മഹാമഹോപാധ്യായ പണ്ഡിതരത്‌നം
ഡോ. ജി. ഗംഗാധരന്‍ നായര്‍
വൈദികസാഹിത്യത്തിലൂടെ നൂറുകണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ന്നു വികസിച്ച് ഇന്നും വ്യവഹാരത്തിന് യോഗ്യമായി നിലനില്‍ക്കുന്ന ശ്രേഷ്ഠഭാഷയാണ് സംസ്‌കൃതം. വേദകാലത്തിനു ശേഷം രാമായണം മുതലായ രചനകളില്‍ സരളമായിരുന്ന ഭാഷ പിന്നീട് കാദംബരിയിലും മറ്റും കഠിന ഭാഷയായിത്തീര്‍ന്നു. ജനങ്ങളുടെ ഇടയില്‍ വൈവിധ്യമാര്‍ന്ന അറിവുകളും വിഷയങ്ങളും ചര്‍ച്ചയാകുമ്പോള്‍ ഭാഷയും അതിനനുസരിച്ച് പരിണമിക്കുന്നു. അതുകൊണ്ട് വികസിതമായ സാഹിത്യത്തിലും അറിവിലും ഭ്രമിച്ച്, കഠിനതകണ്ട് അവ പ്രതിപാദിക്കുന്ന ഭാഷ സംസാരഭാഷയായിരുന്നില്ല എന്ന് പറയാനാവില്ല. വൈദികഭാഷയില്‍ നിന്ന് സംസ്‌കൃതത്തിന് മാറ്റം സംഭവിച്ചിട്ട് മൂവായിരത്തിലധികം വര്‍ഷങ്ങളോ അതിലധികമോ ആയിട്ടുണ്ട്. ഈ കാലയളവില്‍ സാഹിത്യ-വിജ്ഞാന രംഗത്തുണ്ടായ അഭിവൃദ്ധി ഭാഷാ മണ്ഡലത്തിലും സംഭവിച്ചു എന്നതില്‍ ആശ്ചര്യത്തിനവകാശമില്ല. ഇംഗ്ലീഷ് സാഹിത്യത്തില്‍ എഴുതിയിട്ടുള്ള വൈജ്ഞാനികഗ്രന്ഥങ്ങളും ലേഖനങ്ങളും പഠിച്ച് ആ ഭാഷ കഠിനമാണ്, ഇംഗ്ലീഷ് ഭാഷ വ്യവഹാര ഭാഷയായിരുന്നില്ല എന്ന് നമ്മുടെ നാട്ടിലുള്ള ആരെങ്കിലും പറഞ്ഞു നടന്നാല്‍ ഇംഗ്ലീഷുകാര്‍ സമ്മതിക്കുമോ?
സംസ്‌കൃതഭാഷയില്‍ സംഭവിച്ച പരിണാമം കാരണം ഒട്ടേറെ പ്രാദേശിക ഭാഷകള്‍ ഉണ്ടായി. മാത്രമല്ല പുരാണ കാലഘട്ടം വരെ ഭാരതത്തിലെ പല സ്ഥലങ്ങളിലും സംസ്‌കൃതം സാധാരണ ജനങ്ങളുടെ സംഭാഷണമാധ്യമം ആയിരുന്നു. പിന്നീട് പ്രാദേശികഭാഷകളുടെ പ്രഭാവം കൊണ്ട് സംസ്‌കൃതം നിത്യവ്യാവഹാരികരംഗത്ത് നിലനില്‍ക്കാതെയും വന്നു. എങ്കിലും വിദ്യാഭ്യാസ രംഗത്ത്, പഠന-പാഠനരംഗത്ത്, അറിവിന്റെ മാധ്യമമായി ആധുനികാലം വരെ സംസ്‌കൃതഭാഷ വ്യവഹാരികമായി ഇന്നും നിലനില്‍ക്കുന്നു. ചരിത്രത്തിലെ ഒരു കാലഘട്ടത്തിലും സംസ്‌കൃതം സംസാരിക്കുന്നവരുടെ പരമ്പരക്ക് സമൂലനാശം സംഭവിച്ചിട്ടില്ല എന്നത് ഭാഷാവിജ്ഞന്മാര്‍ ഇന്നും അത്ഭുതത്തോടെ നോക്കി കാണുന്നു. ലോകത്ത് മറ്റൊരു ഭാഷയും സ്വരൂപം നിലനിര്‍ത്തി ആയിരം