VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ഇന്ന് പണ്ഡിറ്റ് കറുപ്പന്‍ ജന്മദിനം

ഇ.എസ്. ബിജു by ഇ.എസ്. ബിജു
24 May, 2025
in ലേഖനങ്ങള്‍, സംസ്കൃതി
ShareTweetSendTelegram

കേരളത്തില്‍ കൊച്ചി രാജ്യത്തില്‍ പ്രത്യേകിച്ചും പരക്കെ ഉണര്‍ന്ന ജാതിവിരുദ്ധ ബോധത്തിന് പണ്ഡിറ്റ് കറുപ്പന്റെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. കവിയും, നാടകകൃത്തും,സാമൂഹിക പരിഷ്‌കര്‍ത്താവും ആയിരുന്ന പണ്ഡിറ്റ് കറുപ്പന്റെ ജീവിതം കേരളത്തിലെ ജാതി വ്യവസ്ഥിതിയോടുള്ള കലഹങ്ങളുടെ ചരിത്രം കൂടിയാണ്.

എറണാകുളം ചേരാനെല്ലൂരില്‍ 1885 മെയ് 24നാണ് അദ്ദേഹം ജനിച്ചത്. അരയ-വാല സമുദായത്തില്‍പ്പെട്ട പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി ജനനം. മുഴുവന്‍ പേര് കണ്ടത്തിപ്പറമ്പില്‍ പാപ്പു കറുപ്പന്‍ (കെ.പി. കറുപ്പന്‍). പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം കൊടുങ്ങല്ലൂര്‍ കോവിലകത്താണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത്. കൊച്ചി രാജാവ് പ്രത്യേക താല്പര്യം എടുത്തതുകൊണ്ട് സംസ്‌കൃതവും പഠിച്ചു. കൊടുങ്ങല്ലൂര്‍ കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെയും കൊച്ചുണ്ണിതമ്പുരാന്റെയും ശിക്ഷണത്തില്‍ സംസ്‌കൃതത്തില്‍ പാണ്ഡിത്യം നേടി. അതിനു ശേഷം കൊച്ചി മഹാരാജാസ് കോളേജില്‍ അധ്യാപകനായി. 1925 ല്‍ കൊച്ചിന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

വിദ്യാഭ്യാസത്തിനു ശേഷം ഗേള്‍സ് ഹൈസ്‌കൂളില്‍ നിയമനം കിട്ടിയ കറുപ്പനെ മുന്നാക്ക സമുദായക്കാര്‍ ശക്തിയുക്തം എതിര്‍ത്തു. പിന്നാക്കക്കാരന്‍ അദ്ധ്യാപകനായത് മുന്നാക്കക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ കുട്ടികളെ പഠിക്കാന്‍ അയച്ചില്ല. മുന്നാക്കക്കാര്‍ വലിയ പ്രക്ഷോഭം ആരംഭിച്ചു. എന്നാല്‍ കൊച്ചി രാജാവ് ഇത് അനുവദിക്കാന്‍ തയ്യാറായില്ല. ”രാജാവ,് കറുപ്പനെ അദ്ധ്യാപക ജോലിയില്‍ നിന്ന് മാറ്റുന്നില്ല” എന്ന തിരുവെഴുത്ത് പുറപ്പെടുവിച്ചു. അതോടെ പ്രക്ഷോഭത്തിനു വിരാമമായി.

”വിദ്യാര്‍ഥികളോ അദ്ധ്യാപകര്‍ തന്നെയോ സ്‌കൂള്‍ ബഹിഷ്‌കരിക്കുന്നതിലും വിട്ടുപോകുന്നതിലും വിരോധമില്ല. എന്നാല്‍ അദ്ധ്യാപകനായ കറുപ്പനെ പിന്‍വലിക്കുന്ന പ്രശ്‌നമില്ല” എന്നായിരുന്നു രാജാവിന്റെ തിരുവെഴുത്ത്.

