ഫിജി: വികസനവും പുരോഗതിയും പടിഞ്ഞാറിനെ ആധാരമാക്കി നിര്‍ണയിച്ചിരുന്ന കാലം കഴിഞ്ഞുപോയെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. ജയശങ്കര്‍. പുരോഗതിയെ പാശ്ചാത്യവല്‍ക്കരണവുമായി തുലനം ചെയ്തിരുന്ന കാലഘട്ടം ഇപ്പോള്‍ ഇപ്പോള്‍ ഏറെ പിന്നിലാണ്. കൊളോണിയല്‍ കാലഘട്ടത്തില്‍ അടിച്ചമര്‍ത്തപ്പെട്ട നിരവധി ഭാഷകളും പാരമ്പര്യങ്ങളും വീണ്ടും ആഗോള വേദിയില്‍ അതിന്‍റെ ഉറച്ച സ്വരം ഉയര്‍ത്തുകയാണ്, ഫിജിയിലെ ദെനാറാവു കണ്‍വെന്‍ഷന്‍ സെന്ററില്‍ 12-ാമത് ലോക ഹിന്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് ജയശങ്കര്‍ പറഞ്ഞു.
ആഗോളവല്‍ക്കരണം ഏകരൂപമല്ല. ലോകം മുഴുവന്‍ ഒന്നായിത്തീരലല്ല അത്. വാസ്തവത്തില്‍, ഈ ലോകത്തിന്‍റെ വൈവിധ്യം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ആ പദത്തോട് പൂര്‍ണ്ണമായി നീതി പുലര്‍ത്താന്‍ കഴിയൂ. അതാണ് ഒരു ജനാധിപത്യ ലോകക്രമത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 75 വര്‍ഷമായി കൂടുതല്‍ രാജ്യങ്ങള്‍ സ്വാതന്ത്ര്യം നേടിയത് അന്താരാഷ്ട്ര സംവിധാനത്തിന്‍റെ പുനഃസന്തുലനത്തിന് കാരണമായെന്ന് ജയശങ്കര്‍ പറഞ്ഞു. തുടക്കത്തില്‍ ഇത് സാമ്പത്തിക രൂപത്തിലായിരുന്നു, എന്നാല്‍ വൈകാതെ അത് ഒരു രാഷ്ട്രീയ മുഖവും വികസിപ്പിച്ചെടുത്തു. ആഗോള ക്രമത്തിലെ പ്രവണത ക്രമേണ ബഹുസ്വരത സൃഷ്ടിക്കുന്നു, അത് വേഗത്തില്‍ വികസിക്കണമെങ്കില്‍, സാംസ്‌കാരികമായ സന്തുലിതാവസ്ഥയും ഉണ്ടായിരിക്കണം. അതുകൊണ്ട് എല്ലാ സംസ്‌കാരങ്ങളെയും സമൂഹങ്ങളെയും കുറിച്ച് ലോകത്തെ അറിയിക്കണം, അതിനുള്ള ഒരു മാര്‍ഗം ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളുടെ അധ്യാപനവും ഉപയോഗവും വിശാലവും വിപുലമാക്കുക എന്നതാണ്, ജയശങ്കര്‍ പറഞ്ഞു.
Discussion about this post