വര്‍ഷക്കാലം നിലനിന്നിട്ടില്ല. മറ്റ് പ്രാചീനഭാഷകളുടെയൊന്നും എല്ലാ വര്‍ണങ്ങളുടെയും ഉച്ചാരണം നമുക്കറിയില്ല. എന്നാല്‍ വേദഭാഷയുടെ പോലും അക്ഷരങ്ങളുടെ ഉച്ചാരണം ഭാരതീയര്‍ക്കറിയാന്‍ കഴിയും. സംസ്‌കൃതശബ്ദങ്ങളെ തിരിച്ചറിയുന്നതില്‍ നാം ബുദ്ധിമുട്ടനുഭവിക്കുന്നില്ല. ഇവിടെ ആദരവോടെ ഓര്‍മ്മിക്കേണ്ടത് പാണിനിയേയും മറ്റ് ആചാര്യന്മാരേയും ആണ്. അവര്‍ ഭാഷയുടെ സൂക്ഷ്മവിഷയങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ പ്രതിപാദിച്ചു എന്നതിനാലാണ് ഇന്നും സംസ്‌കൃതം സുഗ്രഹമായിരിക്കുന്നത്. സംസ്‌കൃതം സംസാരഭാഷയായിരുന്നു എന്നതിന് ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. ഒട്ടേറെ വ്യാകരണസൂത്രങ്ങളും വാര്‍ത്തികങ്ങളും ഭാഷയുടെ നിത്യവ്യാവഹാരികത ദൃഢപ്പെടുത്തുന്നതാണ്.
പരമ്പരയുടെ ശേഷിപ്പ്
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍ പ്രദേശിലെ പര്‍വ്വതജനവിഭാഗത്തില്‍ പെട്ട ഒരു കൂട്ടം മുതിര്‍ന്ന ജനങ്ങള്‍ സംസ്‌കൃതം പറയുന്നവരായുണ്ടായിരുന്നു. അവരുടെ ഭാഷ സംസാരഭാഷയുടെ സരളരൂപമായിരുന്നു. അവര്‍ സ്വാഭാവികമായി സംസ്‌കൃതത്തില്‍ സംസാരിച്ചിരുന്നു. ഇവരുടെ കുട്ടികള്‍ വിദ്യാലയത്തില്‍ ഹിന്ദിയാണ് ഉപയോഗിച്ചിരുന്നത്. ഇക്കൂട്ടരില്‍ വൃദ്ധന്മാര്‍ കുറവായിരുന്നു. അമേരിക്കയില്‍ സ്വദേശീയ ഭാഷ പറയുന്നവര്‍ കുറവായതുപോലെ തന്നെ ഇവിടെയും സംഭവിച്ചു.
ആധുനിക പരിശ്രമങ്ങളും മാറ്റങ്ങളും
ഇംഗ്ലീഷ് ഭാഷയുടെ പ്രചാരം മൂലം അധ്യയനരംഗത്ത് സംസ്‌കൃതത്തിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. (സ്ഥാനം നഷ്ടപ്പെട്ടു എന്നു തന്നെ പറയാം). സംസ്‌കൃത സംബന്ധമായ വിഷയങ്ങളും ഇംഗ്ലീഷില്‍ പഠിപ്പിച്ചു പോന്നു. അവ അടുത്തകാലത്ത് പ്രാദേശിക ഭാഷയില്‍ പഠിപ്പിക്കുന്നു. ആധികാരികമായി സംസ്‌കൃതം പറയാനോ ആ മാധ്യമത്തില്‍ പഠിപ്പിക്കാനോ ഒരു കൂട്ടം അധ്യാപകര്‍ തയ്യാറായില്ല. സംസ്‌കൃതപ്രേമികളുടെ ഇടയില്‍ ഇത് ചര്‍ച്ചയായി. ഭാരതത്തില്‍ വിവിധയിടങ്ങളില്‍ സംസ്‌കൃതജ്ഞര്‍ ഇതിന് പരിഹാരം കാണാന്‍ ആഗ്രഹിച്ചു.