മഹാരാജാസില്‍ മലയാളം വകുപ്പിലെ അദ്ധ്യാപകനായിരുന്ന അദ്ദേഹത്തെ വകുപ്പ് തലവനാക്കിയപ്പോള്‍ ആ വകുപ്പില്‍നിന്നു എതിര്‍പ്പുകള്‍ ഉയര്‍ന്നു. എന്നാല്‍ എതിര്‍പ്പുള്ളവര്‍ക്ക് പോകാം, ആ ക്ലാസ് കൂടി കറുപ്പന്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു രാജശാസന.

തീണ്ടലിനെതിരെ പിറന്ന ജാതിക്കുമ്മി

പതിനാലാം വയസ്സില്‍ തന്നെ കവിതകള്‍ എഴുതി തുടങ്ങിയ പണ്ഡിറ്റ് കറുപ്പന്‍ ഇരുപതോളം കാവ്യങ്ങള്‍ രചിച്ചു. പ്രസിദ്ധമായ കൃതി ”ജാതിക്കുമ്മി”. ആ കാലത്തു നിലവിലിരുന്ന ജാതീയ ഉച്ചനീചത്തങ്ങളെ വരച്ചുകാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ഒന്നായിരുന്നു ഇത്. 1905-ലാണ് ”ജാതിക്കുമ്മി” രചിക്കപ്പെട്ടതെങ്കിലും അച്ചടിച്ചത് 1912-ലാണ്. ശങ്കരാചാര്യരുടെ മനീഷാപഞ്ചകത്തിന്റെ സ്വതന്ത്രവും വ്യാഖ്യാനാത്മകവുമായ പരിഭാഷയാണിത്. ആശാന്റെ ”ദുരവസ്ഥ” പുറത്തു വരുന്നതിനു ഒരു ദശാബ്ദം മുന്‍പ് പ്രസിദ്ധപ്പെടുത്തിയ കൃതിയാണിത്. കൊച്ചിയിലെ ജീവിതത്തിനിടയില്‍ പുലയസമുദായങ്ങളുടെ ജീവിതദുരിതമാണ് കറുപ്പനെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഈ കവിത ഉടലെടുക്കാനുണ്ടായ പ്രധാന കാരണവും അതായിരുന്നു.

”കാളിയരയത്തി പെറ്റതല്ലേ
കേളിയേറും വ്യാസ മാമുനിയേ
നാളീക നേത്രയേ ശന്തനു രാജാവും
വേളി കഴിച്ചില്ലേ യോഗപ്പെണ്ണേ! അത്ര
കോളാക്കിയോ തീണ്ടല്‍? ജ്ഞാനപ്പെണ്ണേ”

അച്ചടിമഷി പുരളുന്നതിനു മുമ്പുതന്നെ കൊടുങ്ങല്ലൂരിലും സമീപപ്രദേശങ്ങളിലും കൊച്ചിരാജ്യത്തിന്റെ തെക്കേയറ്റംവരെയും തൊട്ടുകിടക്കുന്ന തിരുവിതാംകൂര്‍ പ്രദേശങ്ങളിലും പാടിയും പകര്‍ത്തിയും ഒട്ടേറെപ്പേര്‍ അത് ഹൃദിസ്ഥമാക്കിയിരുന്നു. ഓണക്കാലത്ത് സ്ത്രീജനങ്ങള്‍ പാടിക്കളിച്ചു. കീഴാളജനങ്ങള്‍ക്കിടയില്‍ പ്രചരിച്ച പ്രസ്തുതകൃതിയില്‍നിന്നും ഉള്‍ക്കൊണ്ട ഉണര്‍വ് അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും അയിത്താചരണങ്ങളെ ധീരതയോടെ നേരിടാന്‍ പ്രാപ്തരാക്കുകയും ചെയ്തു. ”ജാതിക്കുമ്മി” ഉണര്‍ത്തിയ യുക്തിബോധം കരുത്താര്‍ജിച്ചതിന്റെ ഫലമായിട്ടാണ് ”കൊച്ചി പുലയമഹാജനസഭ” യുടെ ആദ്യസമ്മേളനം എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ് കൂളില്‍ നടക്കാനിടയായത്.

