ന്യൂദല്‍ഹി: ഭൂകമ്പം മരണം വിതച്ച തുര്‍ക്കിയിലേക്കും സിറിയയിലേക്കും ആശ്വാസവുമായി ആദ്യം പറന്നെത്തിയ ഇന്ത്യക്ക് ഹൃദയം കൊണ്ട് നന്ദി പറഞ്ഞ് തുര്‍ക്കി. യഥാര്‍ത്ഥ ദോസ്ത് എന്നാണ് ഇന്ത്യയിലെ തുര്‍ക്കി അംബാസഡര്‍ ഫിരത് സുനല്‍ ട്വീറ്റ് ചെയ്തത്. ‘ദോസ്ത് കരാ ഗുണ്ടെ ബെല്ലി ഓര്‍ എന്ന ഒരു ചൊല്ല് തുര്‍ക്കി ഭാഷയിലുണ്ട്. ആവശ്യമുള്ള നേരത്തെത്തുന്ന സുഹൃത്താണ് യഥാര്‍ത്ഥ സുഹൃത്ത് എന്ന് അര്‍ത്ഥം വരുന്നത്. തുര്‍ക്കിഷിലും ഹിന്ദിയിലും സുഹൃത്തിന് ഒരേ പദമാണ്, ‘ദോസ്ത്’. ഒത്തിരി നന്ദി’, സുനല്‍ ട്വീറ്റ് ചെയ്തു.
ദുരന്ത നിവാരണ സേനയുടെ രണ്ട് ബറ്റാലിയനെയാണ് ഇന്ത്യ ഇന്നലെ പുലര്‍ച്ചെ ഭൂകമ്പബാധിത മേഖലകളിലേക്ക് അയച്ചത്. 51 രക്ഷാപ്രവര്‍ത്തകരുമായി ആദ്യസംഘം പുലര്‍ച്ചെ മൂന്നിന് പുറപ്പെട്ടു. ഒരു ഡോഗ് സ്‌ക്വാഡും അഞ്ച് വനിതാ രക്ഷാപ്രവര്‍ത്തകരും മൂന്ന് കാറുകളും അടങ്ങുന്ന സംഘം ദുരന്തബാധിത മേഖലയോട് അടുത്തുള്ള അദാന വിമാനത്താവളത്തിലാണ് ഇറങ്ങിയതെന്ന് എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാള്‍ അറിയിച്ചു.
രണ്ടാമത്തെ സംഘം രാവിലെ പതിനൊന്നോടെ ഹിന്‍ഡണ്‍ എയര്‍ബേസില്‍ നിന്നാണ പുറപ്പെട്ടത്. അതില്‍ ഒരു കമാന്‍ഡറും അമ്പത് രക്ഷാപ്രവര്‍ത്തകരും എന്‍ഡിആര്‍എഫ് ഡോക്ടറും ഉള്‍പ്പെടുന്ന പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടുന്നതാണ് സംഘം.


















