കശ്മീരിലെ കാർഗിലിൽ നുഴഞ്ഞു കയറ്റക്കാരെയും പാക് പാട്ടാളത്തേയും തുരത്തി ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ്സ്..
ഭാരത ചരിത്രത്തിലെ സുപ്രധാന പോരാട്ടങ്ങളിലൊന്നായിരുന്നു കാർഗിൽ യുദ്ധം. 1999 മെയ് മൂന്നിന് ആരംഭിച്ച് ജൂലൈ 26 വരെയാണ് പോരാട്ടം നീണ്ടു നിന്നത്. രണ്ടരമാസം നീണ്ടുനിന്ന പോരാട്ടത്തിൽ ഇന്ത്യക്ക് ബലിയർപ്പിക്കേണ്ടി വന്നത് അഞ്ഞൂറോളം ധീര സൈനികരുടെ ജീവനാണ്. നിയന്ത്രണരേഖ ഭേദിച്ച് ഇന്ത്യയിലേക്ക് കടന്ന തീവ്രവാദികളായ നുഴഞ്ഞുകയറ്റക്കാരുടെ കൂട്ടത്തിൽ പാക് പട്ടാളവുമുണ്ടായിരുന്നു. തന്ത്രപ്രധാന മേഖലയായ സിയാച്ചിനെ ബന്ധിപ്പിക്കുന്ന ശ്രീനഗര്‍-കാര്‍ഗില്‍-ലെ ഹൈവേ ഉള്‍പ്പെടെ അധീനതയിലാക്കുകയായിരുന്നു പാകിസ്ഥാൻ ലക്ഷ്യം.
കൂട്ടം തെറ്റിയ യാക്കുകളെ തേടിപ്പോയ ഇടയന്മാരാണ് അതാദ്യം കണ്ടത്. ബടാലിക് പ്രദേശത്തെ മലമുകളിൽ ആൾപ്പെരുമാറ്റം. അവർ അറിയിച്ചതനുസരിച്ച് നിരീക്ഷണം നടത്തിയപ്പോഴാണ് കാർഗിൽ മലനിരകളിൽ ശത്രുക്കൾ കയറിക്കൂടിയ കാര്യം സൈന്യം അറിയുന്നത്.
അതിശൈത്യത്തെ തുടർന്ന് പലഭാഗത്തുനിന്നും സൈനികരെ ഇന്ത്യ പിൻവലിച്ച തക്കം നോക്കിയായിരുന്നു നുഴഞ്ഞ് കയറ്റം. പാക് സൈന്യത്തെയും ഭീകരരെയും തുരത്താനായി ഇന്ത്യൻ സൈന്യം ഓപ്പറേഷൻ വിജയ് ആരംഭിച്ചു. കരസേനക്കൊപ്പം അർദ്ധ സൈനിക വിഭാഗവും വ്യോമസേനയും ആക്രമണത്തിൽ പങ്കുചേർന്നു.
തുടർന്ന് ലോകം കണ്ടത് ശക്തമായ ഇന്ത്യയുടെ സൈനിക നടപടികൾ. 60 ദിവസത്തിലധികം നീണ്ട പോരാട്ടം കൊണ്ട് ഇന്ത്യൻ അതിർത്തിയിൽ നിന്നും പാകിസ്ഥാൻ സൈന്യത്തെയും തീവ്രവാദികളെയും തുടച്ചുനീക്കി . ടൈഗർ കുന്നുകളിൽ ത്രിവർണ പതാക പാറി. ഓപ്പറേഷൻ വിജയ് വിജയകരമായി പൂർത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി എ.ബി വാജ്പേയ് രാജ്യത്തോടുപറഞ്ഞു. ജൂലൈ 26- കാർഗിൽ യുദ്ധം അവസാനിച്ചതായുള്ള പ്രഖ്യാപനമുണ്ടായി..
കാർഗിലിൽ വിജയം കണ്ടെങ്കിലും 527 ധീര ജവാന്മാരെ രാജ്യത്തിന് നഷ്ടമായി. അവരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് രാജ്യസ്നേഹത്തിന്റെ പുഷ്പചക്രം…
Discussion about this post