കോയമ്പത്തൂര്‍: പേരൂര്‍ പട്ടീശ്വരര്‍ ക്ഷേത്രത്തിലെ പിടിയാന കല്യാണിക്ക് നീരാടാന്‍ അമ്പത് ലക്ഷത്തിന്‍റെ കുളമൊരുക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഹിന്ദു റിലിജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന്‍റെ നേതൃത്വത്തിലാണ് കുളം നിര്‍മ്മിച്ചത്. വകുപ്പ് മന്ത്രി പി.കെ. ശേഖര്‍ബാബു കഴിഞ്ഞ ദിവസം കുളത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. 10 മീറ്റര്‍ നീളവും 1.8 മീറ്റര്‍ ആഴവുമുള്ള കുളമാണ് ആനയ്ക്ക് കുളിക്കാനായി നിര്‍മ്മിച്ചത്. 12.4 മീറ്റര്‍ നീളത്തില്‍ ആനത്താരയും മുന്നൂറ് മീറ്റര്‍ നീളത്തില്‍ നടവഴിയും നിര്‍മിച്ചിട്ടുണ്ട്. ക്ഷേത്രം വക ആനകള്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പത്ത് കുളങ്ങള്‍ നിര്‍മ്മിക്കുന്നതിന് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 27 ക്ഷേത്രങ്ങളിലായി 29 ആനകളാണ് ഇങ്ങനെ പട്ടികയിലുള്ളത്. 25 ആനകള്‍ക്കും കുളം നിര്‍മ്മിച്ചു കഴിഞ്ഞു. രണ്ട് ക്ഷേത്രങ്ങളില്‍ കുളത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണെന്ന് മന്ത്രി പറഞ്ഞു.
Discussion about this post