനെ കുറിച്ച് പുകഴ്ത്തിപ്പാടാൻ വരു] .. മാത്രമല്ല ഭാരതം മോചിപ്പിക്കപ്പെടും, ശേഷം ഈ നാട് അഭൂതപൂർവ്വമായ വളർച്ച കൈവരിക്കും എന്നും ഭാരതിയാർ എഴുതിയിട്ടുണ്ട് ..
“നമ്പർക്കുറിയവർ നം വീരർ ..
തങ്കൾ നല്ലുയിർ ഈഴ്ന്തും ..
ഇക്കൊടിയിനൈ കാപ്പാർ” ..
[വിശ്വസ്തരാണ് നമ്മുടെ വീരന്മാർ
അവരുടെ ജീവൻ നൽകിയായാലും
ഈ കൊടിയവർ കാത്ത് സൂക്ഷിക്കും] .. അത് പോലെ അദ്ദേഹത്തിൻ്റെ ഏറ്റവും പ്രസിദ്ധമായ കവിതകൾ ഇന്നൊരു നാൾ കൊണ്ട് പറഞ്ഞാലോ എഴുതിയാലോ തീരില്ല ..
അച്ചമില്ലെ അച്ചമില്ലൈ അച്ചമെൻപതില്ലയേ ..
ഓടി വിളയാട് പാപ്പ ..
പിറർ വാഴ പല സെയൽകൾ സെയ്ത് .. (നാൻ വീഴ് വേൻ എൻട്രു നിനൈത്തായോ) ..
നിർപ്പതുവേ നടപ്പതുവേ ..
കാട്ര് വെളിയിട കണ്ണമ്മാ ..
അഗ്നി കുഞ്ചൊൻട്രു കണ്ടേൻ ..
വീര സുതന്ദിരം ..
ആസൈ മുഖം .. etc …
നമ്മുടെ തിരുവനന്തപുരം മൃഗശാലയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ ഒരു രസകരമായ കഥ ഒരു എഴുത്തിൽ ചെല്ലമ്മ ഭാരതി വിവരിക്കുന്നുണ്ട് ..
മൃഗശാലയിലെത്തി ചുറ്റി കാണവേ കൂട്ടിൽ സിംഹത്തെ കണ്ടതും ഭാരതിയാർ കൂട്ടിലേക്ക് കൈ നീട്ടിയിട്ട് സിംഹത്തോടായി പറയുന്നു “നീ മിറുക രാജ, നാൻ കവി രാജ” എന്ന് .. ഇത് കണ്ട് അവിടേക്ക് വന്ന ഭാര്യ ചെല്ലമ്മ പ്രാർത്ഥിച്ചത് “സിംഗത്തുക്ക് നല്ല ബുദ്ധി കൊട് കടവുളേ” എന്നായിരുന്നത്രെ … ഏതാണ്ട് അതു പോലൊരു ‘മൃഗ’ സ്നേഹ കാരണം ആണ് അദ്ദേഹത്തിൻ്റെ ആരോഗ്യം ക്ഷയിച്ചതും .. 1920 ൽ ഒക്കെ വിവിധ സമയത്തെ ജയിൽവാസങ്ങളാലും മറ്റും അദ്ദേഹം അതീവ ക്ഷീണിതനും രോഗിയുമായിരുന്നു .. ഒടുവിൽ 1921 ൽ ചെന്നൈ തിരുവള്ളിക്കേനി പാർത്ഥസാരഥി ക്ഷേത്രത്തിൽ അദ്ദേഹം നിത്യവും സന്ദർശിച്ച് തേങ്ങയും മറ്റും നൽകുന്ന ഒരു ആന പെട്ടെന്നൊരു നാൾ അദ്ദേഹത്തെ ആക്രമിച്ചു , അന്നത്തെ ആ വീഴ്ച്ചയുടെ ആഘാതത്തിന് ശേഷം സെപ്റ്റംബർ 12ന് അദ്ദേഹം ജീവൻ വെടിഞ്ഞു .. അതിനെ ആരോ ഇങ്ങനെ കുറിച്ച് വെച്ചു ..
“യാനൈ മോതി തമിഴ് സരിന്തതു”
Discussion about this post