തിരുവനന്തപുരം: അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായിക മേളക്ക് ഇന്ന് തിരിതെളിയും. തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം,യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവടങ്ങളിലായി നാല് ദിനങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറുക.14 ജില്ലകളിൽ നിന്നായി 2400 ഓളം കായിക താരങ്ങളാണ് മാറ്റുരക്കുന്നത്. വൈകിട്ട് ആറിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും.
കൊറോണയുടെ രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് മേള നടക്കുന്നത്. രാത്രിയിലും മത്സരമുണ്ടെന്നതാണ് ഈ വർഷത്തെ മേളയുടെ പ്രത്യേക. രാവിലെ ഏഴിന് സീനിയർ ആൺകുട്ടികളുടെ 3000മീറ്ററോടെ മേളക്ക് തുടക്കമാകും.
ആറ് വരെ നീളുന്ന മേളയിൽ 98 ഇനങ്ങളിലായി 2737 താരങ്ങളാണ് മാറ്റുരയ്‌ക്കുക. ഇതിൽ 1,443 ആൺകുട്ടികളും, 1,294 പെൺകുട്ടികളും ഉൾപ്പെടുന്നു. 350 ഓളം ഒഫീഷ്യൽസും മേളയിൽ പങ്കെടുക്കും. ട്രാക്ക്, ജമ്പ് ഇനങ്ങൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും ജാവലിൻ ത്രോ ഒഴികെയുള്ള ത്രോ ഇനങ്ങൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായിരിക്കും. 2019ൽ കണ്ണൂരിലെ മീറ്റിൽ പാലക്കാടായിരുന്നു ജേതാക്കൾ.
അതേസമയം സ്‌കൂൾ കായികമേളയുടെ മുഴുവൻ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം കൈറ്റ് സജ്ജമാക്കി. ഈ വർഷം മുതൽ www.sports.kite.kerala.gov.in പോർട്ടൽ വഴി മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റെക്കോർഡുകളും ഈ പോർട്ടലിലൂടെ ലഭിക്കും.
Discussion about this post