ഭാരതീയ വിദ്യാഭവന്‍ മുന്‍ കുലപതി ദിവംഗതനായ കെ.എം. മുന്‍ഷി സരളസംസ്‌കൃതം ഭാരതത്തിന്റെ രാഷ്‌ട്രഭാഷയാവണം എന്നാഗ്രഹിച്ചു. 1979-ല്‍ പ്രയാഗില്‍ വിശ്വസംസ്‌കൃതപ്രതിഷ്ഠാനം രൂപീകൃതമായി. ഈ സമ്മേളത്തിന്റെ മുഖ്യ ലക്ഷ്യം സരളസംസ്‌കൃതത്തിന്റെ പ്രചാരമായിരുന്നു. തുടര്‍ന്ന് കേരളത്തില്‍ ഈ ലേഖകനും വി. കൃഷ്ണശര്‍മ്മ, ഗോപാലകൃഷ്ണ അയ്യര്‍, ജി. വിശ്വനാഥശര്‍മ്മ, ഡോ.എം.പി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പൊതു സമൂഹത്തില്‍ സംസ്‌കൃത സംഭാഷണ ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചു. 1981-ല്‍ ബാംഗ്ലൂരില്‍ പത്മശ്രീ ചമു കൃഷ്ണശാസ്ത്രിയുടെ നേതൃത്വത്തില്‍ ആധുനിക തന്ത്രങ്ങളുടെ സഹായത്തോടെ സംസ്‌കൃത സംഭാഷണ ക്ലാസ്സുകള്‍ ആകര്‍ഷകമായി അവതരിപ്പിച്ചു. വ്യത്യസ്ത പദ്ധതികള്‍ പഠിച്ച്, ഒട്ടേറെ തന്ത്രങ്ങളിലൂടെയും, പല പല പാഠങ്ങളിലൂടെയും ആബാലവൃദ്ധം നിരക്ഷരേയും, അല്പജ്ഞരേയും വരെ ചേര്‍ത്ത് സജ്ജീകരിച്ച പത്തുദിവസം നീണ്ടുനില്‍ക്കുന്ന സംഭാഷണക്ലാസ്സുകള്‍ ആരംഭിച്ചു. ദശദിനസംഭാഷണശിബിരം എന്ന പേരില്‍ ദേശത്തും വിദേശത്തും ഇത്തരം ക്ലാസ്സുകള്‍ക്ക് പ്രചാരം ലഭിച്ചു. സംസ്‌കൃത ശിബിര പദ്ധതിക്ക് ഔദ്യോഗിക മേഖലയിലും അംഗീകാരം നേടാനായി.
ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച ലോക ഭാഷാ പ്രചാരസമിതി, ആന്ധ്ര സംസ്‌കൃതപ്രചാരസഭാ തുടങ്ങിയവരും അതത് സംസ്ഥാനങ്ങളില്‍ സംസ്്കൃത സംഭാഷണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു പോന്നു. സാങ്കേതിക വിദഗ്ധരും എഞ്ചിനീയര്‍മാരും മറ്റും സംഭാഷണ ശിബിരത്തിലൂടെ സംസ്‌കൃതം പഠിച്ചു. അവരും സംസ്‌കൃത ഗ്രന്ഥങ്ങള്‍ പരിശോധിച്ച് അറിവ് പ്രചരിപ്പിക്കുന്നു എന്നത് സന്തോഷം നല്‍കുന്നു. സംസ്‌കൃത ഭാരതിയുടെ നേതൃത്വത്തില്‍ സംസ്‌കൃത സംഭാഷണാന്ദോളനം (SPOKEN SANSKRIT MOVEMENT) വിവിധ പരിപാടികളിലൂടെ വികാസം പ്രാപിച്ചു. ആന്ദോളനത്തിന്റെ ആദ്യ ദശകത്തില്‍ തന്നെ കര്‍ണാടകയിലെ മത്തൂര്‍ ഗ്രാമം സംസ്്കൃതഗ്രാമമാക്കുന്നതില്‍ പ്രത്യേക പരിശീലനനം നേടിയവര്‍ (സേവാവ്രതിമാര്‍) നടത്തിയ പരിശ്രമം എക്കാലത്തും സംസ്‌കൃത ഗവേഷകര്‍ക്കും വിദ്വാന്മാര്‍ക്കും ഒരു പാഠപുസ്തകമാണ്.
