ഭാരതം നിലനിൽക്കണമെങ്കിൽ അവൾ യുവത്വം നേടണം. ശക്തിയുടെ ഇരമ്പിയാർക്കുന്ന വൻ പ്രവാഹങ്ങൾ അവളിലേക്ക് കൂടിച്ചേരണം . അപാരവും അതിഭീമമായ വേലിയേറ്റങ്ങളോട് കൂടിയും അതേ സമയം ഇച്ഛാനുസരണം പ്രശാന്തമോ പ്രചണ്ഡമോ ആവാനുള്ള കഴിവോട് കൂടിയും ഉള്ള കർമ്മശക്തിയുടെ വാരിധിയാവണം അവളുടെ ആത്മാവ് ”( അരവിന്ദ ഘോഷ് )എന്റെ ജന്മദിനത്തിന്റെയന്ന് എന്റെ മാതൃഭൂമി സ്വതന്ത്രയാകുമെന്ന് പ്രവചിച്ച ഭാവിയുടെ ദാർശനികൻ .(1872 ഓഗസ്റ്റ് 15 ന് ബംഗാളിൽ ആണ് മഹർഷി അരവിന്ദന്റെ ജന്മദിനം അദ്ദേഹത്തിന്റെ 151-ാം ജന്മദിനമാണ് ഇന്ന്)ആ അനുഗൃഹീത തൂലികയിൽ നിന്നുയർന്ന വിപ്ലവത്തിന്റെ സന്ദേശങ്ങൾ ഭാരതീയ യുവത്വത്തെ തൊട്ടുണർത്തി. യുഗാന്തറും വന്ദേമാതരവും അത്തരം സന്ദേശങ്ങളാൽ തീഷ്ണമായി . ഉണർന്നുയർന്ന സ്വാതന്ത്ര്യ ജ്വാലകൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മുട്ടുവിറപ്പിക്കുന്നത് കണ്ട് ഏവരും അത്ഭുതപ്പെട്ടു..
വാക്കുകളിൽ അഗ്നിയും സിരകളിൽ സ്വാതന്ത്ര്യചിന്തയും തൂലികയിൽ അനുപമമായ വിപ്ലവ വൈഭവവും ഒരുമിച്ച് ചേർത്ത ആ അഗ്നിനക്ഷത്രത്തിന്റെ പേര് അരവിന്ദ ഘോഷ് എന്നായിരുന്നു ..ബ്രിട്ടീഷ് സർക്കാരിന്റെ വൈദ്യവിഭാഗത്തിൽ ഉന്നതമായ സ്ഥാനമലങ്കരിച്ച ഡോ : കൃഷ്ണധൻ ഘോഷിന്റെ പുത്രനായിരുന്നു അരവിന്ദ ഘോഷ് .ഇംഗ്ലീഷ് സംസ്കാരവും പരിഷ്കാരവും മാതൃകാപരമെന്ന് വിശ്വസിച്ച ഒരു നാടൻ ധ്വരയായിരുന്നു അരവിന്ദന്റെ അച്ഛൻ ..തന്റെ ഇളയമകന് ബ്രിട്ടീഷ് പൗരത്വം കിട്ടണമെന്ന് ആഗ്രഹിച്ച് ഭാര്യയെ ഇംഗ്ലണ്ടിലയച്ച ആളായിരുന്നു അദ്ദേഹം
പക്ഷേ ഭാരതീയ ചിന്തയുടേയോ സംസ്കാരത്തിന്റെയോ നിഴൽ പോലും സ്പർശിപ്പിക്കാതെ ആ അച്ഛൻ വളർത്തിക്കൊണ്ടു വന്ന രണ്ട് പുത്രന്മാരും ഭാരത സ്വാതന്ത്ര്യ സമരത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി അച്ഛനെ ഞെട്ടിച്ചു അരവിന്ദ ഘോഷും ബാരീന്ദ്രകുമാർ ഘോഷും.
ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അരവിന്ദൻ മനപൂർവ്വം കുതിരസവാരിയിൽ തോറ്റ് ബ്രിട്ടീഷ് നുകത്തിന് കീഴിൽ നിന്ന് കുതറി മാറിയപ്പോൾ ബ്രിട്ടീഷ് പൗരത്വം കിട്ടാൻ വേണ്ടി അമ്മ ബ്രിട്ടനിൽ പെറ്റ ബാരീന്ദ്രകുമാർ ഘോഷാകട്ടെ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ബോംബിന്റെ തത്വശാസ്ത്രമാണ് സ്വീകരിച്ചത്
ഭാരതീയ യുവത്വത്തിന്റെ സ്വാതന്ത്ര്യദാഹം ശമിപ്പിക്കുവാൻ ആശയങ്ങളുടെ പെരുമഴ തന്നെ സൃഷ്ടിച്ച അരവിന്ദ ഘോഷ് അദ്ദേഹത്തെ ഏറ്റവും ആവശ്യമുള്ളപ്പോൾ തന്നെ പിന്തിരിഞ്ഞപ്പോൾ വിപ്ലവ പ്രസ്ഥാനങ്ങൾക്ക് നഷ്ടമായത് ഒരു ദാർശനികനെയായിരുന്നു.
ആലിപ്പൂർ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്ത് വന്ന അരവിന്ദനെ പുറത്തെ കാഴ്ചകൾ വിഷമിപ്പിച്ചു . വന്ദേമാതര ഗാനം അലയടിച്ചുയര്‍ന്ന നാട് നിശബ്ദതയിലാണ്ടതു കണ്ട് അദ്ദേഹം നിരാശനായി . വിപ്ലവത്തില്‍ നിന്ന് ആത്മീയതയിലേക്കുള്ള ചുവടുമാറ്റത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു. പിന്നീട് ലോകം കണ്ട ദാര്‍ശനികനായി അദ്ദേഹം മാറി . വിപ്ലവത്തിന്റെ നഷ്ടം തത്വചിന്തയ്‌ക്ക് നേട്ടമായി മാറുകയായിരുന്നു.
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസിയേഷന്റെ സ്ഥാപകനായ സചീന്ദ്ര നാഥ സന്യാൽ അരവിന്ദന്റെ ഉൾവലിയലിനെപ്പറ്റി ഇങ്ങനെ പറഞ്ഞു ..
” വിവേക ചിന്തയുള്ള ഒരു പ്രതിഭാശാലി നമ്മുടെ പ്രസ്ഥാനങ്ങൾക്ക് നായകത്വം വഹിക്കാനില്ലാതെ പോയതാണ് , നിഷ്ഫലതയ്‌ക്ക് കാരണമെന്ന് ഞാൻ കരുതുന്നു . അരവിന്ദൻ കൂടെയുണ്ടായിരുന്നെങ്കിൽ …..
ഓ .. അദ്ദേഹം നമ്മെ വിട്ടു പോയി ”
പടിഞ്ഞാറിന്റെ ചാരത്തില്‍ നിന്ന് ഭാരതത്തിന്റെ പുനര്‍ജ്ജന്മം കണ്ടതിനു ശേഷമാണ് അദ്ദേഹം സമാധിയായത് . ഭാരതം വീണ്ടും യുവത്വം നേടണമെന്നും ശക്തിയുടെ ഇരമ്പിയാര്‍ക്കുന്ന വന്‍ പ്രവാഹങ്ങള്‍ കൂടിച്ചേര്‍ന്നാല്‍ മാത്രമേ സ്വാതന്ത്ര്യപ്പുലരി വിരിയൂ എന്നും ഉദ് ബോധിപ്പിച്ച ഭാവിയുടെ ദാർശനികന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പ്രണാമങ്ങൾ..
Discussion about this post