നാഗ്പൂര്‍: ആറ് വര്‍ഷം മുമ്പ് നഷ്ടമായ മകനെ വീണ്ടുകിട്ടി ആനന്ദത്തിലാണ് ബീഹാറിലെ ഖഗാരിയ ഗ്രാമത്തിലെ ആ മാതാപിതാക്കള്‍. സംസാരശേഷിയും കേള്‍വിയുമില്ലാത്ത ഇരുപത്തൊന്നുകാരന്‍ സോചന്‍ കുമാറിനെ കാണാതായതില്‍പ്പിന്നെ അവര്‍ അവനെത്തേടി അലയാത്ത ഇടമുണ്ടായിരുന്നില്ല. സോചന്‍ കുടുംബത്തോടൊപ്പം ഒന്നിച്ചതിന് നിമിത്തമായത് ആധാര്‍ കാര്‍ഡാണ്.
ബീഹാറിലെ ഖഗാരിയ ജില്ലയില്‍ നിന്ന് 2016 നവംബര്‍ മുതലാണ് ഇയാളെ കാണാതായത്. നവംബര്‍ 28ന് നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 15 വയസ്സുള്ള ഒരു കുട്ടിയെ കണ്ടെത്തി. സംസാരശേഷിയും കേള്‍വിക്കുറവും ഉള്ളതിനാല്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം റെയില്‍വേ അധികൃതര്‍ ഇയാളെ നാഗ്പൂരിലെ ഗവണ്‍മെന്റ് സീനിയര്‍ ബോയ്‌സ് ഓര്‍ഫനേജിന് കൈമാറി. പ്രേം രമേഷ് ഇംഗലെ എന്ന പേരിലാണ് അവിടെ രജിസ്റ്റര്‍ ചെയ്തത്.
അനാഥാലയത്തിന്‍റെ സൂപ്രണ്ടും കൗണ്‍സിലറുമായ വിനോദ് ദബേറാവു 2022 ജൂലൈയില്‍ ‘പ്രേം രമേഷ് ഇംഗലെ’യുടെ ആധാര്‍ രജിസ്‌ട്രേഷനായി നാഗ്പൂരിലെ ആധാര്‍ സേവാ കേന്ദ്രം സന്ദര്‍ശിച്ചു. എന്നാല്‍ നിലവിലുള്ള മറ്റൊരു ആധാര്‍ നമ്പറുമായി ബയോമെട്രിക്സ് പൊരുത്തപ്പെടുന്നതിനാല്‍ ഈ എന്റോള്‍മെന്റ് നടത്താനായില്ല. തുടര്‍ന്ന് എഎസ്‌കെ നാഗ്പൂര്‍ യുഐഡിഎഐ റീജിയണല്‍ ഓഫീസ് മുംബൈയെ സമീപിച്ചു. ബീഹാറിലെ ഖഗാരിയ ജില്ലയിലെ ഒരു പ്രദേശത്തിന്‍റെ വിലാസമുള്ള സോചന്‍ കുമാര്‍ എന്ന പേരില്‍ 2016 മുതല്‍ ബന്ധപ്പെട്ട യുവാവിന് ആധാര്‍ ഉണ്ടെന്ന് പരിശോധിച്ചപ്പോള്‍ കണ്ടെത്തി.
കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം, നടപടിക്രമങ്ങള്‍ പാലിച്ച്, അധികൃതര്‍ യുവാവിന്‍റെ ഐഡന്റിറ്റി അനാഥാലയത്തിന്റെ സൂപ്രണ്ടിനോട് വെളിപ്പെടുത്തി. ഖഗാരിയ പോലീസിന്‍റെ സഹകരണത്തോടെ, കുടുംബത്തെ വിവരമറിയിച്ചു. തുടര്‍ന്ന്, യുവാവിന്‍റെ അമ്മയും നാല് ബന്ധുക്കളും ബന്ധപ്പെട്ട പോലീസ് അധികാരികളില്‍ നിന്നും ആവശ്യമായ രേഖകളുമായി നാഗ്പൂരിലെത്തി സോചനെ ഏറ്റുവാങ്ങി.
Discussion about this post