ജനീവ: ഹിജാബിൻ്റെ പേരിലുള്ള നരവേട്ട അവസാനിപ്പിക്കണമെന്ന് ഇറാന്‍ ഭരണകൂടത്തോട് യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍. ഹിജാബ് ചട്ടം ലംഘിക്കുന്നുവെന്ന പേരില്‍ സ്ത്രീകളെ ലക്ഷ്യമിടുന്നത് അധികാരികള്‍ ഉടന്‍ അവസാവനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കമ്മിഷന്‍ മഹ്‌സ അമിനിയുടെ മരണത്തില്‍ ഇറാനിയന്‍ ഭരണകൂടത്തെ ശക്തമായി അപലപിച്ചു.
മുടി പൂര്‍ണമായും മറച്ച് ഹിജാബ് ധരിക്കാത്തതിൻ്റെ പേരില്‍ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്ത ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനി കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇറാനിയന്‍ വനിതകള്‍ പൊതുനിരത്തില്‍ ഹിജാബ് കത്തിച്ചും വലിച്ചെറിഞ്ഞും മുടിമുറിച്ചും പ്രക്ഷോഭരംഗത്താണ്. മഹ്‌സ അമിനിയുടെ മരണത്തില്‍ ഇറാനിയന്‍ ഭരണകൂടത്തെ അപലപിച്ച യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ നദ അല്‍ നഷിഫ് സംഭവത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. പ്രക്ഷോഭകര്‍ക്കെതിരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളും അപലപനീയമാണെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പൊതുനിരത്തില്‍ തല മൂടി നടക്കണമെന്ന ചട്ടം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് സപ്തംബര്‍ 13ന് മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്തത്. അമിനി ധരിച്ചിരുന്ന തട്ടം കൊണ്ട് മുടി മുഴുവന്‍ മറഞ്ഞില്ലെന്നായിരുന്നു ആക്ഷേപം. അമിനിയുടെ തലയില്‍ പോലീസ് ലാത്തി കൊണ്ട് അടിക്കുകയും വാഹനത്തിൻ്റെ ബോണറ്റില്‍ തല ഇടിപ്പിക്കുകയും ചെയ്തു. വലിയ ക്രൂരതയാണ് പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടാത്, നദ അല്‍ നഷിഫ് പറഞ്ഞു. അമിനിയുടെ ദാരുണാന്ത്യം മാരകമായ പീഡനവും അതിക്രമവും കൊണ്ടാണെന്ന ആക്ഷേപം ശക്തമാണ്. സംഭവത്തില്‍ സത്യം പുറത്തു വരണം. അമിനിയുടെ കുടുംബത്തിന് നീതി ലഭിക്കണം, അതിന് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണ്, അവര്‍ പറഞ്ഞു.
അതേസമയം ഇറാന്‍ പോലീസ് അധികൃതര്‍ അമിനിയുടെ മരണകാരണമായി പറയുന്നത് ഹൃദയാഘാതമാണ്. അതിനിടെ ടെഹ്‌റാനില്‍ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടുത്ത നഗരമായ മഷഹാദിലേക്കും പടര്‍ന്നു. ആയിരക്കണക്കിന് സ്ത്രീകളാണ് പ്രക്ഷോഭരംഗത്തുള്ളത്. ഇറാന്‍ ഭരണകൂടത്തിനെതിരെ വ്യാപകമായ പ്രകടനങ്ങളാണ് നടക്കുന്നത്.
Discussion about this post