ചരിത്രം ഒരു തിരശീലയാണ്. അതിനു പിന്നിൽ എവിടെനിന്നോ പരന്ന ഇരുളിൽ മറക്കപെട്ട സത്യങ്ങൾ ഇന്നും ഉറങ്ങാതെ ഇരിക്കുന്നുണ്ടാകാം. ബ്രിട്ടീഷ് സാമ്രാജ്യത്തോട് പൊരുതി വീണ അതികായന്മാരുടെ ഇടയിൽ ചരിത്രം തന്റെ ഇരുളിന്റെ തിരശീല കൊണ്ട് മൂടിയ ഒരു പേരുണ്ട് .. വാൾമുനകളെ വെടിമരുന്നു കൊണ്ട് നേരിട്ട ബ്രിട്ടീഷ് സൈന്യത്തോട് ഏറ്റുമുട്ടി സ്വന്തം രാജ്യം തിരിച്ചു പിടിച്ച ഒരു വനിത. ശിവഗംഗൈ റാണി വീരമംഗയ് വേലു നാച്ചിയാർ.
രാമനാഥപുരത്തെ രാജ ചെല്ലമുത്തു വിജയരാഗുനാഥ സേതുപതിയുടെയും സാഗന്ധിമുതൽ റാണിയുടേയും ഏക പുത്രിയായ വേലു നാച്ചിയാർ 1730 ജനുവരി 3 നു ജനിച്ചു. ചെറുപ്പത്തിൽ തന്നെ കുത്തിയോട്ടം, വാൾപയറ്റു, യുദ്ധതന്ത്രം എന്നിവയെ ഉൾപ്പടെ തമിഴ് നാടിൻറെ ആയോധനകലാരൂപമായ സിലമ്പാട്ടവും വശമാക്കിയിരുന്നു. കൂടാതെ ഭാരതീയമായ ഒട്ടുമിക്ക ഭാഷകളും ഇംഗ്ലീഷ്, ഉറുദു, ഫ്രഞ്ച് ഭാഷകളും വേലു നാച്ചിയാർ പഠിച്ചെടുത്തു. ശിവഗംഗൈ നാടിൻറെ രാജ മുതുവാടുകനാഥപെരിയ ഉടൈയതേവർ വേലു നാച്ചിയാർക്കു പുടവ നൽകിയതോടെ അവർ ആ നാടിൻറെ റാണിയായി.
ബ്രിട്ടീഷ്കാർ ഏതുവിധേനയും രാജ്യങ്ങൾ കീഴ്പ്പെടുത്തി ബ്രിട്ടീഷ് ഇന്ത്യയോട് ചേർക്കുന്ന കാലം ആയിരുന്നു അത്. ബ്രിട്ടീഷ് പട്ടാളവും ആർകോട് നവാബും ചേർന്ന് ശിവഗംഗയ്‌യെ ആക്രമിക്കുകയും അതിൽ രാജ മുതുവാടുകനാഥപെരിയ ഉടൈയാതെവരും വളർത്തു പുത്രി ഉടൈയാളും കൊല്ലപ്പെടുകയും ചെയ്തു. പ്രിയപെട്ടവരുടെ ജീവത്യാഗത്തിൽ പതറാതെ വേലുനാച്ചിയാർ ബ്രിട്ടീഷുകാർക്ക് എതിരെ പട നയിച്ച് എങ്കിലും പീരങ്കിയിൽ നിന്ന് തെറിച്ചു വരുന്ന ചെറു ബോംബുകൾ കൊണ്ട് ചെറുക്കാൻ ശിവഗംഗൈ സൈന്യത്തിന് ആവതില്ലായിരുന്നു..
ശരീരത്തിനും മനസിനും ഏറ്റ മുറിവുകളുമായി ഏക മകളെയും കൂട്ടി വേലു നാച്ചിയാർ കാടുകയറി. എട്ടു വർഷത്തോളം പാലയകാരാർ കോപ്പാള നായകർ എന്ന വിഭാഗത്തിന്റെയും അരുന്ധതിയാർ എന്ന താഴ്ന്ന സമുദായം എന്ന് മുദ്രകുത്തപെട്ടവരുടെയും സംരക്ഷണയിൽ ആയിരുന്നു റാണി വേലുനാച്ചിയാർ. അവിടെ വെച്ച് ആണ് വേലുനാച്ചിയാർക്കു കുയിലി എന്ന ധീര വനിതയെ കൂട്ടിനു ലഭിക്കുന്നത്. സ്ത്രീകളെ കൂട്ടി നഷ്ടപെട്ട തൻറെ ദത്തു പുത്രി ഉടയാളിന്റെ പേരിൽ ഒരു സൈന്യം ഉണ്ടാക്കാൻ റാണിക്ക് സാധിച്ചു..
