പനാജി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തുടങ്ങി നാല് നാള്‍ പിന്നിടും മുമ്പേ ഗോവയിലെ പതിനൊന്ന് എംഎല്‍എമാരില്‍ എട്ടുപേരും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു, മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, പ്രതിപക്ഷനേതാവ് മൈക്കിള്‍ ലോബോ, ഡെലിയ ലോബോ, രാജേഷ് ഫല്‍ദേസായ്, കേദാര്‍ നായിക്, സങ്കല്പ് അമോന്‍കര്‍, അലക്‌സിയോ സെക്കിറ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നിവരാണ് മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ സാന്നിധ്യത്തില്‍ ബിജെപിയുടെ ഭാഗമായത്. കോണ്‍ഗ്രസ് ഛോഡോ യാത്രയ്ക്ക് ഗോവയില്‍ തുടക്കമിട്ടിരിക്കുകയാണെന്ന് പ്രമോദ് സാവന്ത് പ്രഖ്യാപിച്ചു. ബിജെപിയില്‍ ലയിക്കാനുള്ള തീരുമാനമറിയിച്ചുള്ള കത്ത് നിയമസഭാസെക്രട്ടറിക്ക് കൈമാറിയതിന് ശേഷമാണ് ഇവര്‍ ഔദ്യോഗികമായി പാര്‍ട്ടിയുടെ ഭാഗമായത്.
ഇതോടെ നാല്പതംഗ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം വെറും മൂന്നായി. ബിജെപി എംഎല്‍എമാരുടെ എണ്ണം 20ല്‍ നിന്ന് 28 ആയി ഉയര്‍ന്നു. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ മൂന്ന് ഉള്‍പ്പെടെ ഏഴ് എംഎല്‍എമാരാണ് ഇപ്പോള്‍ പ്രതിപക്ഷത്തുള്ളത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിവിട്ടുപോകില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം എംഎല്‍എമാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ദിഗംബര്‍ കാമത്ത് അടക്കമുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി.
കോണ്‍ഗ്രസ് ഛോഡോ ബിജെപി ജോഡോ എന്ന മുദ്രാവാക്യമാണ് തങ്ങള്‍ രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കും നല്‍കുന്നതെന്ന് ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം മൈക്കിള്‍ ലോബോ പറഞ്ഞു. ഈ യാത്ര രാജ്യത്തിന് കരുത്തുപകരാനാണ്. പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ്, ലോബോ പറഞ്ഞു.
ആസാമില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി .കമറുല്‍ ഇസ്ലാം ചൗധരി ഞായറാഴ്ച പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസ് ലക്കും ലഗാനുമില്ലാത്ത നിലയിലാണെന്ന് ആരോപിച്ച് എഐസിസി അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ച കത്തിലാണ് രാജി പ്രഖ്യാപനം. പ്രവര്‍ത്തനത്തില്‍ തുടരാന്‍ ഒരു പ്രേരണയും നല്‍കാനാവാത്തവിധം നിര്‍ജീവമാണ് കോണ്‍ഗ്രസെന്നും കമറുള്‍ ഇസ്ലാം ചൗധരി പറഞ്ഞു.
Discussion about this post