കൊളംബിയ: ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം മീരാബായി ചാനുവിന് വെള്ളി. കൊളംബിയയിലെ ബൊഗോട്ടയിൽ നടന്ന മത്സരത്തിൽ മൊത്തം 200 കിലോ ഭാരമുയർത്തിയാണ് ഇന്ത്യയ്‌ക്കായി മീരാബായി വെള്ളി കരസ്ഥമാക്കിയത്. 49 കിലോ വിഭാഗത്തിലായിരുന്നു മത്സരം.
കൈത്തണ്ടയിൽ പരിക്കുണ്ടായിരുന്നെങ്കിലും മികച്ച പ്രകടനമാണ് മീരാബായി ചാനു കാഴ്ചവെച്ചത്. സ്‌നാച്ചിൽ 87 കിലോഗ്രാം ഉയർത്താനും ക്ലീൻ ആന്റ് ജെർക്കിൽ 113 കിലോയും ഉയർത്താനായി. മൊത്തം 206 കിലോഗ്രാം ഉയർത്തി സ്വർണം നേടിയ ചൈനയുടെ ജിയാങ് ഹുയ്ഹുവെ പിന്നിലാക്കിയാണ് താരം ഫിനിഷ് ചെയ്തത്.
താരത്തിന് പരിക്കുള്ളതിനാൽ പ്രത്യേകമായി പരിശീലനം നൽകാൻ കഴിഞ്ഞില്ലെന്നും ലോക ചാമ്പ്യൻഷിപ്പിലെ പ്രകടനം മീരാബായി സ്ഥിരമായി ഉയർത്തുന്ന ഭാരമാണെന്നും പരിശീലകൻ വിജയ് ശർമ പറഞ്ഞു. ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിന് പിന്നാലെ ഉയർത്തുന്ന ഭാരം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ പരിശീലനത്തിനിടയിലാണ് കൈത്തണ്ടയ്‌ക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെ ഒക്ടോബറിൽ ദേശീയ ഗെയിംസിലും താരം പങ്കെടുത്തിരുന്നു.
2024 ലെ പാരീസ് ഒളിമ്പിക്‌സിനുള്ള ആദ്യ യോഗ്യതാ മത്സരമാണ് 2022 ലോക ചാമ്പ്യൻഷിപ്പ്. 2024 ഒളിമ്പിക് യോഗ്യത നിയമമനുസരിച്ച് ലിഫ്റ്റർ നിർബന്ധമായും 2023 ലോക ചാമ്പ്യൻഷിപ്പിലും 2024 ലോകകപ്പിലും മത്സരിക്കണം. 2022-ലെ ലോക ചാമ്പ്യൻഷിപ്പുകൾ, 2023 കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പുകൾ, 2023 ഗ്രാൻഡ് പ്രിക്‌സ് 1, 2023 ഗ്രാൻഡ് പ്രിക്‌സ് 2, 2024 കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പുകളിലും പങ്കെടുക്കണം.
2017-ൽ ലോക ചാമ്പ്യൻഷിപ്പിൽ ചാനു സ്വർണം നേടിയിരുന്നു. ദേശീയ റെക്കോഡോടെയായിരുന്നു ചാനുവിന്‍റെ സ്വർണ നേട്ടം. സ്‌നാച്ചിൽ 85 കിലോഗ്രാമും ക്ലീൻ ആന്റ് ജെർക്കിൽ 109 കിലോഗോമും അടക്കം ആകെ 194 കിലോഗ്രാം ഉയർത്തിയായിരുന്നു സ്വർണനേട്ടം.
Discussion about this post