എന്തിനാണ് സംസ്‌കൃത സംഭാഷണം?
സംസ്‌കൃതം ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് അത്യത്ഭുതമാണ് എന്ന് മുന്‍പ് പറഞ്ഞുവല്ലൊ. ആധുനികയുഗത്തില്‍ പഠന-പാഠന രംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചപ്പോഴും സംസ്‌കൃതശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പാഠശാലകളിലേയും ഗുരുകുലങ്ങളിലേയും അധ്യാപകര്‍ സ്വല്പമാത്രമെങ്കിലും സംസ്‌കൃതത്തില്‍ പഠിപ്പിച്ചു പോന്നതും മറ്റും ഈ അത്ഭുത നേട്ടത്തിന് കാരണമാണ്. ഇതിന് വിപരീതമായി നിലകൊണ്ട് മുന്നേറിയിരുന്നെങ്കില്‍ സ്ഥിതി ഇതിലും പരിതാപകരമാവുമായിരുന്നു. ലോകത്തിലെ അതിശ്രേഷ്ഠമായ ഒരു ഭാഷ, അമരവാണി നിര്‍ജ്ജീവമായി മാറിയേനെ. ആ മഹാവിപത്ത് സംഭവിക്കാതിരുന്നതിന് കാരണം പണ്ഡിതശ്രേഷ്ഠന്മാരായ, ശാസ്ത്രാഭിമാനികളായ ഒരു കൂട്ടം അധ്യാപകസമൂഹമാണ്. അതുകൊണ്ട് സൂചിപ്പിക്കട്ടെ മറ്റു ഭാഷാമാധ്യമത്തിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്ന നമ്മളെ ഇതര ഭാഷാധ്യാപകര്‍ പരിഹസിക്കാനിടവരുത്തരുത്. ഇപ്പോള്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ ആധുനിക വിജ്ഞാനരംഗത്തും സംസ്‌കൃതഭാഷക്ക് സ്വാധീനവും സാധ്യതയും കൂടുതലാണ്. ഇത്തരം ശുഭമുഹൂര്‍ത്തത്തില്‍ എന്തുകൊണ്ട് നാം നമ്മുടെ ധര്‍മ്മാനുഷ്ഠാനത്തില്‍ സുഖവും ആത്മഗൗരവും അനുഭവിച്ചു കൂടാ?
സരള സംസ്‌കൃതത്തിന്റെ പ്രാധാന്യം
സംഭാഷണ സംസ്‌കൃതം എന്നത് സംസാരിക്കാന്‍ വേണ്ടി മാത്രം ഉള്ളത് എന്ന് നാം കരുതേണ്ടതില്ല. അങ്ങിനെ വശംകെടേണ്ടതില്ല. എല്ലാ സന്ദര്‍ഭത്തിലും സരള സംസ്‌കൃതം ഉപയോഗപ്രദമാവണം. പ്രാചീനഭാരതത്തില്‍ സകല അറിവുകളുടെയും മാധ്യമം സംസ്‌കൃതം ആയിരുന്നു. ആധികാരികമായി പഠിച്ചാല്‍ ഈ കാലത്തും അറിവിന്റെ മാധ്യമം സംസ്‌കൃതമാവും. ആധുനിക വിജ്ഞാനതത്ത്വങ്ങളെ പ്രാദേശികഭാഷയില്‍ വിശദീകരിക്കാന്‍ പദങ്ങളുടെ ലഭ്യത കുറയുമ്പോള്‍ സംസ്‌കൃതത്തെ ആശ്രയിക്കാന്‍ കഴിയും. ആധുനിക വിജ്ഞാനങ്ങളും സംസ്‌കൃതമാധ്യമത്തില്‍ പഠിക്കാന്‍ ഇന്ന് അവസരം ലഭിക്കുന്നു എന്ന് സ്വാഗതാര്‍ഹമാണ്.
