പഴശ്ശി സമരങ്ങളുടെ ‘പവർഹൗസ്’ എന്ന് ഒരാളെ വിശേഷിപ്പിക്കാൻ കഴിയുമെങ്കിൽ അത് എടച്ചന കുങ്കൻ എന്ന നേതൃഗുണമുള്ള യോദ്ധാവിനെയാണ് . കുങ്കന്റെ നേത്യത്വത്തിൽ വയനാട്ടിൽ ഈസ്റ്റ് ഇന്ത്യാ കമ്പിനിക്കെതിരെ നടത്തപ്പെട്ട പോരാട്ടങ്ങളെ കുറിച്ച് പഠിക്കുന്ന ഒരു ചരിത്ര വിദ്യാർത്ഥിക്ക് ശത്രുവിനോട് ഒരണുവിടപോലും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാവാതിരുന്ന എടച്ചന കുടുംബത്തെ അറിയുവാൻ കഴിയും .പഴശ്ശികലാപകാലഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ നഷ്ടം സഹിക്കേണ്ടി വന്നതും എടച്ചന തറവാടിനാണ് .സ്വദേശി ചരിത്രകാരൻമാർ അൽപ്പം പോലും നീതി കാണിച്ചില്ലെങ്കിലും ശത്രുക്കളായ ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങളുടെ റിക്കാർഡുകളിൽ അദ്ദേഹത്തിന് അർഹമായ സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട് .കമ്പനിയുടെ സിവിൽ മിലിട്ടറി കറസ്പോണ്ടൻസുകളിൽ എടച്ചന കുങ്കനെ പരാമർശിച്ചിരുന്നത് ‘ഒരു തരത്തിലും വഴങ്ങാത്ത പോരാട്ട വീരൻ’ എന്നാണ് .
1796 ഏപ്രിലിൽ പേരിയ ചുരം കയറി വയനാട്ടിൽ കയറിയ പഴശ്ശി തമ്പുരാനെ മുൻനിർത്തി പടയണി കൂട്ടിയവരിൽ മുമ്പൻമാർ കുങ്കനും സഹോദരൻമാരും മരുമക്കളുമായിരുന്നു. പഴശ്ശി സമരപരമ്പരയിലെ സുപ്രധാന പോരാട്ടങ്ങളും വിജയങ്ങളും കുങ്കന്റെയും ശേഷക്കാരുടെയും പ്രയത്നത്തിന്റെ കൂടി ഫലമാണ്.
1797 മാർച്ച് 10 ന് നടന്ന മംഗലശ്ശേരി പോരാട്ടവും കോറോത്തുണ്ടായ ഏറ്റുമുട്ടലുകളും കുങ്കന്റെ നേതൃത്വത്തിലായിരുന്നു .1797 മാർച്ച് 17 ന് തലശ്ശേരിക്ക് മടങ്ങിയ കേണൽ ഡൗവിന്റെ സംഘത്തെ ആക്രമിക്കുകയും പിറ്റേന്ന് ചുരമിറങ്ങാൻ ശ്രമിച്ച മേജർ കാമറൂണിന്റെ പട്ടാളത്തെ കൂട്ടക്കൊല ചെയ്തതും, തിണ്ടുമ്മലിലുണ്ടായിരുന്ന ലഫ്ടണന്റ് ജോൺ ഇംഗ്ലീസിന്റെ പടയെ തൂത്തുവാരിയതും കുങ്കന്റ ആളുകളായിരുന്നു. 1801 ജനുവരി അവസാനം പുരിഞ്ഞി മലയിൽ ക്യാപ്റ്റൻ ഡസിയുടെ സൈന്യത്തെയും രൂക്ഷമായി എതിരിട്ടു.
