ചരിത്രത്തില്‍ വഴിത്തിരുവുകള്‍ ഉണ്ടാക്കുകയും, ഓരോ കാലഘട്ടങ്ങളെയും പരിഷ്കരിച്ച് വരും തലമുറകളില്‍ സ്വാധീനം നിലനിര്‍ത്തുകയും ചെയ്യുന്ന വ്യക്തിത്വങ്ങളെ കാലം യുഗപുരുഷന്മാരെന്ന് വിശേഷിപ്പിച്ചു. ഇത്തരം യുഗപുരുഷന്മാരുടെ പട്ടികയില്‍പെടുത്താം ഒന്‍പതാം വയസ്സില്‍ സിഖ് ഗുരുവായ ഗുരു ഗോവിന്ദ് സിംഹനെ
ഗുരു ഗോവിന്ദ് സിംഹന്‍റെ രാഷ്‌ട്രത്തെപ്പറ്റിയുള്ള കാഴ്‌ച്ചപ്പാടുകള്‍ എക്കാലവും ഭാരതത്തിലെ യുവഹൃദയങ്ങളെ തീവ്ര ദേശീയതയുടെ പ്രണയകാലത്തിലേക്കെത്തിക്കുന്നു.
1666 ഡിസംബര്‍ 22 ന് ബിഹാറിലെ പട്നയിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. സിഖ് മതവിഭാഗങ്ങളുടെ ഒന്‍പതാമത്തെ ഗുരുവായ തേഗ് ബഹാദൂറാണ് ഗോവിന്ദ് സിംഹന്‍റെ പിതാവ്. തേഗ് ബഹാദൂറിനെ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബ് തടവിലാക്കുകയും, ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. ഇസ്ലാംമതം സ്വീകരിക്കാന്‍ തയ്യാറാവാത്തതിന്‍റെ പേരില്‍ തേഗ് ബഹാദൂറിനെ പിന്നീട് വധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഒന്‍പതാം വയസ്സില്‍ ഗോവിന്ദ് സിംഹ് സിഖ് ഗുരുവായി സ്ഥാനമേല്ക്കുന്നത്.
ഗുരു നാനക് സ്ഥാപിച്ച സിഖ് വിശ്വാസത്തെ ഒരു സംഘടിത രൂപമുള്ള മതമാക്കി ചിട്ടപ്പെടുത്തിയത് ഗോവിന്ദ് സിംഹായിരുന്നു.
സിഖ് മതവിശ്വാസിയും, തത്വചിന്തകനുമായിരുന്ന ഗോവിന്ദ് സിംഹ് രാഷ്‌ട്രസംബന്ധമായ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. 1699 ല്‍ അദ്ദേഹം രൂപം നല്കിയ ‘ഖാല്‍സാ’ എന്ന സംഘടന മുഗളന്മാരുള്‍പ്പെടെയുള്ള അധിനിവേശ ശക്തികള്‍ക്കെതിരെ ശക്തമായി നിലയുറപ്പിച്ചു.
1704 ല്‍ ചാമക്ക്യൂറില്‍ ഔറംഗസേബിന്‍റെ സൈന്യവുമായി ഗോവിന്ദ് സിംഹനും സംഘവും ഏറ്റുമുട്ടുകയും, അന്തിമ വിജയം സിഖ് സംഘം നേടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ നിരവധി പോരാട്ടങ്ങള്‍ക്ക് ഗുരു ഗോവിന്ദ് സിംഹ് നേരിട്ടു നേതൃത്വം നല്‍കി. ഇതിനുള്ള പ്രതികാരം മുഗളന്മാര്‍ തീര്‍ത്തത് ഗോവിന്ദ് സിംഹന്റെ രണ്ട് കുട്ടികളായ ഫത്തേഹ് സിംഹ് നെയും, ജൊരാവർ സിംഹ് നെയും കല്ലറ കെട്ടികൊന്നുകൊണ്ടായിരുന്നു.
മതം മാറാന്‍ തയ്യറാകാത്തതിന്‍റെ പേരിലാണ് രണ്ടു പിഞ്ചു ബാലന്മാരെ കല്ലറ കെട്ടി കൊന്നത്. ഇത്തരത്തില്‍ ദേശീയതയ്‌ക്ക് വേണ്ടി നിലകൊണ്ടതിന്‍റെ പേരില്‍ ഏറെ ദുരന്തങ്ങള്‍ ഗുരുഗോവിന്ദ് സിംഹ ന് ഏറ്റുവാങ്ങേണ്ടി വന്നു. എങ്കിലും ഭൂമിയില്‍ ജീവിച്ചനാള്‍ അത്രയും ഭാരതത്തിന്‍റെ അഖണ്ഡതയ്‌ക്കായി അദ്ദേഹം നിലകൊണ്ടു.
1708 ഒക്ടോബര്‍ ഏഴിന് 42 ആം വയസ്സില്‍ ഗോവിന്ദ് സിംഹ് അന്തരിച്ചു. മരിക്കുന്നതിനു മുന്‍പ് സിഖ് മതത്തിന്‍റെ ഗുരുസ്ഥാനം പതിനൊന്നാമത്തേയും എന്നന്നേക്കുമുള്ളതുമായ ഗുരുവായ ഗുരു ഗ്രന്ഥ സാഹിബിനു കൈമാറുകയും ചെയ്തു.
Discussion about this post