ഭാരത സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിലെ രക്തരൂക്ഷിതവും ആവേശകരവുമായ ഒരു ഏടാണ് രാംസിംഗ് കുക്കയും അദ്ദേഹം സ്ഥാപിച്ച വിപ്ലവ പ്രസ്ഥാനവും .
രാംസിങ്ങ് കുക്ക
ജനനം 1816 ഫെബ്രുവരി 3
സമാധി 1885 നവമ്പർ 29
കുക്കകൾ എന്നറിയപ്പെടുന്ന നാമധാരി സിക്കുകാർ ഭാരതത്തിൻറെ രാഷ്ട്രീയ ചരിത്രത്തിൽ അറിയപ്പെടുന്നത് “ഭാരത സ്വാതന്ത്ര്യ സമരത്തിലെ പതാക വാഹകർ “
എന്ന പേരിലാണ്
1857 ഏപ്രിൽ 12നാണ് പഞ്ചാബിലെ ലുധിയാനയിൽ ജില്ലയിൽ ശ്രീ സദ്ഗുരു രാംസിങ്ങ് കുക്ക നാമധാരി വിഭാഗത്തിന് രൂപം കൊടുത്തത് . സദ്ഗുരു രാംസിംഗ് ജി ഭാരതീയരെ അവരുടെ ദേശത്തിന്റെ മോചനത്തിനുവേണ്ടി ഉണർത്തുക മാത്രമല്ല സമൂഹത്തിലെ ദുരാചാരങ്ങൾക്ക് എതിരെയും സജ്ജരാക്കി .
ഭാരതത്തിലെ പ്രഥമ രാഷ്ട്രപതി ഡോക്ടർ രാജേന്ദ്രപ്രസാദ് സത്യയുഗ് എന്ന ഒരു ലേഖനത്തിൽ ഇപ്രകാരം പറയുകയുണ്ടായി “രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം മതത്തിൻറെ ഒരു ഭാഗമായി രാംസിംഗ് വിശ്വസിച്ചു .നാമധാരി എന്ന സംഘടന ഗണ്യമായ വിധം ശക്തിപ്രാപിച്ചു .ഗുരു രാംസിംഗ് ഒരു സമ്പ്രദായം എന്ന രീതിയിൽ തുടങ്ങിയ ജനകീയ പ്രസ്ഥാനമായ ബഹിഷ്കരണവും നിസ്സഹകരണവും ആണ് പിന്നീട് മഹാത്മാഗാന്ധി നമ്മുടെ കാലത്ത് അതിശക്തിയോടെ നടപ്പാക്കിയത് “
രാംസിങ്ങ് ജി
സ്വതന്ത്ര സമാന്തര സർക്കാർ സ്ഥാപിക്കുകയുണ്ടായി. തന്റേതായ ഒരു തപാൽ സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു. രാഷ്ട്രത്തിനകത്തെ ചെറു രാജ്യങ്ങളുമായും അയൽരാജ്യങ്ങളായ നേപ്പാൾ, അഫ്ഗാനിസ്ഥാൻ റഷ്യ തുടങ്ങിയവയായും നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു. കുക്കാ പ്ലാറ്റൂൺ എന്ന പ്രത്യേക പട്ടാള റെജിമെന്റ് തന്നെ കാശ്മീരിൽ അദ്ദേഹം സ്ഥാപിച്ചു.
1872 ജനുവരി 15ന് മലേർ കോട്ല യിൽ നാമധാരികൾ ആക്രമണം നടത്തി. പൊരിഞ്ഞ യുദ്ധം ആണ് അന്ന് അവിടെ നടന്നത്. ബ്രിട്ടീഷ് സർക്കാർ യുദ്ധ വിചാരണ എന്ന പ്രഹസനം നടത്തി കുറ്റവാളികളെ മലേർ കോട്‌ലയിലെ പരേഡ് മൈതാനത്ത് കൊണ്ടുവന്നു. പീരങ്കിയുടെ മുന്നിൽ പുറം തിരിച്ചു ബന്ധിച്ചു വെടിവെച്ചു കൊല്ലുകയായിരുന്നു ശിക്ഷ. നാമധാരികൾ ഇതിനെ ശക്തമായി എതിർത്തു. പിൻ ഭാഗത്ത് വെടിയേറ്റ് മരിക്കുന്നത് തങ്ങൾക്ക് അപമാനമാണെന്ന് പറഞ്ഞു. നെഞ്ചിൽ വെടിയുണ്ട ഏറ്റുകൊണ്ട് ഞങ്ങൾ മരിക്കുമെന്ന അവരുടെ ഉറച്ച തീരുമാനത്തിൽ മുമ്പിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വഴങ്ങി . വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുൻപ് എന്തിനായിരുന്നു നിങ്ങൾ മലേർകോട്ല ആക്രമിച്ചത് എന്ന് അവരോട് ചോദിച്ചു
” ഞങ്ങൾക്ക് ഞങ്ങളുടെ സഹോദരങ്ങളുടെ ഭരണമാണ് ആവശ്യം , നിങ്ങളുടെ നീതി കളവാണ് നിങ്ങളുടെ പതനവും മരണവും സുനിശ്ചിതമാണ്. ഞങ്ങളീ മണ്ണിൽ ഇനിയും ജനിക്കും, ഈ കൈകളിൽ ഇനിയും വാളേന്തും , എന്നിട്ട് യുദ്ധം ചെയ്യും നിങ്ങളുടെ ഭരണത്തെ നശിപ്പിക്കും. “
കുക്കാ പ്രസ്ഥാനത്തെ സസൂക്ഷ്മം നിരീക്ഷിച്ചു വന്ന ബ്രിട്ടീഷ് ഭരണകൂടം അതിനെ തച്ചുടയ്ക്കാൻ തീവ്രശ്രമം തന്നെ നടത്തി. അവർ ലുധിയാനയിലെ രാംസിംഗ് ജിയുടെ വസതി ആക്രമിച്ചു പിടിച്ചടക്കി. അസംഖ്യം പേരെ കാരാഗൃഹത്തിൽ അടച്ചു . രാംസിംഗ് ഉൾപ്പെടെ അനവധി പേരെ ആന്തമാനിലേക്ക് നാടുകടത്തി .
തുടർന്ന് നാമധാരികൾ ഇന്ത്യൻ നാഷണൽ കോൺഗ്രസും ആയി ചേർന്നുകൊണ്ട് സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു . സുഭാഷ് ചന്ദ്ര ബോസിന്റെ ആസാദ് ഹിന്ദ് ഫൗജിലും നാമധാരികൾ ചേർന്നു പ്രവർത്തിച്ചു. 1885 നവംബർ 29 ന് രാം സിംഗ് കുക്ക അന്തരിച്ചു.
Discussion about this post