തൊണ്ടർനാടൊഴികെയുള്ള വയനാട് പ്രദേശങ്ങൾ ഒറ്റക്കെട്ടായി കുങ്കനൊപ്പം ചേർന്നിട്ടുള്ളതായി 1802 ഏപ്രിലിൽ വയനാട്ടിലെ ചാരൻമാരിൽ നിന്നും കമ്പനിയുടെ തലശ്ശേരി കോട്ടയിൽ ലഭിച്ച റിപ്പോർട്ട് ആ നേതാവിന്റെ ജനസമ്മതിയും വനവാസികൾ അടക്കമുള്ള ജനവിഭാഗങ്ങളിൽ അദ്ദേഹത്തിന്റെ സ്വാധീനവും വെളിപ്പെടുത്തുന്നുണ്ട് .1802 ഒക്ടോബർ 11 ന് പനമരം കോട്ട ആക്രമിച്ച കുങ്കനും സംഘവും 70 ഓളം പട്ടാളക്കാരെ വധിക്കുകയും നൂറിൽ പരം തോക്കുകൾ പിടിച്ചെടുക്കുകയും ചെയ്തു. പുളിഞ്ഞാലിലെ ബറ്റാലിയൻ താവളത്തെ വളഞ്ഞ കലാപകാരികളെ നേരിടാൻ കമ്പനിക്ക് വേറെ സൈന്യത്തെ അയക്കേണ്ടി വന്നു .ഒക്ടോബർ 27 ന് ബാവലിപ്പുഴയുടെ തീരത്തും നവംബർ 12ന് മാനന്തവാടി പുഴക്കടവിലും നടന്ന നേർക്കുനേർ ഏറ്റുമുട്ടൽ നയിച്ചത് കുങ്കനും സഹോദരൻമാരുമായിരുന്നു .പഴശ്ശി ചുരമിറങ്ങിയപ്പോൾ ചുരിഗുനി മഠത്തിൽ ക്യാമ്പ് ചെയ്തിരുന്ന കമ്പനി സൈന്യത്തെ കുങ്കനും കൂട്ടരും തൂത്തുവാരി. 1803 ജനുവരിയിലും അതിനടുത്ത വർഷവും കോഴിക്കോട്, ചിറക്കൽ, കോട്ടയം, കുറുമ്പ്രനാട്,മണത്തണ, അഞ്ചരക്കണ്ടി പ്രദേശങ്ങളിലെ കമ്പനിപ്പട്ടാളത്തിന്റെ പേടി സ്വപ്നമായി കുങ്കനും സംഘവും മാറി.
1805 ഡിസംബർ 16 ന് പുളിഞ്ഞാലിൽ ശത്രുക്കളുടെ പിടിയിൽ പെടാതെ വീരാഹുതി ചെയ്യുന്നത് വരെ വെള്ളക്കാരുമായി സന്ധി ചെയ്യുന്നതിനെ കുറിച്ച് അദ്ദേഹം ചിന്തിക്കുക പോലും ഉണ്ടായില്ല .പഴശ്ശി സമരത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളനുഭവിക്കേണ്ടി വന്ന എടച്ചന കുടുംബത്തിലെ കുങ്കൻ, രയരപ്പൻ, അമ്പു, കോമപ്പൻ, പൊന്നപ്പൻ, ഒതേനൻ എന്നിവർ രക്തസാക്ഷികളായി. കുങ്കന്റെ വീട് ഇടിച്ചു നിരത്തിയ കമ്പനിപ്പട്ടാളം കുടുംബസ്വത്തായി എടച്ചന ദേശത്തുണ്ടായിരുന്ന 66 ഏക്കർ 20 സെന്റ് ഭൂമി കണ്ടു കെട്ടുകയും എടച്ചന തറവാട്ടിലെ പുരുഷൻമാർ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും അവരെ ഗവൺമെന്റ് സ്ഥാപനത്തിൽ നിയമിക്കുന്നതും നിരോധിക്കുകയും ചെയ്തു .
ഈ നാടിനെ ആക്രമിച്ച , നാട്ടുകാരെ കൊള്ളയടിച്ച , ക്ഷേത്രങ്ങൾ തച്ചു തകർത്ത ആളുകളുടെ വർണ്ണനകൾ നമുക്ക് ചരിത്രത്തിലുടനീളം കാണുവാൻ സാധിക്കുമ്പോൾ , വേണ്ടുവോളം തെളിവുകൾ അവശേഷിച്ചിട്ടും എടച്ചന കുങ്കനെ പോലെയുള്ള നേതൃഗുണവും, രണശൂരതയും ഉള്ള, നിലപാടുകളിൽ നിന്ന് വ്യതിചലിക്കാത്തവരായ, പിറന്ന നാടിന് വേണ്ടി പൊരുതി മരിച്ച ധീരന്മാർ തമസ്കരിക്കപ്പെടുന്നു.
മലയാളക്കരയുടെ ധീര യോദ്ധാവിന് ശതകോടി പ്രണാമങ്ങൾ
Discussion about this post