”അമ്മാനക്കുമ്മി” എന്ന നാടന്‍ശീലില്‍ 141 പാട്ടുകളാണ് ”ജാതിക്കുമ്മി”-യിലുള്ളത്. അതീവ ലളിതമായ ഭാഷയില്‍ കുമ്മിപ്പാട്ടിന്റെ തനി ഗ്രാമീണ ഈണത്തിലും താളത്തിലുമാണ് രചന നിര്‍വഹിച്ചത്. ആദിശങ്കരന്റെ അനുഭവത്തെ പരാമര്‍ശിച്ചാണ് ജാതിക്കുമ്മി ആരംഭിക്കുന്നത്. ശിവനെ തൊഴാന്‍പോകുന്ന ശങ്കരാചാര്യര്‍ക്ക് പറയ സമുദായത്തില്‍പ്പെട്ട രണ്ടുപേര്‍ മാര്‍ഗതടസം ഉണ്ടാക്കുന്നു. തുടര്‍ന്നുള്ള സംഭാഷണത്തിലൂടെയാണ് ജാതിക്കുമ്മിയുടെ പ്രമേയം അനാവരണം ചെയ്യുന്നത്. തീണ്ടലും തൊടീലും പറിച്ചെറിഞ്ഞെങ്കില്‍ മാത്രമെ സമൂഹത്തിന് പുരോഗതിയുണ്ടാകൂ എന്ന ഉപദേശം നല്‍കിയാണ് കൃതി അവസാനിക്കുന്നത്. ആത്മാവാണോ ശരീരമാണോ വഴിമാറിപ്പോകേണ്ടതെന്ന് ജ്ഞാനിയായ പറയന്‍ ചോദിക്കുന്നു. ”ഗാത്രത്തിനോ തീണ്ടലാത്മാവിനോ?” എന്ന പറയന്റെ ചോദ്യത്തിനുമുന്നില്‍ ആചാര്യസ്വാമിയുടെ ജാതിഗര്‍വം അസ്തമിക്കുന്നു.

”ഇക്കാണും ലോകങ്ങളീശ്വരന്റെ
മക്കളാണെല്ലാമൊരുജാതി
നീക്കിനിറുത്താമോ സമസൃഷ്ടിയെ?
ദൈവം
നോക്കിയിരിപ്പില്ലേ?
യോഗപ്പെണ്ണേ!-തീണ്ടല്‍
ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണേ!”
ജാതി ധിക്കാരമല്ലയോ എന്ന കവിയുടെ ചോദ്യം മുന്നാക്ക മേധാവിത്വത്തെ ചോദ്യം ചെയ്തു.

ഐതിഹാസികം കായല്‍ സമ്മേളനം

കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ കായല്‍ സമ്മേളനത്തിന് നേതൃത്വം കൊടുത്തത് പണ്ഡിറ്റ് കറുപ്പനാണ്. പിന്നോക്കജനസമൂഹം അനുഭവിച്ച ദുരിതങ്ങള്‍ക്കെതിരേയുള്ള ശക്തമായ പ്രതിഷേധമായിരുന്നു 1913 ഏപ്രില്‍ 21-ാം തിയ്യതിയിലെ കായല്‍ സമ്മേളനം. എറണാകുളം നഗരത്തിലെവിടെയെങ്കിലും സ്ഥലം കണ്ടെത്താനായിരുന്നു സംഘാടകരുടെ തീരുമാനം.