സംസ്‌കൃത വ്യവഹാരത്തില്‍ ക്ലേശങ്ങള്‍
സംസ്‌കൃതം സംസാരിക്കുന്നതില്‍ ഒട്ടേറെ ക്ലേശങ്ങള്‍ ഉണ്ട് എന്നത് വസ്തുത തന്നെ. ശബ്ദങ്ങളുടെ ലിംഗ പരിചയാഭാവം, ക്രിയാപദങ്ങള്‍ നിശ്ചയമില്ലായ്മ, തെറ്റായ പ്രയോഗം എന്നിവ പ്രാഥമിക ക്ലേശങ്ങളാണ്. ഇത് പരിശീലനക്കുറവു കൊണ്ടാണ്. സംഭാഷണത്തില്‍ സമര്‍ത്ഥരായവരുമായി നിരന്തരം സംവദിക്കലാണ് അതിന് പരിഹാരം. ഭാഷയിലെ എല്ലാ സുബന്തങ്ങളുടെയും തിങ്ങന്തങ്ങളുടെയും സമ്പൂര്‍ണ ജ്ഞാനം വേണ്ടതില്ല. ആധുനിക ശബ്ദങ്ങളുടെ പ്രയോഗത്തില്‍ വരാവുന്ന സംശയം മറ്റൊരു ക്ലേശമാണ്. അവിടെ ഓര്‍മ്മിക്കേണ്ടത് അര്‍ത്ഥാനുസാരമായിരിക്കണം സംസ്‌കൃതശബ്ദങ്ങളുടെ നിര്‍മ്മാണം എന്നതാണ് . അഖിലഭാരതീയ കാഴ്ചപ്പാടോടെ അവ രൂപപ്പെടണം. സംസ്‌കൃതാധ്യാപകരും വിദ്യാര്‍ത്ഥികളും ശുഭകാംക്ഷികളും ഒത്തൊരുമിച്ച് ഉത്സാഹത്തോടെ സംസ്‌കൃതം സംസ്‌കൃതമാധ്യമത്തില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ ഈ ഭാഷയുടെ ഭാവി കൂടുതല്‍ ശോഭനമാവും. ഇപ്പോള്‍ ലോകം മുഴുവന്‍ സംസ്‌കൃത പ്രേമികള്‍ സംസ്‌കൃത സപ്താഘോഷത്തില്‍ പങ്കാളികളാവുന്ന സന്ദര്‍ഭമാണ്. കേരളീയരെ സംബന്ധിച്ചിടത്തോളം അതിദാരുണമായ ദുരന്തത്തിന്റെ മായാത്ത ഓര്‍മ്മകളിലാണ് ഈ ആചരണം വരുന്നത്. സുഖദുഃഖങ്ങളെ തുല്യമാക്കാന്‍ ഉപദേശിക്കുന്ന വാചകങ്ങളെ അനുസ്മരിച്ച് അനിവാര്യമെന്ന് കരുതുന്ന ആചരണങ്ങള്‍ക്ക് ശക്തി പകരാം.
ജയതു സംസ്‌കൃതം ജയതു ഭാരതം.
(രാഷ്‌ട്രപതിയുടെ സംസ്‌കൃത പണ്ഡിതന്മാര്‍ക്കുളള 2018-ലെ പുരസ്‌കാരം നേടിയ ഗംഗാധരന്‍ നായര്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ സംസ്‌കൃത വ്യാകരണ വിഭാഗം പ്രൊഫസറും മേധാവിയും ആസൂത്രണ- വികസന വിഭാഗം ഡയറക്ടറുമായിരുന്നു. ദീര്‍ഘകാലം വിശ്വസംസ്‌കൃതപ്രതിഷ്ഠാനം സംസ്ഥാന അധ്യക്ഷനുമായിരുന്നു. ഇപ്പോള്‍ രക്ഷാധികാരിയാണ്.)
Discussion about this post