ബ്യൂണസ് അയേഴ്‌സ്(അര്‍ജന്റീന): ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നാടുകടത്തപ്പെട്ട വിഖ്യാത ഇറാനിയന്‍ നടി ഗോല്‍ഷിഫ്തെ ഫറഹാനിയുടെ നേതൃത്വത്തില്‍ സംഗീത നിശ. ബരായേ സാന്‍, സിന്ദഗി, ആസാദി (സ്ത്രീകള്‍ക്ക്, ജീവിതം, സ്വാതന്ത്ര്യം) എന്ന ഗീതവുമായി ഫറഹാനിക്കൊപ്പം കോള്‍ഡ്പ്ലേയുടെ പ്രധാന ഗായകന്‍ ക്രിസ് മാര്‍ട്ടിന്‍ പൊരുതാനുറച്ചവര്‍ക്ക് വിജയം വരെയും കൂട്ട് എന്ന് പ്രഖ്യാപിച്ചു. പതിനായിരങ്ങളാണ് ഹിജാബ് വിരുദ്ധ ഗാനം ഏറ്റുപാടിയത്. 29ന് ബ്യൂണസ് അയേഴ്‌സില്‍ ഫറഹാനി പാടിയ ഗീതം ഇറാനിലെ പ്രക്ഷോഭകരും ഏറ്റെടുത്തു. സ്‌കൂളുകളിലും പൊതുനിരത്തിലുമുയരുന്ന ‘ബരായെ സാന്‍’ മതഭരണത്തിനെതിരായ വെല്ലുവിളിയാവുകയാണ്.
2008ല്‍ ലിയനാര്‍ഡോ ഡികാപ്രിയോയുടെ ‘ബോഡി ഓഫ് ലൈസി’ല്‍ ഹിജാബ് ധരിക്കാതെ അഭിനയിച്ചതിന്‍റെ പേരില്‍ ഇറാന്‍ മതഭരണകൂടം വിലക്കേര്‍പ്പെടുത്തിയതോടെ നാട് വിട്ടയാളാണ് ഫറഹാനി.
‘ഇടവഴികളില്‍ നൃത്തം ചെയ്യുന്നതിനായി,
എന്‍റെ സഹോദരി,
നിങ്ങളുടെ സഹോദരി,
നമ്മുടെ സഹോദരിമാര്‍ക്കായി… എന്ന തുടരുന്ന ഗീതം ആടാനും പാടാനും മതവിലക്ക് അനുഭവിക്കേണ്ടിവരുന്ന ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണെന്ന് ഫറഹാനി പറഞ്ഞു.
1998-ലാണ് ബാലതാരമായി തുടങ്ങിയ ഫറാഹാനിയുടെ നിരവധി ഇറാനിയന്‍ ചിത്രങ്ങളില്‍ നായികയായി. പിന്നീട് ഹോളിവുഡ്, ഫ്രഞ്ച് സിനിമകളില്‍ അഭിനയിച്ചു. ഭരണകൂടം വേട്ടയാടിയതോടെ ഫറഹാനി ഫ്രാന്‍സിലേക്ക് പലായനം ചെയ്യുകയായിരുന്നു. ”ഹിജാബിനെതിരായ ഈ ചുഴലിക്കാറ്റ്, ഈ സുനാമി വന്നത് മതാധിപതിയുടെ സ്വേച്ഛാധിപത്യത്തെ കഴുകിക്കളയാന്‍ വേണ്ടിയാണ്. ജനക്കൂട്ടത്തിന്‍റെ ഈ കൊടുങ്കാറ്റ് ഇപ്പോള്‍ ക്രൂരവും അന്യായവും ഇരുണ്ടതും വൃത്തികെട്ടതുമായ ആയത്തുള്ള ഖമേനിയുടെ മേച്ചില്‍പ്പുറങ്ങളെ വെള്ളത്തില്‍ മുക്കിത്താഴ്ത്തും. ഇറാന്‍ സ്വതന്ത്രമാകുന്നതുവരെ ഇത് നിലയ്ക്കില്ല. എന്ന് ഫറവാനി ട്വീറ്റ് ചെയ്തു.
അതേസമയം ഫറഹാനിയുടെ പാട്ടിന് നിയന്ത്രണമേര്‍പ്പെടുത്തി ഇറാന്‍ ഭരണകൂടം രംഗത്തെത്തി. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പാട്ട് റിലീസ് ചെയ്തതിന് സംഗീത സംവിധായകനായ ഷെര്‍വിന്‍ ഹാജിപൂരിനെ ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധം കനത്തതോടെ കടുത്ത ഉപാധികളില്‍ അദ്ദേഹത്തെ പിന്നീട് മോചിപ്പിച്ചു. പാട്ടിനെ അനുകൂലിച്ചതിന് ഹാജിപൂരിന് മാപ്പ് പറയേണ്ടി വന്നു.
അതേസമയം ലിംഗനീതിക്കായുള്ള നാല്‍പത്തഞ്ചംഗ യുഎന്‍ സമിതിയില്‍ നിന്ന് ഇറാനെ പുറന്തള്ളുന്നതിന് നടപടി സ്വീകരിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാഹാരിസ് പറഞ്ഞു. ഇറാന്‍ ഭരണകൂടം തുടരുന്ന സ്ത്രീവിരുദ്ധ സമീപനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.
Discussion about this post