പക്ഷേ, സ്ഥലം നല്‍കാന്‍ ആരും തയ്യാറായില്ല. സര്‍ക്കാര്‍ഭൂമിയില്‍ തൊട്ടുകൂടാത്തവരെ യോഗം ചേരാന്‍ മഹാരാജാവ് അനുവദിച്ചിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് വേദി കായലിലേക്കു മാറ്റാന് സംഘാടകര്‍ തീരുമാനിച്ചത്. ആലോചനകള്‍ക്കു ശേഷം അറബിക്കടലും കൊച്ചിക്കായലും ചേരുന്ന പ്രദേശം തിരഞ്ഞെടുത്തു. മീന്‍പിടിത്തക്കാരുടെ സഹായത്തോടെ അനേകം കട്ടമരങ്ങള്‍ ഒരുമിച്ചു ചേര്‍ത്തുകെട്ടിയും വള്ളങ്ങള്‍ കൂട്ടിക്കെട്ടിയും നിരപ്പായ ഒരു പ്രതലം ഉണ്ടാക്കി. അതിനു മുകളില്‍ പലക വിരിച്ചതോടെ വേദി തയ്യാറായി. ചെറുചെറു വള്ളങ്ങളിലാണ് സമ്മേളനത്തില്‍ പങ്കെടുത്തവരെ കൊണ്ടുവന്നത്. കൃഷ്ണാദി ആശാനെപ്പോലുള്ള നേതാക്കള്‍ കറുപ്പന്‍ മാഷോടൊപ്പം കൈമെയ് മറന്നു നിന്നപ്പോള്‍ സമ്മേളനം വന്‍വിജയമായി.

”ലോകചരിത്രത്തില്‍ മറ്റൊരിടത്തും ഇതുപോലൊരു സംഭവം നടന്നതായി ഇന്നോളം കേള്‍ക്കാന്‍ ഇടയായിട്ടില്ല” എന്നാണ് ടി.കെ.സി വടുതല എഴുതിയത്. ഈ കായല്‍ നടുവിലെ സമ്മേളനത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് പിന്നീട് സമസ്ത കൊച്ചി പുലയമഹാസഭ രൂപം കൊണ്ടത്. എറണാകുളം നഗരത്തില്‍ താഴ്ന്ന ജാതിക്കാരെ പ്രവേശിപ്പിക്കാത്തതിനെതിരേ രണ്ടാമതൊരു ജലാശയസമരം കൂടി നടത്താന്‍ കറുപ്പന്‍ തീരുമാനിച്ചിരുന്നു. ഒരു കാര്‍ഷിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ മഹാരാജാവ് വരുമെന്ന വിവരം മനസ്സിലാക്കിയ പണ്ഡിറ്റ് കറുപ്പനും കൂട്ടാളികളും വള്ളങ്ങളുമായി കായലിലെത്തി. രാജാവ് വന്നതോടെ പോരാളികള്‍ ചെണ്ടകൊട്ടി മഹാരാജാവിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ ശ്രമിച്ചു. പ്രക്ഷോഭകര്‍ വിചാരിച്ചതു പോലെ കാര്യങ്ങള്‍ നീങ്ങി. സമരത്തിനു നേതൃത്വം കൊടുത്ത കറുപ്പനെ രാജാവ് ആളയച്ചു വരുത്തി. ആവശ്യങ്ങളും പരാതികളും വിശദാംശങ്ങളോടെ എഴുതിത്തയ്യാറാക്കി തന്നെ കാണാന്‍ രാജാവ് ആവശ്യപ്പെട്ടു. പരാതി വായിച്ച രാജാവ് താഴ്ന്ന ജാതിക്കാര്‍ക്ക് പട്ടണത്തില്‍ പ്രവേശിക്കാമെന്ന വിളംബരം പുറപ്പെടുവിച്ചു. അതോടെ പ്രക്ഷോഭവും അവസാനിച്ചു.

അരയസമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി കറുപ്പന്‍ സ്ഥാപിച്ച പ്രാദേശിക ശാഖകളാണ് സഭകള്‍. ഇടക്കൊച്ചിയില്‍ ആരംഭിച്ച ജ്ഞാനോദയം സഭ, ആനാപ്പുഴയില്‍ 1912-ല്‍ ആരംഭിച്ച കളയാനദായിനി സഭ, കുമ്പളത്ത് ആരംഭിച്ച സന്മാര്‍ഗ്ഗപ്രദീപ സഭ, തേവരയില്‍ ആരംഭിച്ച സുധാര്‍മ സൂര്യോദയസഭ, വൈക്കത്ത് ആരംഭിച്ച വാലസേവാ സമിതി, പറവൂരില്‍ ആരംഭിച്ച സമുദായ സേവിനി എന്നിവ ആയിരുന്നു അവ. 1907-ല്‍ അരയസമാജവും, 1922-ല്‍ അഖില കേരള അരയമഹാസഭയും അദ്ദേഹം സ്ഥാപിച്ചു. 1931-ല്‍ പണ്ഡിറ്റ് കറുപ്പന് നാട്ടുഭാഷ സൂപ്രണ്ട് പദവി ലഭിച്ചു.

‘കായല്‍ സമ്മേളന’ത്തിനുശേഷം അധികം വൈകാതെ നടന്ന സംഭവമായിരുന്നു ഇന്നത്തെ സുഭാഷ് പാര്‍ക്കില്‍ നടന്ന കാര്‍ഷിക പ്രദര്‍ശനം. ആ പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ അന്നത്തെ ദിവാനായിരുന്ന ഡ്യു.ജെ.ഭോര്‍ എന്ന സായ്പും കറുപ്പന്‍ മാസ്റ്ററും സംബന്ധിച്ചിരുന്നു. കറുപ്പന്‍ മാസ്റ്റര്‍ തന്റെ പ്രസംഗത്തില് ഇങ്ങനെ പറഞ്ഞു: ”പ്രദര്‍ശനത്തിന് വെച്ചിട്ടുള്ള വിളകള്‍ ഉണ്ടാക്കിയവര്‍ക്ക് പ്രദര്‍ശനം കാണുന്നതിനും സന്തോഷിക്കുന്നതിനും അവസരമില്ല.” ഇതുകേട്ട സായ്പ് കാര്യങ്ങള്‍ അന്വേഷിച്ചു. ”അവര്‍ക്ക് ഈ കരയില്‍ കാലുകുത്തുന്നതിന് അവകാശമില്ല;” കറുപ്പന്‍ മാസ്റ്റര്‍ വിശദീകരിച്ചു. ”ഇത് അനീതിയാണ്. അവരെങ്ങാനും ഇവിടെ ഉണ്ടെങ്കില്‍ പ്രദര്‍ശനസ്ഥലത്തേക്ക് വരട്ടെ;” സായ്പ് കല്‍പ്പിച്ചു. കറുപ്പന്‍ മാസ്റ്റര്‍ അവരോട് (പുലയരോട്) പ്രദര്‍ശനവേദിയിലേക്ക് കടന്നുവരാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ വന്നു. പ്രദര്‍ശനം കണ്ട് സന്തുഷ്ടരായി മടങ്ങി. കൊച്ചി നഗരത്തിന്റെ സിരാകേന്ദ്രത്തില്‍ പുലയരുടെ കാല്‍ ആദ്യമായി പതിഞ്ഞത് അന്നായിരുന്നു.

