ന്യൂദല്‍ഹി: ഗുലാം നബി ആസാദിനെ വീട്ടിലെത്തി കണ്ട് ജി 23 നേതാക്കള്‍. ഭൂപീന്ദര്‍ സിങ് ഹൂഡ, ആനന്ദ് ശര്‍മ്മ, പൃഥ്വിരാജ് ചവാന്‍ എന്നീ മുതിര്‍ന്ന നേതാക്കളാണ് ഗുലാം നബി ആസാദിനെ സന്ദര്‍ശിച്ചത്. ആനന്ദ് ശര്‍മ്മ ഇതിനകം തന്നെ ഹിമാചല്‍ കോണ്‍ഗ്രസിന്‍റെ സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ടെലിവിഷന്‍ അഭിമുഖങ്ങളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സംസാരിച്ചതിന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയായ പൃഥ്വിരാജ് ചവാനും രാഹുല്‍ ഗ്യാങ്ങിന്‍റെ നിരീക്ഷണത്തിലാണ്.
അതേസമയം കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്ന പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് തങ്ങള്‍ ഗുലാം നബിയെ കണ്ടതെന്ന് ഭൂപീന്ദര്‍ സിംഗ് ഹൂഡ വ്യക്തമാക്കി. കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ഒപ്പമുണ്ടായിരുന്നവരായിട്ടും രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഗുലാം നബി ഞങ്ങളോട് ചര്‍ച്ച ചെയ്തില്ല. സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം അംഗീകരിച്ചതിനു ശേഷവും രാജി വയ്ക്കാനിടയായ സാഹചര്യം എന്തായിരുന്നുവെന്ന് അറിയുകയായിരുന്നു സന്ദര്‍ശനത്തിന്‍റെ ലക്ഷ്യമെന്നും ഹൂഡ പറഞ്ഞു.
എന്നാല്‍ ഹൂഡയുടെയും കൂട്ടരുടെയും ഗുലാം നബി ആസാദുമായുള്ള കൂടിക്കാഴ്ച കോണ്‍ഗ്രസില്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഹൂഡയുടെ വാദങ്ങള്‍ വിശ്വസിക്കാനാവില്ലെന്ന് കുമാരി സെല്‍ജ ആരോപിച്ചു. ഗുലാം നബി പാര്‍ട്ടി വിടുകയും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ആളാണ്. എന്നിട്ടും അവരെന്തിനാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടി വരുമെന്ന് സെല്‍ജ പറഞ്ഞു.
ടെലിവിഷന്‍ സംവാദത്തിനിടെ രാഹുല്‍ ഗാന്ധിക്കെതിരെ സംസാരിച്ചതിന് പൃഥ്വിരാജ് ചവാനെതിരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ വീരേന്ദര്‍ വസിഷ്ഠ് പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post