1778 ഒക്ടോബർ 23 നാണ്
ഭാരത സംഘർഷ ചരിത്രത്തിലെ വീരാംഗനമാരിൽ ഒരാളായ റാണി ചെന്നമ്മയുടെ ജനനം.
പതിനഞ്ചാം വയസ്സിൽ കിത്തൂർ ഭരണാധികാരി മല്ലസർജ ദേശായിയുമായി വിവാഹം.
നിർഭാഗ്യവശാൽ
23 വർഷത്തിനുശേഷം, 1816-ൽ ഭർത്താവും,1824-ൽ ഏകമകനും
റാണിയെവിട്ടുപോയി.
തന്റെ പുത്രന്റെ മരണശേഷം ചെന്നമ്മ ശിവലിംഗപ്പ എന്ന ആൺകുട്ടിയെ ദത്തെടുക്കുകയും സിംഹാസനത്തിന്റെ അവകാശിയായി നാമകരണം ചെയ്യുകയും ചെയ്തു.
പക്ഷെ ഡൽഹൗസി പ്രഭു കൊണ്ടുവന്ന ഡോക്ട്രിൻ ഓഫ് ലാപ്‌സിന്റെ അടിസ്ഥാനത്തിൽ ചെന്നമ്മയുടെ ദത്തുപുത്രനെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അംഗീകരിച്ചില്ല. ഈ കരിനിയമമനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരി സ്വാഭാവിക അവകാശി ഇല്ലാതെ മരിക്കുകയാണെങ്കിൽ ആ പ്രവശ്യ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലാകും.
ഈ നിയമത്തെ അംഗീകരിക്കാൻ റാണി തയ്യാറായില്ല. ക്ഷുഭിതരായ ഇംഗ്ലീഷുകാർ കിത്തൂരിലെ ആഭരണങ്ങൾ
കണ്ടുകെട്ടുന്നതിനായി മദ്രാസ് നേറ്റീവ് ഹോഴ്സ് ആർട്ടിലറിയിൽ നിന്നുള്ള 20,000-ത്തിലധികംവരുന്ന സൈന്യവുമായി കിത്തൂർ ആക്രമിച്ചു.
1824 ഒക്ടോബറിൽ നടന്ന യുദ്ധത്തിന്റെ ആദ്യ ആക്രമണത്തിൽ സുധീരമായ പോരാട്ടത്തിനോടുവിൽ റാണി വിജയിച്ചു. കിത്തൂരിലെ കളക്ടർ സെന്റ് ജോൺ താക്കറെ ഈ യുദ്ധത്തിൽ കൊല്ലപ്പെടുകയും, രണ്ട് ബ്രിട്ടീഷ് ഓഫീസർമാരായ മിസ്റ്റർ സ്റ്റീവൻസൺ, സർ വാൾട്ടർ എലിയട്ട് എന്നിവർ കിത്തൂർ സൈന്യത്തിന്റെ ബന്ദികളായി പിടിക്കപ്പെടുകയും ചെയ്തു.
യുദ്ധം അവസാനിപ്പിക്കാമെന്ന ബ്രിട്ടീഷുകാരുടെ അപേക്ഷ പരിഗണിച്ചു ഇവരെ വിട്ടയക്കാൻ റാണി തയ്യാറായി.
പക്ഷെ വഞ്ചനയുടെ പ്രതിരൂപമായ ബ്രിട്ടീഷ് സൈന്യം കൂടുതൽ ശക്തിയോടെ ആക്രമണം തുടർന്നു. റാണി ചന്നമ്മയും അവരുടെ ഉപസേനാപതി സങ്കൊല്ലി രായണ്ണയും ധീരമായി പോരാടി. പക്ഷേ ചില രാജ്യദ്രോഹികൾ അവരെ ഒറ്റിക്കൊടുക്കുകയും രണ്ടാം ആക്രമണത്തിൽ രാജ്ഞിയെ ബ്രിട്ടീഷുകാർ പിടികൂടി തടവിലാക്കുകയും ചെയ്തു.
കരാഗ്രഹത്തിൽ റാണിയുടെ ആരോഗ്യം വഷളാവുകയും, ഒടുവിൽ 1829 ഫെബ്രുവരി 21 -ന് ആ വീരാംഗന സ്വജീവൻ വെടിയുകയും ചെയ്തു.
അവരിൽ നിന്നും പ്രചോദനമുൾക്കൊണ്ട് സങ്കോല്ലി രായണ്ണയും കൂട്ടരും ബ്രിട്ടീഷുകാർക്കെതിരെ തുടർച്ചയായി പോരാടി.
പിന്നീട് അദ്ദേഹത്തെയും ബ്രിട്ടീഷുകാർ പിടികൂടി തൂക്കിലേറ്റുകയാണുണ്ടായത്.
റാണി ചെന്നമ്മയുടെ വീരബലിദാനത്തിന് മുന്നിൽ ആത്മപ്രണാമങ്ങൾ…
Discussion about this post