കറുപ്പന്റെ കാവ്യലോകം

1919-ല്‍ കറുപ്പന്‍ ‘ബാലാകലേശം’ എന്ന നാടകം രചിച്ചു. കൊച്ചി മഹാരാജാവിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാടകമത്സരത്തില്‍ അവതരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. രാജ്യത്തെ പൊതുവഴികളില്‍ എല്ലാ മനുഷ്യര്‍ക്കും വഴിനടക്കാം എന്നായിരുന്നു നാടകം നല്‍കുന്ന സന്ദേശം. പൊതുവഴിയിലൂടെ സഞ്ചരിച്ച പുലയനെ മര്‍ദ്ദിച്ച സവര്‍ണനെ തൂക്കിക്കൊല്ലാനും മറ്റുള്ളവരെ നാടുകടത്താനും അയിത്താചാരണം ശിക്ഷാര്‍ഹമാണെന്ന നവോത്ഥാന സന്ദേശം നല്‍കിയും നാടകം അവസാനിക്കുന്നു. മല്‍സരത്തില്‍ ഈ നാടകത്തിനായിരുന്നു പുരസ്‌കാരം. പണ്ഡിറ്റ് കറുപ്പന്‍ കൊച്ചിരാജാവിന്റെ കീഴിലുള്ള സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയിലിരിക്കെ എഴുതിയ ”ബാലാകലേശം” വായിച്ചശേഷം ഡോ. പല്‍പ്പു ചോദിച്ചത് ”ഇതെഴുതിയതിനുശേഷവും നിങ്ങളെ സര്‍വീസില്‍ വച്ചുകൊണ്ടിരുന്നോ?’ എന്നാണ്. ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ പുലയന്‍ അനുഭവിക്കുന്ന യാതനകളും രാജഭരണത്തിന്റെ നീതിന്യായ വ്യവസ്ഥിതികളെയും നാടകം ചോദ്യംചെയ്തിരുന്നു. സ്വന്തം സമുദായത്തേക്കാള്‍ മറ്റുള്ള സമുദായക്കാരുടെ ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് കറുപ്പന്‍ സാഹിത്യരചന നിര്‍വഹിച്ചത്.

1926-ല്‍ മദിരാശി ഗവര്‍ണറായിരുന്ന ഘോഷന്‍ പ്രഭുവിന്റെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് മഹാരാജാവ് ഒരു വിരുന്നു നടത്തി. നിയമസഭാ സാമാജികരടക്കമുള്ള പ്രമുഖരെയെല്ലാം ക്ഷണിച്ചിരുന്ന ആ വിരുന്നില്‍ നിയമസഭാ സാമാജികനായിരുന്നിട്ടും കറുപ്പനെ ജാതിയുടെ പേരില്‍ ക്ഷണിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ”ഉദ്യാനവിരുന്ന് അഥവാ ഒരു ധീവരന്റെ ആവലാതി” എന്ന കൃതി രചിച്ച് രാജാവിനു സമര്‍പ്പിച്ചത്. ആത്മാഭിമാനിയായ കവി സ്വന്തം ജീവരക്തംകൊണ്ടെഴുതിയ ആ കാവ്യം പില്‍ക്കാലത്ത് ഏറെ ശ്രദ്ധേയമായി.

”1928-ല്‍ ആണ് ‘ആചാരഭൂഷണം’ പണ്ഡിറ്റ് കറുപ്പന്‍ പ്രസിദ്ധീകരിക്കുന്നത്. അത് പി.സി.ചാഞ്ചന്‍, കെ.പി.വള്ളോന്‍ തുടങ്ങിയ മുഴുവന്‍ സമുദായപ്രവര്‍ത്തകരും കയ്യില്‍ കൊണ്ടുനടന്ന വേദപുസ്തകമായിരുന്നു. മരണം സംഭവിച്ച വീടുകളില്‍ അലമുറയിടുന്നതിനുപകരം ശാന്തിഗീതം ചൊല്ലണമെന്ന് ‘ആചാരഭൂഷണം’ നിര്‍ദ്ദേശിക്കുന്നു.