മുൻപരാജയവും ശത്രുതയും മറന്നു മൈസൂർ സുൽത്താൻ ഹൈദർ അലിയും ഗോപാല നായകരും റാണി വേലു നാച്ചിയരുടെ പ്രത്യാക്രമണത്തിൽ സഹായിച്ചു. ബ്രിട്ടീഷ് കൂടാരത്തിൽ നുഴഞ്ഞു കയറി വെടിക്കോപ്പുകളും മറ്റും നശിപ്പിക്കുക എന്നതായിരുന്നു വേലു നാച്ചിയരുടെ ആദ്യ ലക്ഷ്യം. ഇതിനു വേണ്ടി സ്വയം ജീവത്യാഗം ചെയ്യാൻ വേലു നാച്ചിയാർ തയ്യാറായിരുന്നു എങ്കിലും രാജ്യം കാക്കാൻ നിങ്ങളുടെ റാണി വേണം എന്ന് പറഞ്ഞു വേലു നാച്ചിയരുടെ ഏറ്റവും വിശ്വസ്ത തോഴി കുയിലി ആ ദൗത്യം ഏറ്റെടുത്തു .. സ്വയം നെയ്യിൽ കുളിച്ച ശരീരവും വസ്ത്രവുമായി ബ്രിട്ടീഷ് വെടിക്കോപ്പു പുരയിൽ എത്തിയ ആ മഹിളാരത്നം സ്വയം അന്ഗ്നിയായി താണ്ഡവം ആടി.
വൻ ആയുധശേഖരം നഷ്ടപെട്ടതിനു പിന്നാലെ ഉള്ള റാണിയുടെ പ്രത്യാക്രമണം നേരിടാൻ ബ്രിട്ടീഷ് സേനക്ക് കഴിഞ്ഞില്ല. ധീരമായ പോരാട്ടത്തിന് ഒടുവിൽ ശിവഗംഗ എന്ന നാടിനെ വൈദേശിക ഭരണത്തിൽ നിന്ന് മോചിപ്പിച്ചു വീണ്ടെടുക്കാൻ റാണി വേലു നാച്ചിയാർക്കു സാധിച്ചു.. പത്തു വർഷത്തോളം ശിവഗംഗയെ പരിപാലിച്ചതിനു ശേഷം 1790 ൽ റാണി വേലു നാച്ചിയാർ രാജഭരണം മകൾ റാണി വെള്ളാച്ചിക്കു കൈമാറി. പിന്നീട് ആറു വർഷത്തോളം ശിവഗംഗയുടെ രാജാമാതാവായി സേവിച്ച വേലു നാച്ചിയാർ 1796 ഡിസംബർ 25 നു പരമപദം പൂകി..
ഇന്നും സ്വന്തം രാജ്യം തിരിച്ചു പിടിച്ച വേലു നാച്ചിയാരും അധിനിവേശ ശക്തികൾക്കു അഗ്നികൊണ്ടു വിരുന്നൊരുക്കാൻ സ്വയം തയ്യാറായ അരുന്ധതിയാർ വിഭാഗത്തിൻറെ അഭിമാനമായ കുയിലിയും ഇന്നും ചരിതത്തിലെ ഇരുളിലെ നിഴലുകൾ ആണ് .. അടുത്തറിയുമ്പോൾ ആ നിഴലുകൾക്കു അഗ്നിയുടെ പ്രഭയാണ് .. വീരതയുടെ ഗന്ധം ആണ് , അതിലെ ചൂട് ദേശസ്നേഹത്തിന്റേതാണ്. കാലത്തിന്റെ യവനികക്കുള്ളിലെ കേടാ വിളക്കുകൾ ആണ് വേലു നാച്ചിയാരും കുയിലിയും. സ്ത്രീകൾക്ക് എതിരാണ് ഭാരതീയ സംസ്കാരം എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയവ്യവസായികൾ അറിയാതെ പോകുന്നതോ അറിഞ്ഞു കൊണ്ട് വിസ്മൃതിയിലേക്ക് തള്ളിയിട്ടപെട്ടതോ ആയ ഒട്ടനവധി പേരുകൾ ഇന്നും തിരശീലക്കു പിന്നിൽ ഉണ്ട്.
പിറന്ന നാടിനെ പെറ്റമ്മയായി കാണുന്ന ഒരു ജനതയുടെ ഉള്ളിലെ നീരുറവകൾ ആണ് കുയിലിയും വേലുനാച്ചിയാരും റാണി ചെന്നമ്മയും എല്ലാം. കണ്ണീരിന്റെ നനവ് ഇല്ലാതെ ഹൃദയത്തിൽ ഒരു നിനവില്ലാതെ ഈ പേരുകൾ ഓർക്കുവാൻ ആകില്ല.
ഭാരതാംബയുടെ ഹൃത്തിൽ ആത്മബലി കൊണ്ട് അർച്ചന ചെയ്ത കുയിലിയുടെയും സ്വന്തം നാടിനെ വൈദേശിക അധിനിവേശത്തിൽ നിന്ന് വീണ്ടെടുത്ത റാണി വേലുനാച്ചിയരുടെയും ഓർമകൾക്ക് മുന്നിൽ വിനീത പ്രണാമം.
Discussion about this post