ചെന്നൈ: റയില്‍വേയുടെ അഭിമാന പദ്ധതിയായ വന്ദേഭാരത് എക്സ്പ്രസിന്‍റെ ദക്ഷിണേന്ത്യയിലെ ആദ്യ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. മൈസൂരില്‍ നിന്ന് ബംഗളൂരു വഴി ചെന്നൈയിലേക്കാണ് സര്‍വീസ്. ഇനി ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്ക് ആറര മണിക്കൂറിനുള്ളില്‍ എത്താനാകും. രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളില്‍ അഞ്ചാമത്തേതും ഏറ്റവും പരിഷ്‌കരിച്ച പതിപ്പുമാണിത്.
മൈസൂരുവില്‍ നിന്ന് യാത്ര തുടങ്ങി കഴിഞ്ഞാല്‍ പിന്നെ ബംഗളൂരു സിറ്റി ജംഗ്ഷനില്‍ മാത്രമായിരിക്കും സ്റ്റോപ്പ് ഉണ്ടായിരിക്കുക. ബുധന്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സര്‍വീസ് ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി 75 വന്ദേ ഭരത് എക്സ്പ്രസുകള്‍ ട്രാക്കിലിറക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. 2019 ഫെബ്രുവരി 19നാണ് ആദ്യ വന്ദേ ഭരത് എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. മണിക്കൂറില്‍ 160 കിലോമീറ്ററാണ് വേഗത.
പൂര്‍ണമായും ശീതീകരിച്ച കോച്ചുകളുമായാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. ഡോറുകള്‍ എല്ലാം ഓട്ടാമാറ്റിക് ആണ്. ഓഡിയോ-വിഷ്വല്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഓണ്‍ബോര്‍ഡ് ഹോട്ട്സ്പോട്ട് വൈഫൈ, റിക്ലൈനിംഗ് സീറ്റുകള്‍ എന്നിവയാണ് വന്ദേഭാരതിന്‍റെ എടുത്തു പറയേണ്ട പ്രത്യേകതകള്‍.
മികച്ച സീറ്റുകള്‍, ഇന്റീരിയറുകള്‍, ബോഗിക്കടിയിലേക്ക് വെള്ളം കയറാത്ത ഡിസൈന്‍, എമര്‍ജന്‍സി ലൈറ്റുകള്‍, വായു ശുദ്ധീകരണ സംവിധാനം. എന്നിവയെല്ലാം വന്ദേഭാരത് ട്രെയിനുകളില്‍ ഉണ്ടാവും. അതിവേഗത്തില്‍ വന്ദേഭാരത് കുതിക്കുമ്ബോള്‍ ട്രാക്കിലെ കൂട്ടിയിടി ഒഴിവാക്കാന്‍ ഇന്ത്യയുടെ സ്വന്തം ‘കവച്ച്’ സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Discussion about this post