അദ്ധ്യാപകനായി സര്‍വീസില്‍ പ്രവേശിച്ച പണ്ഡിറ്റ് കറുപ്പന്‍ ഫിഷറീസ് വകുപ്പില്‍ ഗുമസ്തനായി, പ്രാഥമിക വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിറ്റിയുടെ കണ്‍വീനറായി, കൊച്ചിഭാഷാ പരിഷ്‌കരണ കമ്മിറ്റിയുടെ സെക്രട്ടറിയായി, നാട്ടുഭാഷാ സൂപ്രണ്ടായി. പിന്നാക്കക്കാരുടെ വിദ്യാഭ്യാസത്തിന്റെ ചുമതലയും മദ്രാസ് യൂണിവേഴ്സിറ്റിയില്‍ പൗരസ്ത്യ ഭാഷാപരീക്ഷാ ബോര്‍ഡ് മെംബറായും അതിന്റെ ചെയര്‍മാനായും അവസാനം എറണാകുളം മഹാരാജാസ് കോളജില്‍ മലയാളം ലക്ചററായും സേവനമനുഷ്ഠിച്ചു. ”കേരള ലിങ്കണ്‍” എന്നാണ് പണ്ഡിറ്റ് കറുപ്പന്‍ അറിയപ്പെടുന്നത്.

ലങ്കാമര്‍ദ്ദനം, നൈഷകം (നാടകം), ഭൈമീപരിണയം, ചിത്രലേഖ, ഉര്‍വശി (വിവര്‍ത്തനം), ശാകുന്തളം വഞ്ചിപ്പാട്ട്, കാവ്യപേടകം (കവിതകള്‍), ചിത്രാലങ്കാരം, ജലോദ്യാനം, രാജരാജപര്‍വ്വം, വിലാപഗീതം, ദീനസ്വരം, തിരുനാള്‍ക്കുമ്മി, ഒരു താരാട്ട്, എഡ്വേര്‍ഡ് വിജയം (സംഗീതനാടകം), കൈരളീ കൗതുകം (മൂന്ന് ഭാഗം), ആചാരഭൂഷണം, ഉദ്യാനവിരുന്ന്, സമാധിസപ്തകം എന്നീ കൃതികളും പണ്ഡിറ്റ് കറുപ്പന്‍ രചിച്ചിട്ടുണ്ട്. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ”വിദ്വാന്‍” ബഹുമതിയും, കൊച്ചി മഹാരാജാവ് ”കവിതിലക” ബിരുദവും,”സാഹിത്യനിപുണന്‍” പദവിയും നല്‍കി ആദരിച്ചു. 1938 മാര്‍ച്ച് 23-ന് പണ്ഡിറ്റ് കറുപ്പന്‍ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു.

ShareTweetSendShareShare

Latest from this Category

ഭാരതാംബയുടെ അഗ്‌നിപുത്രി

രാഷ്‌ട്രമാവണം ലഹരി

സംഘം നൂറിലെത്തുമ്പോൾ..

കാഴ്ചാനുഭവങ്ങളുടെ ‘അരവിന്ദം’

പകരാം നമുക്ക് നല്ല ശീലങ്ങള്‍..

ലക്ഷ്മണനും അശ്വത്ഥാമാവും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സാമൂഹ്യമാധ്യമങ്ങളെ ജനങ്ങള്‍ക്ക് മടുത്തു: ആദിത്യവര്‍മ

ശബരിമല തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം: ഹിന്ദു ഐക്യവേദി

ജൂണ്‍ 5ന് രാം ദര്‍ബാറില്‍ പ്രാണപ്രതിഷ്ഠ; അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി

മിസോറം രാജ്യത്തെ ആദ്യ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനം

ഓപ്പറേഷന്‍ സിന്ദൂറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മഹിളാ സമന്വയ വേദി എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച സ്വാഭിമാനയാത്ര

മഹിളാ സമന്വയ വേദി സ്വാഭിമാനയാത്രകള്‍ സംഘടിപ്പിക്കുന്നു

ഓപ്പറേഷൻ സിന്ദൂർ; മെഴുകുതിരി തെളിയിച്ചതിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള സമൂല മാറ്റം: എസ്. ഗുരുമൂർത്തി

ചിറയിൻകീഴ്, വടകര ഉൾപ്പടെ രാജ്യത്തെ 103 അമൃത് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

അണുബോംബിന്റെ പേരിൽ ഭയപ്പെടുത്താൻ നോക്കേണ്ട; സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷി: പ്രധാനമന്ത്രി

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies